21June2012

രജീഷിനെ തെളിവെടുപ്പിനായി മുംബൈയിലെത്തിച്ചു

മുംബൈ: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ടി.കെ.രജീഷിനെ പോലീസ് തെളിവെടുപ്പിനായി മുംബൈയിലെത്തിച്ചു. രജീഷ് ഒളിവില്‍ താമസിച്ച സ്ഥലങ്ങൡലെല്ലാം ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. ഷോളാപ്പൂര്‍ ജില്ലയിലെ സാഗോളയിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക. അക്കലൂജിലേയ്ക്കും

രജീഷിനെ പോലീസ് കൊണ്ടുപോകും.

കൊലപാതകത്തിനുശേഷം മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍ മേഖലയിലെ രത്‌നഗിരിയില്‍ നിന്ന് ജൂണ്‍ ഏഴിനാണ് തലശ്ശേരി ഡിവൈ.എസ്.പി. എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രജീഷിനെ മുംബൈയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച നാലു പേരും പിടിയിലായിരുന്നു.

മെയ് നാലിന് രാത്രി വടകരയ്ക്കടുത്ത് വള്ളിക്കാട്ട് വെച്ച് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തെ നയിച്ചത് ടി.കെ. രജീഷാണെന്നാണ് പോലീസ് പറയുന്നത്. കൊലയാളിസംഘം സഞ്ചരിച്ച ഇന്നോവാ കാറിന്റെ മുന്‍ സീറ്റിലിരുന്നാണ് രജീഷ് കൃത്യത്തിന് നേതൃത്വം നല്കിയത്. മുമ്പ് എട്ടുതവണ ടി.പി.യെ വധിക്കാന്‍ നടന്ന ശ്രമം പാളിയതിനെത്തുടര്‍ന്നാണ് മുംബൈയില്‍ നിന്ന് ടി.കെ. രജീഷിനെ കൃത്യത്തിന് നേതൃത്വം വഹിക്കാനായി കൊണ്ടുവന്നത്. 

സംഭവം നടന്ന് പിറ്റേദിവസം രജീഷ് കൂത്തുപറമ്പിലെ നക്ഷത്ര ഹോട്ടലില്‍ തങ്ങിയ ശേഷം മൈസൂരിലേക്കാണ് ആദ്യം കടന്നത്. അവിടെ ഒരു ദിവസം തങ്ങി കൊലയാളി സംഘാംഗമായ സിജിത്തിനെ കാത്തുനിന്ന ശേഷമാണ് മുംബൈയിലേക്ക് കടന്നത്. സിജിത്ത് മൈസൂരിലെത്തുമ്പോഴേക്കും രജീഷ് ബാംഗ്ലൂര്‍, ബെല്‍ഗാം, നാസിക് വഴിയാണ് മുംബൈയിലേക്ക് കടന്നത്. ന്യൂ മുംബൈ വാഷിയില്‍ എ.പി.എം.സി. മാര്‍ക്കറ്റിലെ ഒരു പച്ചക്കറി വ്യാപാരിയുടെ വാടകമുറിയിലാണ് രജീഷ് താമസിച്ചിരുന്നത്.

രജീഷിനെ മുംബൈയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേരെ പ്രത്യേകാന്വേഷണ സംഘം മുംബൈയിലെത്തി പിടികൂടുകയായിരുന്നു. പാനൂര്‍ സ്വദേശിയും പത്തനംതിട്ടയിലെ താമസക്കാരനുമായ ചൊനാരി വത്സന്‍ (45), കൂത്തുപറമ്പ് കോട്ടയംപൊയിലിലെ ഉറവക്കുന്നില്‍ ലാലു (32), കൂത്തുപറമ്പ് പാട്യം കാര്യട്ടുപുറം കൊട്ടിയോടന്‍ അനില്‍ (38) എന്നിവരെയാണ് മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്തത്.

ഇവര്‍ മൂന്നുപേരും മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് പല ഭാഗങ്ങളിലും ടി.കെ.യ്ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യമൊരുക്കിയവരാണ്. 

ടി.പി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് ഇവര്‍ക്ക് മുമ്പ് അറിയില്ലായിരുന്നെങ്കിലും ടി.പി. വധത്തിലെ പങ്കാളിയാണ് ടി.കെ.എന്ന് തിരിച്ചറിഞ്ഞുതന്നെയാണ് ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്കിയത്. മൂന്നുപേരും മുംബൈയിലും പരിസരങ്ങളിലുമായി ജോലി ചെയ്യുന്നവരാണ്. 

യാത്രാസൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തത് ടിക്കറ്റ്ഏജന്റ് കൂടിയായ വത്സനാണ്. പാനൂര്‍ സ്വദേശിയായ ഇയാളെ പത്തനംതിട്ടയില്‍ വെച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്.

സി.പി.എമ്മിനുവേണ്ടി 1999 മുതല്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന ആരോപണം രജീഷിനെതിരെയുണ്ട്. ബി.ജെ.പി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്മുറിയില്‍ വെട്ടിക്കൊന്ന സംഭവം ഇതിലുള്‍പ്പെടുന്നു. എന്നാല്‍, ഇന്നുവരെ ഒരു കേസിലും രജീഷ് പിടിക്കപ്പെട്ടിട്ടില്ല.

Newsletter