ബഹ്‌റൈനില്‍ സ്‌പോണ്‍സര്‍ റെസിഡന്റ്‌സ് പെര്‍മിറ്റ് റദ്ദാക്കുന്ന സംഭവം വ്യാപകം
- Last Updated on 16 June 2012
- Hits: 5
മനാമ: ബഹ്‌റൈനില്‍ തൊഴിലാളികള്‍ നാട്ടില്‍ അവധിക്കു പോകുമ്പോള്‍ തിരിച്ചുവരാനാകുമോ എന്ന ആശങ്കയിലാണ് യാത്ര. കാരണം അവധിക്കു പോകുന്ന തൊഴിലാളികളുടെ റെസിഡന്റ്‌സ് പെര്‍മിറ്റ് അവരറിയാതെ സ്‌പോണ്‍സര്‍മാര്‍ റദ്ദാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. നിലമ്പൂര്‍ സ്വദേശി ശെല്‍വരാജ് എന്ന വ്യക്തിയും ഇതിന് ഇരയായി. തന്റെ വിസ
റദ്ദാക്കപ്പെട്ടതിനാല്‍ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തിന് തിരിച്ചുപോകേണ്ടിവന്നു.
ജുഫയറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍പോയശേഷം ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് വിസ റദ്ദാക്കപ്പെട്ട വിവരമറിയുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ശെല്‍വരാജ് ബഹ്‌റൈനില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇമിഗ്രേഷന്‍ അധികൃതരുടെ അടുത്തെത്തിയപ്പോഴാണ് വിവരം ശെല്‍വരാജ് അറിയുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഭക്ഷണം പോലും കഴിക്കാനാകാതെ വിമാനത്താവളത്തില്‍ തങ്ങേണ്ടിവന്നു. തുടര്‍ന്ന് ഇയാളുടെ ബഹ്‌റൈനിലുള്ള ബന്ധു വിജയന്‍ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് താനും സുഹൃത്തുക്കളും ചേര്‍ന്ന് പിരിവെടുത്ത് നാട്ടിലേക്കുള്ള ടിക്കറ്റ് വാങ്ങി ബഹ്‌റൈന്‍ എയറില്‍ നാട്ടിലേക്കയക്കുകയായിരുന്നുവെന്ന് വിജയന്‍ പറഞ്ഞു. കോഴിക്കോട്ടേക്ക് ടിക്കറ്റു ലഭിക്കാതിരുന്നതിനാല്‍ തിരുവനന്തപുരത്തേക്കാണ് യാത്ര ചെയ്തത്. അതേസമയം ഒരു വര്‍ഷം കൂടി റെസിഡന്റ്‌സ് പെര്‍മിറ്റിനു കാലാവധിയുണ്ടായിരുന്ന ശെല്‍വരാജിന്റെ വിസ റദ്ദാക്കപ്പെട്ടതെന്തെന്ന് വ്യക്തമല്ല. സ്‌പോണ്‍സറുടെ സമ്മതത്തോടെയാണ് നാട്ടില്‍ പോയതും. ഒരു വര്‍ഷം മുമ്പുമാത്രം ഒന്നരലക്ഷം രൂപ നല്‍കി വാങ്ങിയ വിസയാണ്. ഇനി, നഷ്ടപ്പെട്ട തുക ഈ നിര്‍ധനകുടുംബാംഗം എങ്ങിനെ സ്വരൂപിക്കുമെന്ന് സുഹൃത്തുക്കളും ചോദിക്കുന്നു.
ഈയിടെ ഒരു ക്ലീനിങ് കമ്പനിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഷീദിന് വിസ റദ്ദാക്കപ്പെട്ടതിനാല്‍ ബഹ്‌റൈനില്‍ പുറത്തിറങ്ങാനായിരുന്നില്ല. ഇയാള്‍ മൂന്നു മാസത്തെ അവധിക്ക് നാട്ടില്‍ പോയതാണ്. ഇത് സ്‌പോണ്‍സറുടെ സമ്മതത്തോടെയാണെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇയാളുടെ വിസ റദ്ദാക്കപ്പെട്ടതായാണ് കണ്ടത്.
നാട്ടില്‍നിന്നെത്തി വിമാനത്താവളത്തിലെത്തി തിരിച്ചുപോകേണ്ടിവരുന്ന സംഭവങ്ങള്‍ ബഹ്‌റൈനില്‍ സ്ഥിരമാണ്. എന്നാല്‍ ചില സംഭവങ്ങള്‍ തൊഴിലാളി അറിയാതെ സ്‌പോണ്‍സര്‍ വിസ റദ്ദാക്കുമ്പോള്‍ സംഭവിക്കുന്നതാണ്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളി അവധിയിലാകുമ്പോള്‍ ആ തൊഴിലാളിയറിയാതെ വിസ റദ്ദാക്കാനുള്ള അവകാശം തൊഴിലുടമക്കില്ലെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എല്‍.എം.ആര്‍.ഏ.) അധികൃതര്‍ പലതവണ അറിയിച്ചിട്ടുണ്ട്. ഇത് നിയമലംഘനമാണ്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.
അതേസമയം ഇത്തരത്തില്‍ വിമാനത്താവളത്തില്‍നിന്നുതന്നെ തിരിച്ചു പോകേണ്ടിവരുന്ന വിദേശികളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അധികൃതര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് തൊഴില്‍മന്ത്രാലയത്തില്‍ പരാതിപ്പെടുകയോ കോടതി വഴി നിയമനടപടികള്‍ സ്വീകരിക്കുകയോ ആകാം. അതേസമയം തൊഴിലുടമ അനുവദിച്ചിരിക്കുന്ന അവധിയിലാണ് വിസ റദ്ദു ചെയ്യുന്നതെങ്കില്‍ മാത്രമാണ് പരാതിപ്പെടാന്‍ അവകാശമെന്നും പറയുന്നു.