എയര്‍ഇന്ത്യാ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് സി.ബി.ഐ. പരിശോധിക്കുന്നു
- Last Updated on 13 February 2012
മന്ത്രി പ്രഫുല്‍ പട്ടേലിന് കൈക്കൂലി നല്‍കി എന്ന് കാനഡ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി പ്രഫുല്‍ പട്ടേല്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
എയര്‍ ഇന്ത്യയ്ക്ക് സുരക്ഷാപരിശോധനയ്ക്കുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള 100 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ കരാര്‍ കാനഡ കമ്പനിയായ ക്രിപ്‌റ്റോ മെട്രിക്‌സിന് ലഭിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ വംശജനും കാനഡയില്‍ ബിസിനസ്സുകാരനുമായ നസീര്‍ കരിഗര്‍ മന്ത്രി പ്രഫുല്‍ പട്ടേലിന് രണ്ടര ലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് കാനഡ പത്രങ്ങളില്‍ വന്ന വാര്‍ത്ത. ഈ കരാര്‍ നടപ്പില്‍ വന്നിരുന്നില്ല.
അക്കാലത്ത് എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം മേധാവിയായിരുന്ന മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ ഹസ്സന്‍ ഗഫൂറുമായുള്ള ബന്ധവും കരിഗര്‍ ഉപയോഗപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.വ്യാജ വാഗ്ദാനം നല്‍കി പണം വസൂലാക്കിയ കരിഗര്‍ക്കെതിരെ കാനഡ കമ്പനി നിയമനടപടി തുടങ്ങുകയുമുണ്ടായി. വിദേശ അധികൃതര്‍ക്ക് കൈക്കൂലി നല്‍കുന്നതിനെതിരെയുള്ള നിയമപ്രകാരംകരിഗര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാനഡ പോലീസ് ഒരുങ്ങുകയാണ്.
ആരോപണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കാനഡ അധികൃതര്‍ സി.ബി.ഐ.ക്ക് പ്രാഥമിക വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നില്ലെന്നാണ് വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞതെങ്കിലും കരാര്‍ നേടാന്‍ കാനഡ കമ്പനി നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സി.ബി.ഐ. പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യയ്ക്കുള്ളില്‍നിന്നും വ്യോമയാന മന്ത്രാലയത്തില്‍നിന്നും ആഭ്യന്തരമായി ഉണ്ടായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് കരാര്‍ നടപ്പാകാതെ പോയതെന്നാണ് വിവരം. ഇപ്പോള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമോ എന്ന് സി.ബി.ഐ. തീരുമാനം എടുക്കൂ.