കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് വിദേശ ചരക്കുകപ്പലില്‍നിന്ന് വെടി; രണ്ട് പേര്‍ മരിച്ചു
- Last Updated on 16 February 2012
- Hits: 1
കൊല്ലം: നീണ്ടകരയ്ക്ക് പതിന്നാല് നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലില്‍നിന്നുള്ള വെടിയേറ്റ് കൊല്ലത്തുനിന്ന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചലിനടുത്തുള്ള എരമത്തുറ സ്വദേശിയായ പിങ്കു എന്നിവരാണ്
മരിച്ചത്. ഉള്‍ക്കടലില്‍ ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമാണ്.
പൂത്തുറ സ്വദേശി ഫ്രെഡിയുടെ സെന്‍റ് ആന്‍റണീസ് ബോട്ടില്‍ നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് മരിച്ചവര്‍ രണ്ടുപേരും. പതിനൊന്നു പേര്‍ ബോട്ടിലുണ്ടായിരുന്നു. ചിലര്‍ക്ക് പരിക്കേറ്റതായും പറയപ്പെടുന്നു.
കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് വിദേശ ചരക്കുകപ്പലില്‍നിന്ന് വെടിയുതിര്‍ത്തതാണെന്ന് കരുതുന്നു. എന്‍റിക്കാലക്‌സി എന്ന ഇറ്റാലിയന്‍ ചരക്കു കപ്പലാണിതെന്ന് നേവി വൃത്തങ്ങള്‍ അറിയിച്ചു. സി.ജി.എസ്.സമര്‍, സി.ജി.എസ്.ലക്ഷ്മിഭായി എന്നീ ബോട്ടുകളും ഹെലികോപ്ടറും ഉപയോഗിച്ച് തീരസേന നടത്തിയ തിരച്ചിലില്‍ വെടിയുതിര്‍ത്ത കപ്പല്‍ കണ്ടെത്തിയിട്ടുണ്ട്. മുകള്‍ഭാഗത്ത് കറുപ്പും അടിഭാഗത്ത് ചുവപ്പും നിറമുള്ള കപ്പലില്‍നിന്നാണ് വെടിവച്ചതെന്ന് ബോട്ടിലുള്ള മത്സ്യത്തൊഴിലാളികളും പറയുന്നുണ്ട്.
ബുധനാഴ്ച വൈകിട്ട് 4.30നാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മിക്കവരും ആ സമയം ഉറക്കത്തിലായിരുന്നു. ശബ്ദംകേട്ട് ഉണര്‍ന്നവര്‍ കണ്ടത് കൂടെയുള്ളവരില്‍ രണ്ടുപേര്‍ രക്തത്തില്‍ കുളിച്ച് മരിച്ചു കിടക്കുന്നതായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി നീണ്ടകരയില്‍നിന്ന് പോയത്. ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ ഇവര്‍ മടങ്ങി വരാറുള്ളൂ. എന്നാല്‍ വെടിവെപ്പും മരണവുമുണ്ടായതിനാല്‍ അവര്‍ ഉടന്‍തന്നെ നീണ്ടകരയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി 10.30 ഓടെ ഇവര്‍ നീണ്ടകരയിലെത്തി.
വെടിയേറ്റ രണ്ടുപേര്‍ കടലില്‍ മരിച്ചതറിഞ്ഞ് നീണ്ടകരയിലും പരിസരത്തും മത്സ്യത്തൊഴിലാളികളും നാട്ടുകാരും തടിച്ചുകൂടി.