11May2012

പൈലറ്റുമാര്‍ എത്തിയില്ല; എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ താളംതെറ്റി. അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡില്‍ അംഗങ്ങളായ നൂറിലേറെ പൈലറ്റുമാര്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ജോലിക്ക് ഹാജരാകാത്തത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍നിന്ന് രാവിലെ

പുറപ്പെടേണ്ട പല വിമാനങ്ങളും ഇതേത്തുടര്‍ന്ന് റദ്ദാക്കി.

ഡല്‍ഹി - ഷിക്കാഗോ, മുംബൈ - ന്യൂജേഴ്‌സി, ഡല്‍ഹി - ടൊറന്റോ, ഡല്‍ഹി - ഹോങ്കോങ് എന്നീ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കമുള്ളവ എയര്‍ ഇന്ത്യ റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെടേണ്ട മസ്‌കറ്റ് വിമാനവും കരിപ്പൂരില്‍നിന്ന് രാവിലെ 11 ന് പുറപ്പെടാനിരുന്ന ഷാര്‍ജ വിമാനവും റദ്ദാക്കിയിട്ടുണ്ട്. മസ്‌കറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കി. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നാണ് സൂചന.

പൈലറ്റ്‌സ് ഗില്‍ഡിന് ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഇന്ത്യ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിലെ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് എയര്‍ഇന്ത്യ മാനേജ്‌മെന്റും പൈലറ്റുമാരും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ എയര്‍ഇന്ത്യ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമരം ചെയ്യുന്നത് ശരിയല്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് സ്വീകരിച്ചത്.

Newsletter