രാഷ്ട്രപതിതിരഞ്ഞെടുപ്പ്: പ്രണബിന് പിന്തുണയേറുന്നു
- Last Updated on 17 June 2012
- Hits: 1
ന്യൂഡല്‍ഹി: രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ പ്രണബ്മുഖര്‍ജിക്ക് അനുകൂലമായി സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം ഊര്‍ജിതപ്പെടുത്തി.
തൃണമൂല്‍കോണ്‍ഗ്രസ് ഒഴികെ യു.പി.എ.യിലെ മുഴുവന്‍ സഖ്യകക്ഷികളുടെയും പിന്തുണ പ്രണബിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സഖ്യമായ എന്‍.ഡി.എ.യുടെ സഹായവും ഉറപ്പാക്കാനാണ് ശ്രമം നടക്കുന്നത്. രാഷ്ട്രപതിസ്ഥാനാര്‍ഥിയാരാവണമെന്ന കാര്യത്തില്‍ എന്‍.ഡി.എ.യ്ക്കകത്ത് ഭിന്നാഭിപ്രായം തുടരുന്ന സാഹചര്യത്തില്‍ പ്രണബിനെ അനുകൂലിക്കാനാണ് സാധ്യതയെന്ന് അറിയുന്നു. തങ്ങളുടെ പിന്തുണ പ്രണബിനായിരിക്കുമെന്ന് എന്‍.ഡി.എ. സഖ്യകക്ഷിയായ ജനതാദള്‍(യു) വ്യക്തമായ സൂചന നല്‍കി. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേര് വലിച്ചിഴച്ചതിനെ ശിരോമണി അകാലിദള്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. മതിയായ വോട്ടുമൂല്യമില്ലാത്തതിനാല്‍ വെറുതെ സ്ഥാനാര്‍ഥിയെ നിര്‍ത്തി തോല്‍വി ഏറ്റുവാങ്ങേണ്ടെന്ന നിലപാടാണ് എന്‍.ഡി.എ.യിലെ മിക്ക കക്ഷികള്‍ക്കുമുള്ളത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക എന്‍.ഡി.എ. യോഗം ഞായറാഴ്ച ഡല്‍ഹിയില്‍ ചേരും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമതീരുമാനം ഈ യോഗത്തിലുണ്ടാകും. നിര്‍ണായകയോഗത്തിന് മുന്നോടിയായി ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ഗഡ്കരിയുടെ വീട്ടില്‍ എന്‍.ഡി.എ. ഉന്നതതലയോഗം ചേര്‍ന്നു. യു.പി.എ. സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി പ്രണബിനെ പിന്തുണയ്ക്കാനില്ലെന്ന തന്റെ നിലപാടില്‍ ഇനിയും മാറ്റം വരുത്തിയിട്ടില്ല. ഇന്റര്‍നെറ്റ് സൗഹൃദക്കൂട്ടായ്മയായ ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട് തുറന്ന അവര്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് അനുകൂലമായി പ്രചാരണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍, അന്തിമഘട്ടത്തില്‍ മമത പ്രണബിനെ തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള എന്‍.ഡി.എ. നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് പ്രണബിന് പിന്തുണ തേടിയിരുന്നു. ശനിയാഴ്ച അദ്ദേഹവും പ്രണബും ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറിനെ വിളിച്ച് പിന്തുണ അഭ്യര്‍ഥിച്ചു.
തലമുതിര്‍ന്ന രാഷ്ട്രീയ നേതാവായ പ്രണബ് മുഖര്‍ജിക്ക് ആദരണീയമായ അംഗീകാരം നല്‍കണമെന്ന് ജെ.ഡി(യു) നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. പ്രണബിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സമവായമുണ്ടാക്കണമെന്നും മത്സരം ഒഴിവാക്കണമെന്നുമാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളുടെയും അഭിപ്രായമെന്നും തിവാരി സൂചന നല്‍കി.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ജെ.ഡി.(യു) പ്രസിഡന്റ് ശരത് യാദവ് ശിരോമണി അകാലിദള്‍ നേതാക്കളുമായി ശനിയാഴ്ച ചര്‍ച്ച നടത്തി. എന്‍.ഡി.എ. കൂട്ടായ തീരുമാനമെടുക്കുമെന്ന് ശരത് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കലാമിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്ന് ശിരോമണി അകാലിദള്‍ നേതാവ് നരേശ് ഗുജ്‌റാള്‍ പറഞ്ഞു. വീണ്ടും വീണ്ടും കലാമിന്റെ പേര് വലിച്ചിഴയ്ക്കുന്നത് അദ്ദേഹത്തെ നിസ്സാരവത്കരിക്കുന്നതിന് തുല്യമാണ്. രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ യു.പി.എ. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യു.പി.എ. യ്ക് പുറത്തുള്ള മുലായംസിങ് യാദവിന്റെ എസ്.പി., മായാവതിയുടെ ബി.എസ്.പി., ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ എന്നീ കക്ഷികളുടെ പിന്തുണ പ്രണബിന് ഉറപ്പാക്കാനായത് കോണ്‍ഗ്രസ്സിന് ആശ്വാസമായി. ഇനി കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
അതിനിടെ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സുമായി രഹസ്യകരാറുണ്ടാക്കിയെന്ന ആരോപണം മുലായം നിഷേധിച്ചു. പ്രണബിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടെന്ന് കരുതിയാണ് മമതാ ബാനര്‍ജിക്കൊപ്പം മൂന്നു പേരെ നിര്‍ദേശിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
രാംജേഠ് മലാനി രംഗത്ത്
രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിക്കെതിരെ ബി.ജെ.പി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ രാജേഠ്മലാനി രംഗത്ത്. പ്രണബിനെതിരെ താന്‍ മത്സരിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം
പറഞ്ഞു.
'ഞാന്‍ ജയിക്കില്ലായിരിക്കാം, പക്ഷേ, മത്സരിക്കും. പ്രണബ് എന്റെ സുഹൃത്താണ്. പക്ഷേ, രാജ്യത്തെ കള്ളപ്പണക്കാരുടെ പേരുവിവരം അദ്ദേഹം പുറത്തുവിട്ടിട്ടില്ല'-ബി.ജെ.പിയുടെ രാജ്യസഭാംഗമായ രാംജേഠ്മലാനി പറഞ്ഞു.
വഴങ്ങാതെ സങ്മ
രാഷ്ട്രപതിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് എന്‍.സി.പി. മുന്നറിയിപ്പു നല്‍കിയെങ്കിലും വഴങ്ങില്ലെന്ന് പി.എ.സങ്മ.
നടപടി വന്നോട്ടെ, പ്രശ്‌നമില്ലെന്ന നിലപാടിലാണ് അദ്ദേഹം. എ.ഐ.എ.ഡി. എം.കെ നേതാവ്
ജയലളിതയും ബിജുജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കും സങ്മയെ പിന്തുണയ്ക്കുന്നുണ്ട്.