സര്‍ക്കാര്‍ തേക്കിന്‍കൂപ്പ് 40 കോടി രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം
- Last Updated on 11 May 2012
- Hits: 5
മുണ്ടക്കയം:സര്‍ക്കാരിന്റെ മുണ്ടക്കയം പഞ്ചായത്തിലെ പശ്ചിമയിലുള്ള തേക്കിന്‍ കൂപ്പ് 40 കോടിരൂപ വിലപറഞ്ഞ് വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു.
സ്വകാര്യ വ്യക്തിയുടെ സ്ഥലമാണെന്ന് തെറ്റിധരിപ്പിച്ചാണ് വില്പനശ്രമം.
തേക്കിന് നമ്പരിടുന്നതിനിടയിലാണ് ഇവരെ അറസ്റ്റുചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനും തൊഴിലാളികളുമാണ് അറസ്റ്റിലായത്.ഏഴംഗ സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരന്‍ കൊണ്ടോട്ടി ആലക്കോട് സെയ്തലവി(42), വട്ടക്കണ്ടത്തില്‍ ചന്ദ്രന്‍(39), മഞ്ചേരി ചോലാടിപ്പാറ കണ്ണന്‍കുട്ടി(31), തിരൂരങ്ങാടി കുറുമത് വീട്ടില്‍ ബഷീര്‍ മുഹമ്മദ്(29), കൊടല കുഴിമാട് വീട്ടില്‍ എ.പി.മുഹമ്മദ്(45), പാലക്കാട് ഇളന്തൂര്‍ കാവുംപുറത്ത് മുഹമ്മദ് മുസ്തഫ(35), കാര്‍ഡ്രൈവര്‍ കോട്ടയം മാങ്ങാനം കൊച്ചുചേരിക്കല്‍ സി.എം.ജയപ്രകാശ്(60) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് എരുമേലി റേഞ്ചില്‍പ്പെട്ട പുഞ്ചവയല്‍ പശ്ചിമയിലെ സര്‍ക്കാര്‍ തേക്കിന്‍ കൂപ്പാണ് വില്‍ക്കാന്‍ ശ്രമിച്ചത്. തേക്കുമരത്തിന്റെ എണ്ണം തിട്ടപ്പെടുത്താനാണ് സംഘം സ്ഥലത്തെത്തിയത്.
ബ്രോക്കറായ സെയ്തലവി, പ്രീതി മാത്യു എന്ന ഇടനിലക്കാരി മുഖേന ആദ്യം സ്ഥലം സന്ദര്‍ശിച്ചിരുന്നു. 90 ഏക്കര്‍ പാരിധിയില്‍ 5000 തേക്കുമരങ്ങള്‍ ഉണ്ടെന്നും 40 കോടി രൂപ സ്ഥലത്തിന് വിലവരുമെന്നും പ്രീതി സെയ്തലവിയെ അറിയിച്ചു. പ്രീതിയും ബന്ധുവായ ജോസഫും ചേര്‍ന്നാണ് സെയ്തലവിയെ പശ്ചിമയില്‍ എത്തിച്ചത്.
സ്ഥലം ഇഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തേക്കുമരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാണ് സംഘം എത്തിയത്. തീവണ്ടിമാര്‍ഗ്ഗം കോട്ടയത്തുവന്ന ആറുതൊഴിലാളികള്‍ അവിടെ നിന്ന് ടാക്‌സിയില്‍ പശ്ചിമയില്‍ എത്തി.മരങ്ങളില്‍ അച്ചടിച്ച് കൊണ്ടുവന്ന നമ്പരുകള്‍ ഉറപ്പിക്കുമ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ ഇവരെ അറസ്റ്റുചെയ്തു. വനപാലകര്‍ എത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ഏഴംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ജോസഫ് തന്ത്രപൂര്‍വ്വം കടന്നു. വനപാലകര്‍ സെയ്തലവിയുടെഫോണില്‍ നിന്ന് പ്രീതി മാത്യുവിനെ ബന്ധപ്പെട്ടപ്പോള്‍ പൊന്‍കുന്നത്ത് എത്താനായിരുന്നു നിര്‍ദ്ദേശം. ഇതുപ്രകാരം വനപാലകരും സംഘവും പൊന്‍കുന്നത്ത് എത്തിയെങ്കിലും പ്രീതിമാത്യുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
പ്രീതിമാത്യു, ജോസഫ് എന്നിവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ സെയ്തലവിക്ക് അറിയില്ല. ഡെപ്യൂട്ടി റെയിഞ്ചര്‍ ടി.എം.ഷാജി, ഫോറസ്റ്റര്‍ മുഹമ്മദ് ഷാഫി, ഇക്ബാല്‍, ഗാര്‍ഡുമാരായ ശശിധരന്‍, രാജേഷ്, ബിജു എന്നിവരാണ് സംഘത്തെ അറസ്റ്റുചെയ്തത്.