14June2012

1800 കോടിക്ക് 75 പരിശീലന വിമാനം വാങ്ങുന്നു

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് 1800 കോടി രൂപയ്ക്ക് 75 പരിശീലന വിമാനം വാങ്ങാന്‍ വ്യാഴാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചു.

തുടക്കക്കാരായ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയാണ് പിലാത്തുസ് വിമാനങ്ങള്‍ വായുസേനയ്ക്കു വേണ്ടി വാങ്ങുന്നത്. പിലാത്തുസ്

വിമാനങ്ങള്‍ വാങ്ങുമ്പോള്‍ നിലവിലുള്ള എച്ച്.പി.ടി-32 വിമാനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും. 

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനമായി നിലനിര്‍ത്താനുള്ള പാര്‍ലമെന്‍റ് സ്ഥിരം സമിതിയുടെ നിര്‍ദേശം പരിഗണിക്കുന്നത് മന്ത്രിസഭാ യോഗം നീട്ടി. നിലവില്‍ 26 ശതമാനം വിദേശ നിക്ഷേപം ഇന്‍ഷുറന്‍സ് മേഖലയിലുണ്ട്. രാജ്യസഭയില്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലില്‍ വിദേശ നിക്ഷേപം 49 ശതമാനമായി കൂട്ടണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബില്‍ പരിഗണിച്ച പാര്‍ലമെന്‍റ് സമിതി, നിക്ഷേപ പരിധി 26 ശതമാനത്തിലധികമാക്കരുതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 49 ശതമാനമായി ഉയര്‍ത്തണമെന്ന് വിദേശ ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും ആവശ്യപ്പെട്ടു വരികയായിരുന്നു.

വ്യക്തമായ പഠനമില്ലാതെയാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപത്തിന്റെ ശതമാനം കൂട്ടാന്‍ നിര്‍ദേശിച്ചതെന്ന് പാര്‍ലമെന്‍റ് സമിതി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ഇന്‍ഷുറന്‍സ് മേഖലയെ നിയന്ത്രിക്കുന്ന നിയമം കാലാനുസൃതമായി പുതുക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Newsletter