05July2012

You are here: Home NRI നായിഫ് രാജകുമാരന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

നായിഫ് രാജകുമാരന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

ജിദ്ദ: ജനീവയില്‍ ശനിയാഴ്ച അന്തരിച്ച സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് രാജകുമാരന്റെ മൃതദേഹം വിശുദ്ധ മക്കയില്‍ ഖബറടക്കി. ജനീവയില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിലെത്തിച്ച മൃതദേഹം സൗദി പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ

നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി. മഗ്‌രിബ് നിസ്‌കാരത്തിനുശേഷം മസ്ജിദുല്‍ ഹറമില്‍ നടന്ന ജനാസ പ്രാര്‍ഥനയ്ക്ക് ശേഷം മൃതദേഹം അന്ത്യവിശ്രമ സ്ഥലത്തേക്ക് എടുത്തു. ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഭരണാധികാരി അബ്ദുള്ള രാജാവ് ഉച്ചയോടെ മക്കയില്‍ എത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കേന്ദ്ര നിയമ-നീതിന്യായ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ജനാസയില്‍ പങ്കെടുത്തു. പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി, കുവൈത്ത് അമീര്‍ സ്വബാഹ് അല്‍ അഹമദ് അല്‍ സ്വബാഹ്, അള്‍ജീരിയന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അബ്ദുല്‍ ഖാദിര്‍ ബിന്‍ സാലിഹ്, മൊറോക്കോ രാജാവിന്റെ സഹോദരന്‍ മൗലായ റഷീദ് എന്നിവരും മക്കയിലെ ജനാസയില്‍ പങ്കെടുത്തു. 

നായിഫ് രാജകുമാരന്റെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സോ ഓലന്ദ്, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, യു.എ.ഇ. പ്രസിഡന്‍റ് ഖലീഫ ബിന്‍ സായിദ് ആലു നഹ്യാന്‍, കുവൈത്ത് ഭരണാധികാരി സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍, ടുണീഷ്യന്‍ പ്രസിഡന്‍റ് മുന്‍സിഫ് മര്‍സൂഖി, തുര്‍ക്കി പ്രസിഡന്‍റ് അബ്ദുള്ള ഗുല്‍, ഈജിപ്ത് ഭരണാധികാരി മുശീര്‍ തന്താവി, ലബനന്‍ പ്രസിഡന്‍റ് മിശാല്‍ സുലൈമാന്‍, പ്രധാനമന്ത്രി നജീബ് മീഖതി, യെമന്‍ പ്രസിഡന്‍റ് അബ്ദു റബ് ഹാദി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി തുടങ്ങിയവര്‍ അനുശോചിച്ചു

ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ സൗദി കിരീടാവകാശിയുടെ വിയോഗത്തില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 

നായിഫ് രാജകുമാരന്റെ പേരില്‍ സൗദിയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച ഇഷാ നിസ്‌കാരത്തിനുശേഷം ജനാസ നിസ്‌കരിക്കാന്‍ അബ്ദുള്ള രാജാവ് ആഹ്വാനം ചെയ്തിരുന്നതനുസരിച്ച് രാജ്യമെങ്ങും പ്രത്യേക ചടങ്ങ് നടന്നു. മെയ് 26-നാണ് ചികിത്സയ്ക്കായി രാജകുമാരന്‍ സൗദിയില്‍ നിന്നും തിരിച്ചത്.

സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ വിയോഗത്തെ തുടര്‍ന്നു സൗദി കിരീടാവകാശിയായി 2011 ല്‍ ആണ് നായിഫിനെ അബ്ദുള്ള രാജാവ് നിയമിച്ചത്. 1975 മുതല്‍ ആഭ്യന്തര മന്ത്രി പദവിയും നായിഫിനായിരുന്നു.

പ്രതിരോധ മന്ത്രിയായ മുന്‍ റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അടുത്ത കിരീടാവകാശി പദവിയില്‍ എത്താനാണ് സാധ്യത. രാജകുടുംബത്തില്‍ സ്ഥാനലബ്ധി നിര്‍ണയിക്കാന്‍ അബ്ദുള്ള രാജാവ് അധികാരത്തിലെത്തിയ ശേഷം ഏര്‍പ്പെടുത്തിയ സ്ഥാനാരോഹക സമിതി (ആക്ഷന്‍ കൗണ്‍സില്‍ )യുടെ തീരുമാനമായിരിക്കും അന്തിമം. അതിന് രാജാവിന്റെ അംഗീകാരവും വേണം. 

നായിഫ് രാജകുമാരന്റെ മൃതദേഹം ജിദ്ദ വിമാനത്താവളത്തില്‍നിന്ന് മക്കയിലേക്ക് കൊണ്ടുപോകാനായി പുറത്തേക്ക് എടുക്കുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ ഇരിക്കുന്നവരില്‍ പ്രതിരോധ മന്ത്രി സല്‍മാന്‍ രാജകുമാരനെയും കാണാം

Newsletter