പോളിഷ് സ്വപ്നം പൊലിഞ്ഞു
- Last Updated on 17 June 2012
- Hits: 6
വാക്രാവ്: ആതിഥേയ സ്വപ്നങ്ങള്‍ തകിടം മറിച്ച് ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍. ആദ്യ മത്സരത്തില്‍ റഷ്യയോട് 4-1ന് തോറ്റ ചെക്ക് ടീം, അവസാന മത്സരത്തില്‍ പോളണ്ടിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ചാണ് നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായി മാറിയത്. 72-ാം മിനിറ്റില്‍ പീറ്റര്‍ യിറാച്ചെക്ക് നേടിയ ഗോളാണ് ചെക്കിനെ
പടികടത്തിയത്.
ആദ്യ പകുതിയിലുടനീളം ഒട്ടേറെ അവസരങ്ങളാണ് ഇരുടീമുകള്‍ക്കും കിട്ടിയത്. കളിയുടെ തുടക്കത്തില്‍ വലതുവിങ്ങില്‍നിന്ന് തിയഡോര്‍ ഗബ്രിസെലാസി നല്‍കിയ ക്രോസ് മൂന്ന് ചെക്ക് താരങ്ങള്‍ ബോക്‌സിലുണ്ടായിട്ടുകൂടി മുതലാക്കാനായില്ല.
ആദ്യ പകുതിയില്‍ പിന്നീട് പോളണ്ടിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളായിരുന്നു. പത്താം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എടുത്ത ഷോട്ട് നേരീയ വ്യത്യാസത്തിനാണ് പുറത്തുപോയത്.
പൊളാന്‍സ്‌കിയും ബ്ലാസിക്കോവ്‌സ്‌കിയും ചേര്‍ന്ന് ഒട്ടേറെ നീക്കങ്ങള്‍ നടത്തിയെങ്കിലും ചെക്ക് റിപ്പബ്ലിക് അതിനെയെല്ലാം പ്രതിരോധിച്ചുനില്‍ക്കുന്നതായിരുന്നു കാഴ്ച.
41-ാം മിനിറ്റിലാണ് മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക് മനോഹരമായ അവസരമുണ്ടാക്കിയത്. പോളിഷ് പ്രതിരോധത്തെ മറികടന്ന് വാക്ലാവ് പിലാര്‍ കുതിച്ചെങ്കിലും പിസ്‌ചെക്കിന്റെ സമര്‍ഥമായ ഇടപെടല്‍ അപകടമൊഴിവാക്കി. തൊട്ടുപിന്നാലെ. പിലാര്‍ തൊടുത്ത ഷോട്ട് ബ്ലാസ്സിക്കോവ്‌സ്‌കി തടുത്തതോടെ, ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു.
ഇടവേളയ്ക്കുപിരിയുന്നതിന് തൊട്ടുമുന്നെ, വാഴ്‌സയില്‍ ഗ്രീസ് ഒരുഗോളിന് മുന്നിലെത്തിയ വാര്‍ത്ത രണ്ടാം പകുതിയില്‍ വ്രാക്ലാവിലും അലയടിച്ചു. ഇരുടീമുകള്‍ക്കും മത്സരം വിജയിക്കേണ്ട നിലയായതോടെ, കടുത്ത ആക്രമണ ഫുട്‌ബോളാണ് പിന്നീട് അവര്‍ കാഴ്ചവെച്ചത്. ഗ്രീസ് ഗോള്‍ നേടിയതോടെ, ജയിക്കാതെ തരമില്ലെന്നായ ചെക്ക് റിപ്പബ്ലിക്, പോളിഷ് ഗോള്‍മുഖം നിരന്തരം ആക്രമിച്ചു. പെനാല്‍ട്ടി ബോക്‌സിനുപുറത്തുനിന്ന് തുടരെ ഫ്രീക്കിക്കുകള്‍ സ്വന്തമാക്കിയെങ്കിലും ലെവന്‍ഡോവ്‌സ്‌കിയ്ക്കും സംഘത്തിനും അവയൊന്നും മുതലാക്കാനായില്ല. പരിക്കുമൂലം തോമസ് റോസ്സിക്കി കളിക്കാതിരുന്നത് അവരുടെ മിഡ്ഫീല്‍ഡില്‍ തെളിഞ്ഞുനിന്നു.
എന്നാല്‍, 72-ാം മിനിറ്റില്‍ യിറാച്ചെക്കിലൂടെ ചെക്ക് റിപ്പബ്ലിക് മുന്നിലെത്തി. മുറാവ്‌സ്‌കിയും മിലന്‍ ബാരോസും ചേര്‍ന്നുനടത്തിയ നീക്കമാണ് ചെക്ക് റിപ്പബ്ലിക്കിനെ മുന്നിലെത്തിച്ചത്. പന്ത് സ്വീകരിച്ച് ഗോളിലേക്ക് യിറാച്ചെക്ക് ഷോട്ടെടുത്തപ്പോള്‍, പോളണ്ടിന്റെ ഗോളി സെമിസ്ലാവ് ടൈറ്റണ്‍ നിസ്സഹായനായി. ടൂര്‍ണമെന്റില്‍ യിറാച്ചെക് നേടിയ രണ്ടാം ഗോളായിരുന്നു ഇത്.
