13May2012

Breaking News
സെക്രട്ടറിയുടേത് മാത്രമല്ല പാര്‍ട്ടി നിലപാട്: വി.എസ്‌
ഇന്ത്യയില്‍ 9.55 ലക്ഷം നഴ്‌സുമാര്‍ കുറവ്
പൈലറ്റുമാരുടെ സമരം 16 വിമാനങ്ങള്‍ റദ്ദാക്കി
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വേണുഗോപാല്‍
ജവാന്മാരും ഓഫീസര്‍മാരും തമ്മില്‍ കൂട്ടത്തല്ല്

എയര്‍ഇന്ത്യ വിദേശബുക്കിങ് 15 വരെ നിര്‍ത്തി

ന്യൂഡല്‍ഹി: പൈലറ്റ് സമരം മൂന്നാം ദിവസവും ശക്തമായി തുടര്‍ന്നതോടെ എയര്‍ഇന്ത്യ വിദേശ സര്‍വീസുകളുടെ ബുക്കിങ് ചൊവ്വാഴ്ചവരെ നിര്‍ത്തിവെച്ചു.

ന്യൂയോര്‍ക്ക്, ടൊറന്‍േറാ, ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്ക് ഈ മാസം 15 വരെ ബുക്കിങ് സ്വീകരിക്കില്ല. 

സമരംചെയ്യുന്ന ഒമ്പത് പൈലറ്റുമാരെക്കൂടി വ്യാഴാഴ്ച പുറത്താക്കി. ഇതോടെ, പുറത്താക്കിയ പൈലറ്റുമാരുടെ എണ്ണം 45 ആയി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് സമരം തുടരുന്ന പൈലറ്റുമാര്‍ക്കെതിരെ എയര്‍ഇന്ത്യ വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

ഇതിനിടെ, ഇന്ത്യന്‍ വ്യോമയാനമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ഡല്‍ഹിയില്‍നിന്നുള്ള ഒരുവിഭാഗം പൈലറ്റുമാരും പണിമുടക്കി. കമ്പനിയുടെ പതിനഞ്ച് സര്‍വീസുകള്‍ ഇതേത്തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നു. ഡല്‍ഹിയില്‍നിന്ന് സിംല, ഡെറാഡൂണ്‍, ധര്‍മശാല, ജയ്പുര്‍ റൂട്ടുകളിലെ സര്‍വീസുകളെയാണ് പണിമുടക്ക് ബാധിച്ചത്.

എന്നാല്‍ കമ്പനിയുടെ മാനേജ്‌മെന്‍റ് പകരം പൈലറ്റുമാരെ രംഗത്തിറക്കിയതിനാല്‍ സമരം അത്രയധികം ബാധിച്ചില്ല. സമരം തുടര്‍ന്നാല്‍ കിങ്ഫിഷറിന്റെ മുഴുവന്‍ സര്‍വീസുകളെയും സാരമായി ബാധിച്ചേക്കും. വ്യാഴാഴ്ച രാത്രിമുതല്‍ കിങ്ഫിഷറിന്റെ മുംബൈയില്‍നിന്നുള്ള പൈലറ്റുമാരും പണിമുടക്കുമെന്നാണ് അറിയുന്നത്. 

സുഖമില്ലെന്നുപറഞ്ഞാണ് പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകാത്തതെങ്കിലും ശമ്പളകുടിശ്ശിക തീര്‍ത്തുനല്‍കാത്തതാണ് കാരണമെന്ന് പറയുന്നു. കുടിശ്ശിക ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചമുതല്‍തന്നെ കിങ്ഫിഷര്‍ പൈലറ്റുമാര്‍ സമരത്തിനൊരുങ്ങിയിരുന്നു. എന്നാല്‍ ഈമാസം ഒമ്പതിനകം കുടിശ്ശിക തീര്‍ക്കാമെന്ന് കമ്പനി ചെയര്‍മാന്‍ വിജയ് മല്യ അറിയിച്ചതിനെത്തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍നിന്നുള്ള ഒരുവിഭാഗം പൈലറ്റുമാര്‍ പണിമുടക്കിയത്. മുംബൈയില്‍നിന്നുള്ള പൈലറ്റുമാരും സമരത്തില്‍ പങ്കുചേര്‍ന്നേക്കും. 

എയര്‍ഇന്ത്യയിലെ പൈലറ്റ് സമരം നിയമവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് പൈലറ്റുമാര്‍ സമരം തുടരുകയാണ്. 

പൈലറ്റുമാര്‍ ഹൈക്കോടതിഉത്തരവ് പിന്തുടരണമെന്ന് വ്യോമയാനമന്ത്രി അജിത്‌സിങ് പറഞ്ഞു. വ്യക്തമായ ഉത്തരവാണ് ഹൈക്കോടതിയുടേത്. സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. സമരത്തിന് നേതൃത്വംനല്‍കുന്ന ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡിന്റെ അംഗീകാരം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. 

ഇരുന്നൂറോളം പൈലറ്റുമാര്‍ ജോലിക്ക് ഹാജരാവാത്തതോടെ ബുധനാഴ്ച ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കിയിരുന്നു. ഇരുപതോളം വിമാനങ്ങള്‍ വ്യാഴാഴ്ചയും റദ്ദാക്കി. 

ഇന്ത്യന്‍ എയര്‍ലൈന്‍സിലെയും എയര്‍ഇന്ത്യയിലെയും പൈലറ്റുമാരുടെ വേതനത്തിലുള്ള അന്തരം പൈലറ്റ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്ക് ബോയിങ് 787 ഡ്രീംലൈനറിന്റെ പരിശീലനം നല്‍കാന്‍ തീരുമാനിച്ചതിനു പുറമെ അവര്‍ക്ക് പ്രതിമാസം രണ്ടായിരം ഡോളര്‍വീതം ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്തു. എയര്‍ഇന്ത്യയില്‍ ശമ്പളം നല്‍കാന്‍പോലും കഴിയാതെ സാമ്പത്തികപ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്ക് ശമ്പളവര്‍ധന നല്‍കുന്നതെന്ന് ഗില്‍ഡ് ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ കോ-പൈലറ്റുമാരെ അഞ്ചോ ആറോ വര്‍ഷംകൊണ്ട് ക്യാപ്റ്റന്റെ ഗ്രേഡിലെത്തിക്കുന്നുണ്ട്. എന്നാല്‍, എയര്‍ഇന്ത്യയുടെ കോ-പൈലറ്റുമാര്‍ പത്തുവര്‍ഷത്തോളമെടുത്താണ് ക്യാപ്റ്റന്‍ ഗ്രേഡിലെത്തുന്നത്. ഇത്തരം കാര്യങ്ങളില്‍ തുല്യത വേണമെന്നും അഞ്ഞൂറോളം പൈലറ്റുമാരുടെ ഭാവി എയര്‍ഇന്ത്യ കണക്കിലെടുക്കണമെന്നും ഗില്‍ഡ് ആവശ്യപ്പെടുന്നു.

Newsletter