05July2012

കരുത്തോടെ ഫ്രാന്‍സ്‌

ഡൊണെറ്റ്‌സ്‌ക്: ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെതിരെ മറന്നുവെച്ചതൊക്കെ ഫ്രാന്‍സ് പുറത്തെടുത്തു. ആദ്യ മത്സരത്തില്‍ സ്വീഡനെ പരാജയപ്പെടുത്തിയതിന്റെ ആവേശവുമായെത്തിയ യുക്രൈനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്കുള്ള സാധ്യത ബലപ്പെടുത്തി. 

രണ്ടാം പകുതിയിലാണ് ഗോളുകള്‍ രണ്ടും വന്നത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ പാരീസ് സെന്റ് ജര്‍മൈന്‍ താരം ജെറമി മെനസ് 52-ാം മിനിറ്റിലും ന്യൂകാസില്‍ യുണൈറ്റഡ് താരം യോഹാന്‍ കബായെ നാലുമിനിറ്റിനുശേഷവും ഫ്രാന്‍സിനെ മുന്നില്‍ക്കടത്തി. ജയത്തോടെ രണ്ടുകളില്‍ നാലുപോയന്റുമായി ഫ്രാന്‍സ് മുന്‍നിരയിലേക്കെത്തി. അവസാന മത്സരത്തില്‍ സ്വീഡനെ നേരിടുന്ന ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ സാധ്യതകള്‍ സഫലമാക്കാന്‍ സമനില പോലും ധാരാളമാകും. 

മധ്യനിരയും ആക്രമണനിരയും ചേര്‍ന്ന ഏകോപനത്തിലൂടെയാണ് ഫ്രാന്‍സ് മത്സരത്തില്‍ ആതിഥേയര്‍ കീഴടക്കിയത്. ഫ്രാങ്ക് റിബറിയും കബായെയും നസ്‌റിയും ബെന്‍സിമയും മെനസും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങള്‍ നിരന്തരം ആതിഥേയരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. യുക്രൈന്‍ ഗോള്‍ കീപ്പര്‍ ആന്ദ്രെ പ്യാറ്റോവിന്റെ തകര്‍പ്പന്‍ സേവുകളാണ് ഫ്രാന്‍സിന്റെ ഗോളെണ്ണം ഗണ്യമായി കുറച്ചത്. മെനസിന്റെ മാത്രം രണ്ട് മികച്ച ഷോട്ടുകളാണ് പ്യാറ്റേവ് തടുത്തിട്ടത്. അതിവേഗം കൊണ്ട് ഫ്രാന്‍സ് കളം നിറഞ്ഞപ്പോള്‍, ഷെവ്‌ചെങ്കോയുടെ ഒന്നേ രണ്ടോ ഷോട്ടുകളില്‍ യുക്രൈന്റെ ആക്രമണമൊതുങ്ങി. സ്വീഡനെ പരാജയപ്പെടുത്തിയ മികവിന്റെ നിഴല്‍ മാത്രമായിരുന്നു ഡൊണെറ്റ്‌സ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച ഉണ്ടായിരുന്നത്. 

പെരുമഴയത്താണ് യുക്രൈനും ഫ്രാന്‍സും കളിക്കാനിറങ്ങിയത്. കളി ഏഴ് മിനിറ്റ് പിന്നിട്ടതോടെ ഇടിമിന്നല്‍ ശക്തമായതിനെത്തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ഒരുമണിക്കൂറിനുശേഷമാണ് കളി പുനരാരംഭിച്ചത്. 

ആദ്യ പകുതിയില്‍ മുന്നിലെത്താനുള്ള സുവര്‍ണാവസരം ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. 16-ാം മിനിറ്റില്‍ മികച്ചൊരു നീക്കത്തിലൂടെ ഫ്രാന്‍സ് ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടു. റിബറിയുടെ പാസ്സില്‍നിന്ന് യെറമി മെനസിന്റെ ഷോട്ട് വലയിലെത്തിയെങ്കിലും യുക്രൈന്‍ പ്രതിരോധത്തെ കടന്ന് ഏറെ മുന്നിലായാണ് മെനസ് നിന്നിരുന്നത്. 30-ാം മിനിറ്റില്‍ ഫ്രാന്‍സ് വീണ്ടും ഗോളിനടുത്തെത്തി. കരീം ബെന്‍സിമയുടെ ക്രോസില്‍നിന്ന് അനായാസം ഫിനിഷ് ചെയ്യാമായിരുന്നെങ്കിലും, മെനസിന്റെ ശ്രമം യുക്രൈന്‍ ഗോളി പ്യാറ്റേവ് വിഫലമാക്കി. 

34-ാം മിനിറ്റില്‍ ഷെവ്‌ചെങ്കോ യുക്രൈന്റെ വീരനായകനാവേണ്ടതായിരുന്നു. ത്രൂബോള്‍ സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറി ബോക്‌സിനുള്ളില്‍നിന്ന് ഷെവ തൊടുത്ത ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തട്ടിത്തെറിപ്പിച്ചു. 

39-ാം മിനിറ്റില്‍ ഗോളി പ്യാറ്റേവ് വീണ്ടും ആതിഥേയരുടെ രക്ഷകനായി. സമീര്‍ നസ്‌റിയെടുത്ത ഫ്രീക്കിക്കില്‍ ഫിലിപ് മെക്‌സസ് എടുത്ത കനത്ത ഹെഡ്ഡര്‍ ഒന്നാന്തരമൊരു ഡൈവിലൂടെ പ്യാറ്റേവ് രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും മെനസ് പ്യാറ്റേവിനെ പരീക്ഷിച്ചു. ഗോളി മാത്രം മുന്നില്‍നില്‍ക്കെ ഫ്രഞ്ച് താരമെടുത്ത ഷോട്ട് ഗോളിയുടെ ദേഹത്ത് തട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍, 52-ാം മിനിറ്റില്‍ മെനസ് തന്നെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഇടതുവിങ്ങിലൂടെ കയറിയ റിബറി പന്ത് ബെന്‍സിമയ്ക്ക് മറിച്ചുനല്‍കി. ബെന്‍സിമയില്‍നിന്ന് പാസ് സ്വീകരിച്ച മെനസ്, ഒരു ഡിഫന്‍ഡറെ വെട്ടിയൊഴിഞ്ഞശേഷം പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു (1-0). 
56-ാം മിനിറ്റില്‍, പ്രതിരോധപ്പിഴവിലൂടെ യുക്രൈന്‍ അടുത്ത ഗോളും വഴങ്ങി. ഇക്കുറി യോഹാന്‍ കബായെയായിരുന്നു സ്‌കോറര്‍. ബെന്‍സിമയാണ് പാസ് നല്‍കിയത് (2-0).

Newsletter