07July2012

കളക്ടറുടെ മോചനം: മധ്യസ്ഥര്‍ മാവോവാദി ഒളിത്താവളത്തില്‍

റായ്പുര്‍: സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനത്തിനായി മധ്യസ്ഥര്‍ മാവോവാദി നേതാക്കളുമായി ചര്‍ച്ച തുടങ്ങി. മാവോവാദികള്‍ നിര്‍ദേശിച്ച ഡോ. ബി.ഡി. ശര്‍മ, പ്രൊഫ. ജി. ഹര്‍ഗോപാല്‍ എന്നിവര്‍ താഡ്‌മെറ്റ്‌ലയ്ക്ക് സമീപമുള്ള കൊടും വനത്തിലെ ഒളിത്താവളത്തിലാണ് ഇവരെ കാണുന്നത്.

റായ്പുരില്‍ നിന്ന് ഏതാണ്ട് 450 കി.മീ. അകലെയാണ് മാവോവാദികളുടെ ഈ ശക്തികേന്ദ്രം. 2010 ഏപ്രിലില്‍ 76 സുരക്ഷാഭടന്മാരെ മാവോവാദികള്‍ ഒളിപ്പോരില്‍ വധിച്ചതിവിടെയാണ്. ശനിയാഴ്ച രാവിലെ മധ്യസ്ഥരെ സര്‍ക്കാര്‍ ഹെലികോപ്ടറില്‍ ചിന്താല്‍നര്‍ എന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. താഡ്‌മെറ്റ്‌ല ഫോറസ്റ്റ് റോഡില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ ഇവരെ സി.പി.ഐ. മാവോവാദി ദക്ഷിണ ബസ്തര്‍ ഡിവിഷണല്‍ കമ്മിറ്റി സെക്രട്ടറി വിജയ് മഡ്കം സ്വീകരിച്ചു.

പിന്നീട് മാവോവാദികള്‍ ഇവരെ വനാന്തരത്തിലുള്ള തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായി രണ്ടുതവണ നടത്തിയ ചര്‍ച്ചകളുടെ വിവരം മധ്യസ്ഥര്‍ മാവോവാദി നേതാക്കളെ ധരിപ്പിക്കും.

ഏപ്രില്‍ 21-നാണ് 32-കാരനായ അലക്‌സ് പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ കാണാന്‍ മധ്യസ്ഥരെ അനുവദിക്കുമോ എന്ന് വ്യക്തമല്ല. കളക്ടര്‍ക്ക് മരുന്നുകളുമായിപ്പോയ സിപി.ഐ. നേതാവ് മനീഷ് കുഞ്ജത്തെ അദ്ദേഹത്തെ കാണാന്‍ അനുവദിച്ചിരുന്നില്ല.

നക്‌സല്‍വിരുദ്ധ ഹരിതവേട്ട നിര്‍ത്തിവെക്കുക, സംസ്ഥാനത്തെ ജയിലുകളിലുള്ള 17 മാവോവാദികളെ വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങളാണ് മാവോവാദികള്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മധ്യസ്ഥര്‍ നേതാക്കളെ അറിയിക്കും.

അതിനിടെ, ആന്ധ്രാപ്രദേശിലെ ഭദ്രാചലത്ത് മാവോവാദികള്‍ക്കായി കൊണ്ടുപോകുകയായിരുന്ന 50 ലക്ഷം രൂപയുമായി ആറുപേര്‍ പിടിയിലായി. വാഹനപരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്.

Newsletter