കരസേനാ മേധാവിക്ക് കോഴ വാഗാദാനം: സി.ബി.ഐ. അന്വേഷണം തുടങ്ങി
- Last Updated on 12 April 2012
ന്യൂഡല്‍ഹി: സൈന്യത്തിനുവേണ്ടി വാഹനങ്ങള്‍ വാങ്ങുന്നതിന് തനിക്ക് കോഴ വാഗ്ദാനം ചെയെ്തന്ന കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ ആരോപണത്തെക്കുറിച്ച് സി.ബി.ഐ. പ്രാഥമിക അന്വേഷണം തുടങ്ങി. സംഭവത്തെപ്പറ്റി ജനറല്‍ സിങ് ചൊവ്വാഴ്ച വിശദമായ പരാതി സമര്‍പ്പിച്ചിരുന്നു.
പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പുള്ള പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചത്. ഈ ഘട്ടത്തില്‍ ആരെയും ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ അന്വേഷണ ഏജന്‍സിക്ക് സാധിക്കില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യൂ.
കരസേനയില്‍നിന്നു ലഫ്. കേണലായി വിരമിച്ച തേജീന്ദര്‍ സിങ് തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയെ്തന്നാണ് പത്തു നാള്‍ മുമ്പ് ജനറല്‍ സിങ് സി.ബി.ഐ.ക്കു പരാതി നല്‍കിയത്. തുടര്‍ന്ന്, തെളിവുസഹിതം വിശദമായ പരാതി നല്‍കാന്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി.
ജനറല്‍ സിങ്ങിന് കോഴ വാഗ്ദാനം ലഭിച്ചെന്നും ഇക്കാര്യം അദ്ദേഹം പ്രതിരോധ മന്ത്രി എ.കെ. ആന്‍ണിയെ ധരിപ്പിച്ചിരുന്നെന്നും ഈയിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ.ക്കു പരാതി നല്‍കിയത്.
ഇതിനിടെ, ആരോപണം നിഷേധിച്ച ലഫ്. ജനറല്‍ (റിട്ട.) തേജീന്ദര്‍ സിങ് കരസേനാ മേധാവിക്കെതിരെ കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.