11May2012

നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യാം: അമിക്കസ്‌ ക്യൂറി

അഹമ്മദാബാദ്‌• ഗുജറാത്ത്‌ കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യാമെന്നു സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം പ്രോസിക്യൂട്ട്‌ ചെയ്യാമെന്നാണ്‌ അമിക്കസ്‌ ക്യൂറി രാജു രാമചന്ദ്രന്‍ സുപ്രീംകോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍

പറയുന്നത്‌.

നിയമസംബന്ധമായ കാര്യങ്ങളില്‍ കോടതിയെ സഹായിക്കാന്‍ നിയമിതനാകുന്ന സ്വതന്ത്ര അഭിഭാഷകനാണ്‌ അമിക്കസ്‌ ക്യൂറി (കോടതിയുടെ ഉപദേശകന്‍). രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ ആറു മാസം മുന്‍പുതന്നെ സുപ്രീം കോടതിക്കു കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പരാതിക്കാരിയായ സാക്കിയ ജാഫ്രിക്ക്‌ ഇന്നലെ കൈമാറിയതോടെയാണു വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നത്‌. മോഡിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണു റിപ്പോര്‍ട്ട്‌. 

ഗുജറാത്ത്‌ കലാപത്തില്‍ മോഡിയുടെ പങ്കിനെക്കുറിച്ച്‌ എന്തെങ്കിലും സംശയമുണ്ടായിരുന്നവര്‍ക്ക്‌ അതു മാറിയെന്നു കോണ്‍ഗ്രസ്‌ അഭിപ്രായപ്പെട്ടു. എന്നാല്‍, റിപ്പോര്‍ട്ട്‌ ബിജെപി നിരാകരിച്ചു. അന്വേഷണം പൊലീസിന്റെ ചുമതലയാണെന്നും അഭിഭാഷകര്‍ക്ക്‌ ഇതില്‍ കാര്യമില്ലെന്നും ബിജെപി നേതാവ്‌ അരുണ്‍ ജയ്‌റ്റ്‌ലി പ്രതികരിച്ചു. 

കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നിഗമനങ്ങള്‍ക്കു വിരുദ്ധമാണ്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌. മോഡിക്കെതിരെ കേസ്‌ വേണ്ടെന്നായിരുന്നു എസ്‌ഐടി റിപ്പോര്‍ട്ട്‌. ശത്രുത വളര്‍ത്തിയതിന്‌ ഐപിസി 153 എ (1)എ, എ(1)ബി, 153 ബി(1) വകുപ്പുകള്‍പ്രകാരം പ്രഥമദൃഷ്‌ട്യാ കേസെടുക്കാമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുസേവകന്റെ നിയമലംഘനത്തിന്റെ പേരില്‍ ഐപിസി 166, വിദ്വേഷം വളര്‍ത്തുന്ന പ്രസ്‌താവനകളുടെ പേരില്‍ 505 (2) വകുപ്പുകളും മോഡിക്കെതിരെ ചുമത്താം. 

മോഡിക്കെതിരെ ഐപിഎസ്‌ ഉദ്യോഗസ്‌ഥന്‍ സഞ്‌ജീവ്‌ ഭട്ട്‌ നല്‍കിയ മൊഴികളുടെ അടിസ്‌ഥാനത്തിലാണു റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍. പ്രതികാരം തീര്‍ക്കാനും ന്യൂനപക്ഷത്തെ പാഠം പഠിപ്പിക്കാനും ഭൂരിപക്ഷ സമുദായത്തെ അനുവദിക്കണമെന്നു പൊലീസിനു മോഡി 2002 ഫെബ്രുവരി 27നു നിര്‍ദേശം നല്‍കിയതായി ഭട്ട്‌ മൊഴി നല്‍കിയിരുന്നു. കലാപത്തിന്റെ പശ്‌ചാത്തലത്തില്‍ ചേര്‍ന്ന പൊലീസ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ ഭട്ട്‌ പങ്കെടുത്തിട്ടില്ലെന്നാണു മോഡി പറയുന്നത്‌. എന്നാല്‍, ഇതു തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നും യോഗത്തിന്റെ മിനിറ്റ്‌സ്‌ കാണാനില്ലെന്നും രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വിചാരണക്കോടതിക്കു തനതായ നിഗമനങ്ങളില്‍ എത്താം.

Newsletter