21June2012

ഡിവൈഎസ്‌പിയെ സിബിഐ കോടതിയില്‍ തിരികെയേല്‍പ്പിച്ചു

കൊച്ചി• മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്‌റ്റിലായ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി: എന്‍. അബ്‌ദുല്‍ റഷീദി(46)നെ സിബിഐ അന്വേഷണത്തോടു സഹകരിക്കാത്തതിനെ തുടര്‍ന്നു കോടതിയില്‍ തിരികെ ഹാജരാക്കി. കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചനാക്കുറ്റങ്ങള്‍ ചുമത്തി സിബിഐ തിങ്കളാഴ്‌ച അറസ്‌റ്റു ചെയ്‌ത

അബ്‌ദുല്‍ റഷീദിനെ ചോദ്യംചെയ്യാനായി രണ്ടു ദിവസം അന്വേഷണ സംഘത്തിനു കസ്‌റ്റഡിയില്‍ നല്‍കിയിരുന്നു.

എന്നാല്‍ 48 മണിക്കൂര്‍ നേരത്തേക്കു കസ്‌റ്റഡിയില്‍ ലഭിച്ച പ്രതിയെ 18–ാം മണിക്കൂറില്‍ സിബിഐക്കു കോടതിയില്‍ തിരികെ ഹാജരാക്കേണ്ടിവന്നു. ഇതിനു വഴിയൊരുക്കിയ സാഹചര്യങ്ങള്‍ വിശദമാക്കുന്ന റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ സഹിതമാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ അഡീ.എസ്‌പി: എസ്‌.ജയകുമാര്‍ പ്രതിയെ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി മുന്‍പാകെ ഹാജരാക്കിയത്‌.

സിബിഐ കസ്‌റ്റഡിയിലായതിനു ശേഷം ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച പ്രതി ലോക്കപ്പിന്റെ ഭിത്തിയിലും ഇരുമ്പഴികളിലും തല ഇടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടിലുണ്ട്‌. കേസില്‍ ചോദ്യംചെയ്യാന്‍ സിബിഐ ഉദ്യോഗസ്‌ഥര്‍ സമീപിക്കുമ്പോഴെല്ലാം അബ്‌ദുല്‍ റഷീദ്‌ ഉച്ചത്തില്‍ ബഹളംവച്ചു സ്വന്തം വസ്‌ത്രത്തിന്റെ ബട്ടനുകള്‍ വലിച്ചുപൊട്ടിച്ചു. പാന്റ്‌സിന്റെ സിബ്‌ അടക്കം വലിച്ചുകീറിയ പ്രതി അവശത അഭിനയിച്ചു കുഴഞ്ഞുവീഴുന്നതായി ഭാവിച്ചു ചോദ്യംചെയ്യല്‍ പൂര്‍ണമായി ഒഴിവാക്കി. കോടതിയില്‍ ഹാജരാക്കുംമുന്‍പു പുതിയ വസ്‌ത്രങ്ങള്‍ നല്‍കിയെങ്കിലും പ്രതി അവ ധരിക്കാന്‍ വിസമ്മതിച്ചു.

കേരളാ പൊലീസില്‍ ഡിവൈഎസ്‌പി റാങ്കില്‍ ജോലിചെയ്യുന്ന പ്രതിക്കു ചോദ്യംചെയ്യല്‍ മുറകളെ കുറിച്ചു വ്യക്‌തമായ ധാരണയുണ്ടായിരുന്നതിനാല്‍ ചോദ്യംചെയ്യലില്‍ നിന്നു വിദഗ്‌ധമായി തലയൂരി. ലോക്കപ്പിനുള്ളിലെ നാടകീയ പ്രകടനങ്ങളെ തുടര്‍ന്നു രാത്രി വൈകി നിഷ്‌പക്ഷ സാക്ഷികളുടെ സാന്നിധ്യം സിബിഐ ഓഫിസില്‍ ഉറപ്പാക്കേണ്ടി വന്നതായും റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്‌ഥന്റെ കൊല്ലത്തെ വീടു തീവച്ചു നശിപ്പിക്കുമെന്നു പ്രതി ഭീഷണിപ്പെടുത്തിയതായും സിബിഐ കുറ്റപ്പെടുത്തി.