ദുരന്തമായി റഷ്യ മടങ്ങി
വാഴ്‌സ: യൂറോ 2012-ന്റെ ടീമുകളിലൊന്നായി വിലയിരുത്തപ്പെട്ട റഷ്യ ആദ്യ റൗണ്ട് കാണാതെ പുറത്താവുന്നത് ഞെട്ടലോടെയാണ് നാരാഡോവി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ റഷ്യന്‍ ആരാധകര്‍ ഉള്‍ക്കൊണ്ടത്. ഗ്രീസിനുവേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരമെന്ന സഗോരാക്കീസിന്റെ റെക്കോഡിന് (120 മത്സരങ്ങള്‍) ഒപ്പമെത്തിയ വെറ്ററന്‍ സ്‌ട്രൈക്കര്‍ ഗോര്‍ഗ്യസ് കാരഗൂനീസ് ഗ്രൂപ്പ് എ മത്സരത്തിന്റെ ഒന്നാം പകുതിയുടെ അവസാന സെക്കന്‍ഡില്‍ നേടിയ ഗോളിലായിരുന്നു ഗ്രീസിന്റെ അട്ടിമറി വിജയം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തി ടീമിന്റെ ജയം നഷ്ടപ്പെടുത്തിയ കാരഗൂനിസ് നിര്‍ണായക മത്സരത്തില്‍ ഗോളടിച്ച് ടീമിന്റെ രക്ഷകനായി. എന്നാല്‍, ടൂര്‍ണമെന്റിലെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡു കണ്ട കാരഗൂനിസിന് ക്വാര്‍ട്ടറില്‍ കളിക്കാനാവില്ലെന്ന ദുരോഗ്വവുമുണ്ട്. 2004-ല്‍ പ്രാഥമിക റൗണ്ടില്‍ റഷ്യയോട് 2-1ന് തോറ്റിട്ടും രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറിയ ഗ്രീസ് അന്ന് കപ്പുമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഇത്തവണ ഒറ്റ ഗോളിന് ജയിച്ച ഗ്രീസ് റഷ്യയുടെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്തി.
മത്സരത്തിലുടനീളം മേധാവിത്തം പുലര്‍ത്തിയ റഷ്യ ഇടവേളക്ക് തൊട്ടുമുമ്പ് അനാവശ്യമായി വഴങ്ങിയ ഗോളില്‍ മുട്ടുമടക്കിയപ്പോള്‍ പുറത്താകലിന്റെ വക്കില്‍ നിന്നും അവിശ്വസനീയമായി തിരിച്ചുകയറിയ ഗ്രീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. അര്‍ഷാവിനും സഗോയേവും പാവ്‌ല്യുചെങ്കോയുമടങ്ങിയ റഷ്യന്‍ ആക്രമണനിരയ്ക്ക് ഗോളൊഴികെ മറ്റെല്ലാം നേടാനായി. അതിജീവനത്തിന് അനിവാര്യമായിരുന്ന ഗോള്‍ ഒഴിഞ്ഞു നിന്നതോടെ റഷ്യക്ക് പുറത്തേക്കുള്ള വഴിതുറന്നു.
ക്വാര്‍ട്ടര്‍ഫൈനലിലെത്തണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പോരെന്ന വ്യക്തമായ ബോധ്യത്തോടെയിറങ്ങിയ ഗ്രീസ് തുടക്കം മുതല്‍ ആക്രമണമഴിച്ചുവിട്ടു. റഷ്യക്കാര്‍ നിലയുറപ്പിക്കും മുമ്പ് അവരുടെ വലയില്‍ പന്തെത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഈ ആക്രമണത്തിന് ഫലമെന്നോണം തുടരെ രണ്ടു കോര്‍ണറുകള്‍ അവര്‍ക്ക് കിട്ടി. പക്ഷേ ഫലമുണ്ടായില്ല. റഷ്യയുടെ ആദ്യ നീക്കത്തിന് ഒമ്പതാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ഈ നീക്കം ഗോളില്‍ കലാശിച്ചേനെ. അര്‍ഷാവിന്റെ ഷോട്ട് കയ്യിലൊതുക്കി ഗോളി സിഫാക്കീസ് ഗ്രീക്കുകാരുടെ രക്ഷക്കെത്തി. തൊട്ടുപിന്നാലെ സ്‌ട്രൈക്കര്‍ കെര്‍ഷാക്കോവിന്റെ നല്ലൊരടി നേരിയ വ്യത്യാസത്തില്‍ പുറത്തായി. പിന്നീട് റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു കളി. ഒന്നാം പകുതി ഗോള്‍ രഹിതമെന്ന് ഉറപ്പിച്ച നിമിഷത്തിലായിരുന്നു ശൂന്യതയില്‍ നിന്നെന്നവണ്ണം ഗ്രീസിന്റെ ഗോള്‍ വന്നത്. കളി തീരാന്‍ 10 സെക്കന്‍ഡിരിക്കെ കിട്ടിയ ത്രോ റഷ്യന്‍ ബോക്‌സിനെ ലക്ഷ്യമാക്കി വന്നപ്പോള്‍ അപകടമൊഴിവാക്കുന്നതില്‍ ഷിര്‍ക്കോവ് പരാജയപ്പെട്ടു. ഓടിക്കയറിയ കാരഗൂനിസ് മുന്നോട്ടു കയറിയ ഗോളി മലാഫേവിനെ നിസ്സഹയനാക്കി പന്ത് വലയിലേക്ക് അടിച്ചുകയറ്റി. പന്ത് വല തൊട്ട നിമിഷം ആദ്യ പകുതി അവസാനിക്കുകയും ചെയ്തു.