ഡേഞ്ചറസ് ഇഷ്‌ക്: കരിഷ്മയുടെ തിരിച്ചുവരവ്
- Last Updated on 11 May 2012
- Hits: 1
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി കരിഷ്മ കപുര്‍ ബിഗ് സ്‌ക്രീനില്‍ മടങ്ങിയെത്തുന്ന ചിത്രം 'ഡെയ്ഞ്ചറസ് ഇഷ്‌ക്' (അപകടകരമായ പ്രണയം) മെയ് 11ന് റിലീസ് ചെയ്യും. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ഈ 3 ഡി ചിത്രത്തില്‍ രജനീഷ് ദുഗ്ഗലാണ് നായകന്‍. ജിമ്മി ഷെര്‍ഗില്‍, ദിവ്യദത്ത, റസ്‌ലാല്‍ മുംതാസ്, ആര്യ ബബ്ബര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
സഞ്ജന എന്ന സൂപ്പര്‍ മോഡലിനെയാണ് കരിഷ്മ അവതരിപ്പിക്കുന്നത്. 2006-ല്‍ പുറത്തുവന്ന സുനീല്‍ ദര്‍ശന്റെ 'മേരേ ജീവന്‍ സാത്തി'യാണ് കരിഷ്മ മുഖ്യവേഷം ചെയ്ത ഒടുവിലത്തെ ചിത്രം. 2007-ല്‍ 'ഓം ശാന്തി ഓം' എന്ന ചിത്രത്തില്‍ അതിഥിതാരമായും വന്നു.
''ഈ ഇടവേള ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുന്നത് എനിക്ക് പ്രധാനമായിരുന്നു. അതിനാണ് ഇപ്പോഴും എന്റെ പ്രഥമ പരിഗണന'' - അവര്‍ പറയുന്നു.
സിനിമാ താരങ്ങളുടെ കുടുംബത്തില്‍ നിന്ന് അഭിനയരംഗത്തേക്കുവന്ന ഈ 37കാരി 2003-ല്‍ വിവാഹിതയായതിനെത്തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത്. 2003-ല്‍ റിലീസ് ചെയ്ത ബാസ്: എബേഡ് ഇന്‍ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തില്‍ വേഷമിട്ടശേഷം 2006 ലാണ് വീണ്ടും സിനിമയിലേക്ക് വന്നത്. എന്നാല്‍ ടെലിവിഷന്‍ പരിപാടികളില്‍ ഇവര്‍ സക്രിയമായിരുന്നു. 'കരിഷ്മ: എ മിറക്കിള്‍ ഓഫ് ഡെസ്റ്റിനി' എന്ന പരമ്പരയാണ് പ്രധാനം. നാച്ച് ബാലിയേ 4, ഹാന്‍സ് ബാലിയേ എന്നീ ഡാന്‍സ് ഷോകളില്‍ വിധികര്‍ത്താവുമായി.
2011-ല്‍ പുറത്തുവന്ന സഹോദരി കരീന കപുറിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ ഛായ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് കരിഷ്മയായിരുന്നു.
2003 സപ്തംബര്‍ 29ന് വ്യവസായിയായ സഞ്ജയ് കപുറിനെ വിവാഹം കഴിച്ചു. അസ്വാരസ്യങ്ങള്‍ നിറഞ്ഞതാണ് ഈ ദാമ്പത്യം. ഏഴു വയസ്സുകാരി സമൈരയും രണ്ടു വയസ്സുകാരന്‍ കിയാനുമാണ് മക്കള്‍.നടന്‍ രാജ് കപുറിന്റെ മകനും നടനുമായ രണ്‍ധീര്‍ കപുറിന്റെയും നടി ബബിതയുടെയും മകളായ കരിഷ്മ 1991-ല്‍ പ്രേംഖൈദി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുവന്നത്. 'ദില്‍ തോ പാഗല്‍ ഹേ'യിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രാജ്ബാബു, കൂലി നമ്പര്‍ 1, ജിത്, ബീവി നമ്പര്‍ 1, ജാന്‍വാര്‍, ഹം സാത്ത് സാത്ത് ഹേ, ഫിസ, സുബൈദ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒന്നാംനിര നായികയായി ഉയര്‍ന്ന അവര്‍ 60 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഫിലിംഫെയര്‍ അവാര്‍ഡടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
സൂപ്പര്‍ താരങ്ങളുടെ സിനിമയിലാവും കരിഷ്മയുടെ തിരിച്ചുവരവെന്നാണ് ബോളിവുഡ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ യുവതാരങ്ങളോടൊപ്പമാണ് 'ഡെയ്ഞ്ചറസ് ഇഷ്‌കി'ല്‍ ഇവര്‍ എത്തുന്നത്. പ്രത്യേക ഇമേജ് ഇല്ലാത്തവരാകണം എന്ന് ഉദ്ദേശിച്ചാണ് യുവതാരങ്ങളെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് കരിഷ്മ പറയുന്നു. പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയുമെല്ലാം പ്രേരണമൂലമാണ് സിനിമയിലേക്കുള്ള തിരിച്ചുവരവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള അഞ്ച് നൂറ്റാണ്ടുകള്‍ നീളുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. കരിഷ്മ ഇതില്‍ അഞ്ചു തലമുറകളിലായുള്ള അഞ്ചു വേഷങ്ങളില്‍ വരുന്നു. കരിഷ്മ അവതരിപ്പിക്കുന്ന സഞ്ജനയുടെ കാമുകന്‍ റോഷനെ ചിലര്‍ തട്ടിക്കൊണ്ടു പോകുന്നതോടെയാണ് കഥ വികസിക്കുന്നത്. 50 കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെടുന്നത്. പ്രത്യേക മാനസികാവസ്ഥയിലാകുന്ന സഞ്ജനയുടെ മുന്നില്‍ തന്റെ പൂര്‍വജന്മങ്ങള്‍ അനാവൃതമാകുന്നു. തലമുറകളായി തന്നെ വേട്ടയാടുന്ന ശത്രുവിനെ അവര്‍ കണ്ടെത്തുന്നു. റോഷനെ മോചിപ്പിക്കാനുള്ള സഞ്ജനയുടെ പോരാട്ടമാണ് പിന്നീട്.രാജസ്ഥാനിലായിരുന്നു സിനിമയുടെ ചിത്രീകരണം.