പരിയാരം ഭരണസമിതി വീണ്ടും വിവാദത്തിലേക്ക്
- Last Updated on 05 May 2012
- Hits: 1
തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും വിവാദമാവുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിനനുസരിച്ച് സഹകരണ സംഘത്തിന്റെ ഭരണം അതത് പാര്‍ട്ടികള്‍ പിടിച്ചെടുക്കുക പതിവാണ്. ഇതിന് അറുതി വരുത്താനാണ് സി.എം.പി യടക്കമുള്ള പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏറ്റതുമുതല്‍ ഈ ആവശ്യം ഉയരുന്നുമുണ്ട്.
എന്നാല്‍ സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ അടക്കമുള്ള ചില നേതാക്കള്‍ ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ ഈ ആവശ്യം സി. എം.പി നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ ഇടപെടാന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന് കത്തും നല്കിയിരുന്നു. എന്നാല്‍ ഭരണസമിതി പിരിച്ചുവിടുന്നകാര്യം ആലോചിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി മന്ത്രി രംഗത്ത് എത്തിയതാണ് സി.എം.പി നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്.
മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പ്രസ്താവന അപമാനകരമാണെന്ന്എം.വി. രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി ഏഭ്യത്തരമാണ് പറയുന്നത്. യു.ഡി.എഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളത് ഒരുവര്‍ഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ ഭരണ സമിതി ഏറ്റെടുക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന വൃത്തികെട്ടതാണ്.
സി.എന്‍. ബാലകൃഷ്ണന്‍ എന്ന ഏഭ്യന്‍മന്ത്രിക്ക് പാര്‍ട്ടി നേതാവ് രമേശ് ചെന്നിത്തലയേയോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയോ ബഹുമാനമില്ല. മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്. ഒരു കൊല്ലമായി ആവശ്യപ്പെടുന്ന ഒരു ഞൊണ്ണന്‍ മന്ത്രിയുടെ കാര്യം ശനിയാഴ്ച ചര്‍ച്ചചെയ്യാമെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റും മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം പാലിക്കാത്തത് നാണംകെട്ട പണിയാണെന്നും എം.വി.രാഘവന്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സൊസൈറ്റി രൂപവത്കരണ നീക്കം എതിര്‍ത്തത് താനാണെന്നാണ് മന്ത്രി കരുതുന്നത്. കരുണാകരന്റെ കാലത്ത് സി.എന്‍. ബാലകൃഷ്ണനെതിരായ സാമ്പത്തിക ക്രമക്കേട് കേസ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശിച്ചത് താനാണെന്നും അദ്ദേഹം കരുതുന്നു.
വൃത്തികെട്ട ഹീനമായ ഭരണസമിതിയാണ് പരിയാരം മെഡിക്കല്‍ കോളേജ് ഭരിക്കുന്നത്. മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് നടത്തുന്ന സി.പി.എം നേതൃത്വത്തിന്റെ നടപടി നാണം കെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.