15March2012

എ.എഫ്.സി. ചാലഞ്ച്: ഉത്തരകൊറിയ സെമിയില്‍

കാഠ്മണ്ഡു: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ ടൂര്‍ണമെന്‍റായ എ.എഫ്.സി. ചാലഞ്ച് കപ്പില്‍നിന്ന് തുടര്‍ച്ചയായ രണ്ടാംതോല്‍വിയോടെ ഇന്ത്യ പുറത്തായി. ഗ്രൂപ്പ് ബി മത്സരത്തില്‍, ഫിലിപ്പീന്‍സിനോട് മറുപടിയില്ലത്ത രണ്ടുഗോളുകള്‍ക്കാണ് ഞായറാഴ്ച ഇന്ത്യ തോറ്റത്. നേരത്തേ നടന്ന മത്സരത്തില്‍ താജിക്കിസ്താനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഉത്തരകൊറിയ സെമിയില്‍ ഇടം പിടിച്ചു.

തുടര്‍ച്ചയായ രണ്ടാംജയത്തോടെയാണ് നിലവിലെ ജേതാക്കളായ ഉത്തരകൊറിയ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി മാറിയത്. താജിക്കിസ്താനെതിരെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ഉത്തരകൊറിയയുടെ വിജയം.

ആദ്യമത്സരത്തില്‍ താജിക്കിസ്താനോട് 2-0ന് പരാജയപ്പെട്ടിരുന്ന ഇന്ത്യക്ക് മുന്നേറണമെങ്കില്‍ ഈ മത്സരത്തില്‍ വമ്പന്‍ജയം അനിവാര്യമായിരുന്നു. എന്നാല്‍, പത്താംമിനിറ്റിലും 73-ാം മിനിറ്റിലും ഫിലിപ് യങ്ഹുസ്ബന്‍ഡാണ് ഇന്ത്യയെ പുറത്താക്കിയ ഗോളുകള്‍ ഫിലിപ്പീന്‍സിനായി നേടിയത്. 

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഇന്ത്യയെ പുറത്തേക്ക് നയിച്ചപ്പോള്‍, ഫിലിപ്പീന്‍സിനെതിരെയും താജിക്കിസ്താനെതിരെയും നേടിയ വിജയങ്ങളാണ് ഉത്തരകൊറിയയെ സെമിയിലെത്തിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉത്തരകൊറിയയാണ് ഇന്ത്യയുടെ എതിരാളി. താജിക്കിസ്താന്‍-ഫിലിപ്പീന്‍സ് മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് ബിയില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തുക. 

2008-ലെ ചാലഞ്ച് കപ്പ് ജേതാക്കളായതോടെയാണ് 2011 ഏഷ്യന്‍കപ്പിന് ഇന്ത്യ യോഗ്യത നേടിയത്. ഇത്തവണ സുനില്‍ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീം ഒരു ഗോള്‍പോലും നേടാതെയാണ് പുറത്തേക്ക് വഴി തുറന്നത്.

Newsletter