ഡച്ച് ദുരന്തം പൂര്‍ണം
- Last Updated on 18 June 2012
- Hits: 4
ഖാര്‍ക്കീവ്: കളിജയിക്കണമെങ്കില്‍, ഗോളടിക്കണമെന്ന ബാലപാഠം ഡച്ച് ടീമിനെ പഠിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോയുടെ ക്വാര്‍ട്ടറില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ദുരന്തം പൂര്‍ത്തിയാക്കി ഹോളണ്ട് നാട്ടിലേക്കും. തന്റെ വിമര്‍ശകര്‍ക്ക് രണ്ട് മനോഹരമായ ഗോളുകളിലൂടെ മറുപടി പറഞ്ഞ ക്രിസ്റ്റ്യാനോയാണ് പോര്‍ച്ചുഗലിന്റെ വിജയശില്പി.
മത്സരത്തലുടനീളം, ലോകോത്തരതാരമെന്ന വിശേഷണം ശരിവെയ്ക്കുന്ന പ്രകടനമാണ് റയല്‍ മാഡ്രിഡ് താരം പുറത്തെടുത്തത്.
തുടക്കത്തില്‍മാത്രമേ, ഹോളണ്ട് കളിക്കളത്തിലുണ്ടായിരുന്നുള്ളൂ. അവരുടെ നീക്കങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായിരുന്നതും അപ്പോള്‍ മാത്രം. പതിനൊന്നാം മിനിറ്റില്‍ കാത്തിരുന്ന ആദ്യ ഗോള്‍ അവര്‍ നേടുകയും ചെയ്തു. ആര്യന്‍ റോബന്‍ വലതുവിങ്ങില്‍നിന്ന് നടത്തിയ നീക്കത്തിനൊടുവില്‍, ലഭിച്ച പാസില്‍നിന്ന് വാന്‍ ഡെര്‍ വാര്‍ട്ട് കനത്തൊരു ഷോട്ടിലൂടെ പോര്‍ച്ചുഗല്‍ വലകുലുക്കുകയായിരുന്നു. വാര്‍ട്ടിനെ മാര്‍ക്ക് ചെയ്യുന്നതില്‍ വെലോസോ വരുത്തിയ പിഴവാണ് പൊഡോള്‍സ്‌കിയുടെ ഗോളിന് വഴിവെച്ചത്.
ഗോള്‍വഴങ്ങിയതോടെ രണ്ടും കല്‍പിച്ചുള്ള പോരാട്ടമായിരുന്നു പോര്‍ച്ചുഗല്‍. 14-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തൊടുത്ത ഷോട്ട് പോസ്റ്റില്‍ത്തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഹെല്‍ഡര്‍ പോസ്റ്റിഗയും സുവര്‍ണാവസരം തുലച്ചു. 23-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഡച്ച് ഗോളി സ്‌റ്റെക്കലന്‍ ബര്‍ഗ് സേവ് ചെയ്തും പോര്‍ച്ചുഗലിന് നിരാശയുടെ നിമിഷങ്ങളാണ് സമ്മാനിച്ചത്.
എന്നാല്‍, നിരാശ അധികനേരം നീട്ടിക്കൊണ്ടുപോകാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തയ്യാറായിരുന്നില്ല. ബോക്‌സിനുമുന്നില്‍നിന്ന് ജാവോ പെരേര നല്‍കിയ പാസ്സില്‍ 28-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ടീമിനെ മുന്നില്‍ക്കടത്തി. ലോകത്തെ മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോയുടെ പേരില്‍ ഇക്കുറി യൂറോയില്‍ കുറിക്കപ്പെട്ട ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ക്രിസ്റ്റിയാനോ നല്‍കിയ പാസ്സില്‍ ഹെല്‍ഡര്‍ പോസ്റ്റിഗ ഡച്ച് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിധിച്ചു.
72-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ തളികയിലെന്നവണ്ണം ഒരുക്കിക്കൊടുത്ത ഗോളവസരം നാനി നഷ്ടപ്പെടുത്തി. ഇടതുവിങ്ങിലൂടെ കയറിവന്ന ക്രിസ്റ്റ്യാനോയുടെ ക്രോസ് നാനി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും. സ്‌റ്റെക്കലന്‍ബര്‍ഗ് സമര്‍ഥമായി പന്ത് കൈക്കലാക്കി. എന്നാല്‍, തൊട്ടുപിന്നാലെ നാനി തന്റെ പിഴവിന് പരിഹാരം കണ്ടു. വലതുവിങ്ങിലൂടെ കയറ്റിക്കൊണ്ടുവന്ന പന്ത് നാനി ബോക്‌സിനുള്ളില്‍നിന്ന് ക്രിസ്റ്റിയാനോയ്ക്ക് കൈമാറി. ഒരു ഡിഫന്‍ഡന്‍ഡറെ വെട്ടിയൊഴിഞ്ഞ് ക്രിസ്റ്റ്യാനോ പന്ത് വലയിലാക്കുമ്പോള്‍, ഡച്ച് ഗോള്‍മുഖം ബഹുമാനപുരസ്സരം തലതാഴ്ത്തി. 89-ാം മിനിറ്റില്‍ ഹാട്രിക് തികയ്ക്കാനുള്ള ക്രിസ്റ്റിയാനോയുടെ മോഹങ്ങള്‍ക്ക് പോസ്റ്റ് വിലങ്ങുതീര്‍ക്കുകയും ചെയ്തു.