പിറവത്ത് തോറ്റാല്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല
- Last Updated on 11 March 2012
- Hits: 3
കൊച്ചി: ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും യുഡിഎഫിന് ജയിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന് തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്നാണ് തന്റെ നിലപാടെന്നും മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ജനക്ഷേമ പദ്ധതികള്‍ യുഡിഎഫിന് പിറവത്ത് ഉറച്ച വിജയപ്രതീക്ഷയാണ് നല്‍കുന്നതെന്നും എംഎല്‍എ സ്ഥാനത്തുള്ളവര്‍ വരെ പാര്‍ട്ടി വിട്ടു പോകുന്ന
സാഹചര്യത്തില്‍ സിപിഎം ചിതലെടുത്ത പാര്‍ട്ടിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനുള്ളില്‍ പരിശുദ്ധര്‍ ആരെന്ന് അന്വേഷിക്കേണ്ടി വരുന്നതുകൊണ്ടാണ് പാര്‍ട്ടിക്കുള്ളിലെ യൂദാസുമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്.
താഴെ തട്ടുമുതല്‍ തന്നെ സിപിഎമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണ്. പല സ്ഥാനത്തുള്ളവരും രാജിവെച്ച് പാര്‍ട്ടിവിടുകയെന്ന തുടര്‍പ്രക്രിയയാണ് സിപിഎമ്മിനെ കാത്തിരിക്കുന്നതെന്നും സിപിഎമ്മിനും ഇടതുമുന്നണിക്കും സമൂഹത്തില്‍ മുഖം നഷ്ടമായെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.