12March2012

കേരളാ കോണ്‍ഗ്രസ് മുല്ലപ്പെരിയാര്‍ സമരം ഇന്ന് പുനരാരംഭിക്കും

കെ ചപ്പാത്ത്: മുല്ലപ്പെരിയാര്‍ സമരത്തിന് ശക്തിപകരാന്‍ സി.പി.എം.നു പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) രണ്ടാംഘട്ട സമരത്തിന് തുടക്കമിട്ട് ജില്ലാ പ്രസിഡന്‍റ് ജോണി പൂമറ്റത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സമരപ്പന്തലില്‍ ഉപവസിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി. ഉപവാസം ഉദ്ഘാടനം ചെയ്യും.

ഒന്നാംഘട്ട സമരത്തിന്റെ ഭാഗമായി എം.എല്‍.എ.മാരായ റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ് എന്നിവര്‍ നിരാഹാരം അനുഷ്ഠിക്കുകയും വിവിധ പാര്‍ട്ടി ഘടകങ്ങള്‍ ഉപവാസമിരിക്കുകയും ചെയ്തിരുന്നു.

സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തേയ്ക്ക് കേരളാ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് രണ്ടാംഘട്ടസമരവുമായി തിരിച്ചുവന്നത്.

മുല്ലപ്പെരിയാര്‍ സമരസമിതി നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ച നവംബര്‍ 27 മുതല്‍ സി.പി.ഐ. സമരത്തില്‍ സജീവമായിരുന്നു. ഇ.എസ്. ബിജിമോള്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹത്തിന് പിന്നാലെ സി.പി.ഐ.യുടെ നാല് എം.എല്‍.എ.മാര്‍ കൂടി നിരാഹാരം അനുഷ്ഠിച്ചു. തുടര്‍ന്ന് റിലേ ഉപവാസത്തിലും സി.പി.ഐ. സജീവമാണ്.

ജില്ലാ സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് സി.പി.എം. മുല്ലപ്പെരിയാര്‍ സമരത്തില്‍ സജീവസാന്നിദ്ധ്യമായത്. സി.പി.എം.ന്റെ ഉപവാസം ഇപ്പോഴും തുടരുകയാണ്.

തിങ്കളാഴ്ച കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ കട്ടപ്പന ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ ഉപവസിച്ചു. ജില്ലാ ജോ.സെക്രട്ടറി പി.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ബി.ഷാജി, ടോമി ജോര്‍ജ്, ടി.എ.ടോമി, കെ.സി.സുരേന്ദ്രന്‍, ഇ.ജി.പാപ്പു, ടി.ജെ.ജോണ്‍, എന്നിവര്‍ നേതൃത്വം നല്‍കി. കെ.ജി.ഓമനക്കുട്ടന്‍, ടി.കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഐ. പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഉപവസിച്ചു. റിലേ ഉപവാസം 1872 ദിവസം പിന്നിട്ടു.

Newsletter