13March2012

കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പ് പിളര്‍ന്നാല്‍ പിന്തുണ ഗണേഷിന്

തിരുവനന്തപുരം: അച്ഛനും മകനും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് പിളര്‍ന്നാല്‍ കോണ്‍ഗ്രസ്, മന്ത്രി കെ.ബി. ഗണേഷ് കുമാറിനൊപ്പം നില്‍ക്കും. രണ്ട് എം.എല്‍.എ.മാരുടെ മാത്രം ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരായതിനാല്‍ കോണ്‍ഗ്രസിനു മുമ്പില്‍ മറ്റ് വഴികളില്ല.

ഈ സന്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ ബാലകൃഷ്ണപിള്ളക്ക് നല്‍കിയിട്ടുമുണ്ട്.

ബുധനാഴ്ച യു.ഡി.എഫ്. നേതൃയോഗം നിശ്ചയിച്ചിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസ് ബി യോഗം മന്ത്രിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂടാനിരിക്കയായതിനാല്‍ അതുകഴിഞ്ഞ് യു.ഡി.എഫ്. യോഗം ചേരാന്‍ ധാരണയാവുകയായിരുന്നു.

മന്ത്രിയെ മാറ്റണമെന്ന് പിള്ള ഗ്രൂപ്പ് ആവശ്യപ്പെട്ടാല്‍ അത് ചെവിക്കൊള്ളാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പാര്‍ട്ടിക്കാണ് യു.ഡി.എഫ്. അംഗത്വമെന്നതിനാല്‍ മന്ത്രിയെ സംരക്ഷിക്കുന്നതില്‍ മര്യാദയുടെ പ്രശ്‌നവുമുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കി രമ്യതയുണ്ടാക്കാനുള്ള ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ട്. മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ഗണേഷ്‌കുമാറിന് സ്വതന്ത്രനായി നിലകൊള്ളേണ്ടിവരും.

Newsletter