സാധാരണ പ്രതികളെ ചോദ്യംചെയ്യുന്ന രീതിയില്‍ പൊലീസ്‌ ഉദ്യോഗസ്‌ഥനായ പ്രതിയെ ചോദ്യംചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അബ്‌ദുല്‍ റഷീദിനെ ഒരു ദിവസം കൂടി കസ്‌റ്റഡിയില്‍ സൂക്ഷിക്കുന്നതുകൊണ്ടു പ്രത്യേക പ്രയോജനമില്ലാത്തതിനാല്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ സൂക്ഷിക്കണമെന്നായിരുന്നു സിബിഐയുടെ ഹര്‍ജി. അബ്‌ദുല്‍ റഷീദിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധിപ്പിച്ചതിന്റെ സ്‌കാന്‍ റിസല്‍റ്റ്‌ സഹിതമുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. അബ്‌ദുല്‍ റഷീദിന്റെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്നും പറയത്തക്ക ഒരസുഖവും ഇയാള്‍ക്കില്ലെന്നുമാണു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

കേസില്‍ ഇനിയും അറസ്‌റ്റിലാവാനുള്ള പ്രതികളെ കുറിച്ചുള്ള വിവരങ്ങളും ഉണ്ണിത്താന്‍ വധശ്രമക്കേസിന്റെ കൂടുതല്‍ വിശദാംശങ്ങളും വെളിപ്പെടുത്താതിരിക്കാനുള്ള തന്ത്രമാണു അബ്‌ദുല്‍ റഷീദ്‌ കസ്‌റ്റഡിയില്‍ പയറ്റിയതെന്നും സിബിഐ കുറ്റപ്പെടുത്തി. ബോധം നഷ്‌ടപ്പെട്ടു കുഴഞ്ഞുവീഴുന്നതായി പ്രതി ബോധപൂര്‍വം അഭിനയിക്കുകയാണെന്നും സിജെഎം എസ്‌. സന്തോഷ്‌ കുമാര്‍ മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ തള്ളിയ കോടതി ഈ മാസം 30 വരെയാണു കാക്കനാട്‌ ജില്ലാ ജയിലില്‍ പ്രതിയെ റിമാന്‍ഡു ചെയ്‌തത്‌. എന്നാല്‍ ജയിലിലും അബ്‌ദുല്‍ റഷീദ്‌ കുഴഞ്ഞു വീഴല്‍ തുടര്‍ന്നതിനാല്‍ സന്ധ്യയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

റഷീദിനെ കേസില്‍നിന്നു രക്ഷിച്ചത് ക്രൈം ബ്രാഞ്ച് ഉന്നതരുടെ ഗൂഢാലോചന

കൊല്ലം: ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ബി.ഐ.അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. റഷീദിനെ കേസില്‍നിന്ന് രക്ഷപ്പെടുത്തിയത് ഡി.ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സി.ബി.ഐ.യ്ക്ക് വ്യക്തമായ സൂചന ലഭിച്ചു.

ആദ്യംമുതല്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ അറിയാമായിരുന്നെങ്കിലും ആരെയോ രക്ഷിക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ ശ്രമങ്ങള്‍ തുടരെ ഉണ്ടായി. കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന റഷീദിന്റെ പേര് കണ്ടെയ്‌നര്‍ സന്തോഷ് വെളിപ്പെടുത്തിയെങ്കിലും റഷീദിനെ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു അന്വേഷണ ഉദ്യാഗസ്ഥന്‍ വ്യഗ്രത കാട്ടിയത്. ഒടുവില്‍ കൊല്ലത്തെ മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂണിയനും ഇടപെട്ടാണ് റഷീദിനെ അന്വേഷണസംഘത്തില്‍നിന്നു മാറ്റിയത്.

