മാവോയിസ്റ്റ് സാന്നിധ്യം: നിലമ്പൂരില്‍ കര്‍ശന പരിശോധനയ്ക്ക് നീക്കം
- Last Updated on 05 May 2012
- Hits: 1
നിലമ്പൂര്‍: മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ജില്ലയിലെ നിലമ്പൂര്‍ വനമേഖലകളില്‍ പരിശോധന കര്‍ശനമാക്കുന്നു. വനംവകുപ്പും പോലീസും ചേര്‍ന്നാണ് പരിശോധന നടത്തുക. നിലമ്പൂര്‍ വനം നോര്‍ത്ത്, സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ.മാര്‍ നേതൃത്വം നല്‍കും.
കര്‍ണാടകം, തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കേരളത്തിലെ ജില്ലകളിലാണ് പ്രധാനമായും മാവോയിസ്റ്റ് സാന്നിധ്യം പ്രതീക്ഷിക്കുന്നത്. നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് മുമ്പ് അന്വേഷണം നടത്തിയിരുന്നു.
സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ഈയിടെ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന വനമേഖലയില്‍ പരിശോധന നടത്തിയിരുന്നു. തുടരന്വേഷണമായി തമിഴ്‌നാട്ടിലെ ചേരമ്പാടി, പന്തല്ലൂര്‍, ദേവാല, താളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയായ ബന്ദിപ്പൂര്‍ മേഖലയിലും അന്വേഷണം നടത്തി. ഇവിടങ്ങളിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും.
അടുത്ത ആഴ്ച ആദ്യത്തോടെ വനപാലകരും അത്രതന്നെ പോലീസുകാരും ഉള്‍പ്പെടുന്ന 15 സംഘങ്ങള്‍ പരിശോധന നടത്തും. ചില ടീമുകള്‍ ഒന്നും രണ്ടും ദിവസം വനത്തില്‍ താമസിച്ച് പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഏഴാം തീയതി മുതല്‍ 12 വരെ തുടര്‍ച്ചയായി പരിശോധന നടത്തും. കരുളായി, കാളികാവ്, എടവണ്ണ, നിലമ്പൂര്‍, വഴിക്കടവ് റേഞ്ചുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും.
സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ഇതോടൊപ്പം പരിശോധനയ്ക്ക് തയ്യാറാകുന്നതായി സൂചനയുണ്ട്. ബന്ധപ്പെട്ട ഡിവൈ.എസ്.പി ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.