തൊഴില്‍ വൈദഗ്ധ്യമുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഒബാമ
- Last Updated on 17 June 2012
- Hits: 7
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരിലെ തൊഴില്‍ വൈദഗ്ധ്യമുള്ള യുവാക്കള്‍ക്ക് അമേരിക്കയില്‍ തുടര്‍ന്നും താമസിച്ചുകൊണ്ട് ജോലിചെയ്യാന്‍ അനുമതി നല്‍കുമെന്ന് പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. കുട്ടിക്കാലത്തേ അമേരിക്കയിലെത്തിയവരും ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാത്തവരുമായവര്‍ക്കാണ് ഈ പ്രത്യേക പരിഗണന നല്‍കുക.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശ്രദ്ധേയമായ നയംമാറ്റം ഒബാമ പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിനേയും യു.എസ് കോണ്‍ഗ്രസ്സിനെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശജരുടെ നേതാക്കളുടെ പിന്തുണ ഈ പ്രഖ്യാപനത്തിനു ലഭിക്കും. എന്നാല്‍ പൊതുമാപ്പ് നല്‍കാനുള്ള ശ്രമമെന്നു പറഞ്ഞ് പ്രതിപക്ഷ റിപ്പബ്ലിക്കന്‍മാര്‍ ഈ നീക്കത്തെ വിമര്‍ശിക്കുന്നുണ്ട്.
ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനം മൂലം യുവാക്കള്‍ക്കിടയിലുണ്ടായ നാടുകടത്തല്‍ ഭീതി ഒഴിവാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഒബാമ പറഞ്ഞു. അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ സുരക്ഷാഭീഷണി സൃഷ്ടിക്കാത്ത യുവാക്കള്‍ക്ക് താത്കാലികമായി നാടുകടത്തലില്‍ നിന്ന് രക്ഷനേടാന്‍ തൊഴില്‍ അംഗീകാരത്തിനായി അപേക്ഷിക്കാനാകും. ഇതോടെ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ സുതാര്യവും ഫലപ്രദവുമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് പൊതുമാപ്പോ പൗരത്വം നല്‍കാനുള്ള നടപടിയോ അല്ല. നമ്മുടെ സ്‌കൂളുകളില്‍ പഠിച്ച് നമ്മുടെ പരിസരത്ത് കളിച്ചു വളര്‍ന്നവരും നമ്മുടെ കുട്ടികളുടെ സുഹൃത്തുക്കളുമായവരാണ് അവര്‍. യു.എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കുള്ള താത്കാലിക നടപടിയാണിതെന്ന് ഒബാമ വ്യക്തമാക്കി.