കേസ് അന്വേഷണം ആരംഭിച്ചശേഷം ഡി.ഐ.ജി. എസ്.ശ്രീജിത്ത് ഒരിക്കല്‍പ്പോലും ഉണ്ണിത്താനില്‍നിന്ന് നേരിട്ടു വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയില്ല.

വിവരങ്ങള്‍ ആരായാന്‍ എത്തുമെന്ന് നിരവധി തവണ മറ്റ് പോലീസ് ഓഫീസര്‍മാര്‍വഴി ഉണ്ണിത്താനെ അറിയിച്ചിരുന്നു. ശാസ്താംകോട്ട പദ്മാവതി ആസ്പത്രിയില്‍ മൂന്നുമാസം ഉണ്ണിത്താന്‍ ചികിത്സയിലുണ്ടായിരുന്നിട്ടും നേരില്‍ കണ്ട് വിവരങ്ങള്‍ ആരായാന്‍ ഡി.ഐ.ജി.എത്തിയില്ല. നിരവധി തവണ ഡി.ഐ.ജി.ശ്രീജിത്ത് എത്തുമെത്ത് പറഞ്ഞെങ്കിലും സന്ദര്‍ശനം മാറ്റിവച്ചെന്ന അറിയിപ്പാണ് വന്നുകൊണ്ടിരുന്നത്. കോടതിയില്‍ കീഴടങ്ങിയ കണ്ടെയ്‌നര്‍ സന്തോഷിനെ ചോദ്യംചെയ്യാന്‍ ഡി.ഐ.ജി.എത്തുമെന്നും അന്ന് ആസ്പത്രിയില്‍വച്ച് ഉണ്ണിത്താനെ കാണുമെന്നും വിശദവിവരങ്ങള്‍ പറയണമെന്നും പോലീസ് ഓഫീസര്‍മാര്‍ ഉണ്ണിത്താനോട് ആസ്പത്രിയിലെത്തി അറിയിച്ചിരുന്നു. പക്ഷേ, അന്നും ഡി.ഐ.ജി.എത്തിയില്ല. ഫോണിലൂടെപ്പോലും കാര്യങ്ങള്‍ തിരക്കിയില്ല.

ഡി.ഐ.ജി.യുമായി റഷീദിനുള്ള ബന്ധത്തിന്റെ പേരില്‍ കണ്ടെയ്‌നര്‍ സന്തോഷ് തുറന്നുപറയാന്‍ ശ്രമിച്ച കാര്യങ്ങള്‍പോലും മൂടിവയ്ക്കപ്പെട്ടു. റഷീദിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ഡി.ഐ.ജി.യുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇവയെല്ലാം അന്വേഷണസംഘം ഒഴിവാക്കുകയായിരുന്നെന്നാണ് സി.ബി.ഐ.യ്ക്ക് കിട്ടിയിരിക്കുന്ന തെളിവുകള്‍. ക്രൈം ബ്രാഞ്ച് സംഘം ചോദ്യംചെയ്യുമ്പോള്‍ സംഭവിച്ച എല്ലാ കാര്യങ്ങളും കണ്ടെയ്‌നര്‍ സന്തോഷ് സി.ബി.ഐ.യോട് വെളിപ്പെടുത്തിയിട്ടുണ്ട്. പല കാര്യങ്ങളും പുറത്തു പറയരുതെന്നും താരതമ്യേന കുറഞ്ഞ ശിക്ഷയില്‍ നില്‍ക്കുന്ന തരത്തില്‍ കേസ് തയ്യാറാക്കാമെന്നും ഡി.ഐ.ജി. കണ്ടെയ്‌നര്‍ സന്തോഷിന് ഉറപ്പുകൊടുത്തതായും സി.ബി.ഐ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ഉണ്ണിത്താന്‍ വധശ്രമക്കേസ് അവസാനിപ്പിച്ചതെന്നാണ് സൂചന. വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ കണ്ടെയ്‌നര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്‌നര്‍ സന്തോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയാണ് സി.ബി.ഐ.ഈ കേസില്‍ മുന്നേറുന്നത്.

അറസ്റ്റ് റഷീദ് വിദേശത്തേക്കു കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെ

കൊല്ലം: മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈ.എസ്.പി. അബ്ദുള്‍ റഷീദ് അവധിയെടുത്ത് വിദേശത്തേക്ക് മുങ്ങാന്‍ ശ്രമം നടത്തി.

തിങ്കളാഴ്ച സി.ബി.ഐ.സംഘം റഷീദിനെ അറസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍ ചൊവ്വാഴ്ച വിദേശത്തേക്ക് കടക്കുമായിരുന്നു. ഏപ്രില്‍ 17 ചൊവ്വാഴ്ച മുതല്‍ 10 ദിവസത്തെ അവധി പോലീസ് ആസ്ഥാനത്തുനിന്ന് റഷീദ് നേടിയെടുത്തിരുന്നു. ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റും ശരിയാക്കി. എന്നാല്‍ റഷീദിന്റെ നീക്കങ്ങള്‍ കഴിഞ്ഞ നാലുമാസങ്ങളായി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന സി.ബി.ഐ.സംഘം വിദേശത്തേക്കുള്ള രക്ഷപ്പെടല്‍ ശ്രമം മുന്‍കൂട്ടി അറിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള മുന്നൊരുക്കം നടത്തിയ സി.ബി.ഐ. എസ്.പി. ജയകുമാറും സംഘവും തിങ്കളാഴ്ച രാവിലെതന്നെ റഷീദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി.ബി.ഐ.യുടെ അപ്രതീക്ഷിതമായ ഈ നീക്കം റഷീദിനും സംരക്ഷകര്‍ക്കും കനത്തപ്രഹരമായി.

മുമ്പ് തിരുവനന്തപുരത്ത് എന്‍.അര്‍.ഐ.സെല്‍ ഡിവൈ.എസ്.പി. ആയിരുന്നു റഷീദ്. അവധി അനുവദിക്കാത്തതിന് കഴിഞ്ഞമാസം മേലുദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനാലാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ റഷീദിനെ പോലീസ് ആസ്ഥാനത്തുതന്നെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ആക്കിയത്. എന്‍.ആര്‍.ഐ.സെല്‍ എ.ഐ.ജി.ഗോപാലകൃഷ്ണനാണ് റഷീദിന്റെ മര്‍ദനമേറ്റത്. ഇത്രയും ഗുരുതരമായ അച്ചടക്കലംഘനം തലസ്ഥാനത്ത് ആഭ്യന്തരമന്ത്രിയുടെ മൂക്കിനു കീഴില്‍ നടന്നിട്ടും കാര്യമായ ഒരു നടപടിയും നേരിടേണ്ടിവരാതിരുന്നത് റഷീദിന് പോലീസിലും പുറത്തുമുള്ള സ്വാധീനത്തിനു തെളിവാണ്.

എന്തു വിലകൊടുത്തും റഷീദിനെ ഈ കേസില്‍നിന്ന് സംരക്ഷിക്കാനായി സംസ്ഥാന പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നീക്കം തുടങ്ങിക്കഴിഞ്ഞു. കൊല്ലത്തെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ വീട്ടില്‍ തിങ്കളാഴ്ച ഔദ്യോഗിക വാഹനങ്ങളിലെത്തിയ ഇവര്‍ നിയമോപദേശം തേടുകയും തുടര്‍നിയമനടപടികള്‍ക്കായി പ്രത്യേക സമിതിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ നിര്‍ദേശപ്രകാരമാണ് റഷീദ് സി.ബി.ഐ. അന്വേഷണവുമായി സഹകരിക്കാത്തതെന്നറിയുന്നു.

Newsletter