ലോക ക്ലബ് ഫുട്‌ബോളിനും വേദിയാകാന്‍ ഇന്ത്യ
- Last Updated on 10 March 2012
- Hits: 1
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് പുറമെ 2015ല്‍ നടക്കാനിരിക്കുന്ന ലോക ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനും വേദിയൊരുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയ്ക്ക് അനുവദിക്കാന്‍ ഫിഫ തത്വത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും ക്ലബ് ഫുട്‌ബോളിന്റെ വേദിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഇന്ത്യ വളരെ ഗൗരവപൂര്‍ണമാണ് രണ്ട് ടൂര്‍ണമെന്റുകള്‍ക്കുമുള്ള വേദികള്‍ക്കായി അവകാശവാദം ഉന്നയിക്കുന്നതെന്ന് ബ്ലാറ്റര്‍ കൂടി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഈ മാസം അവസാനം സൂറിച്ചില്‍ നടക്കുന്ന ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ ടൂര്‍ണമെന്റുകളുടെ വേദികള്‍ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.
അണ്ടര്‍ 17 ലോകകപ്പിന്റെ വേദി അനുവദിക്കുകയാണെങ്കില്‍ ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ നടാടെ ലോകകപ്പില്‍ കളിക്കാനുള്ള അവസരം ലഭിക്കും. അതുപോലെ ക്ലബ് ഫുട്‌ബോളിന് വേദിയാവുക വഴി രാജ്യത്തെ ചാമ്പ്യന്‍ ക്ലബിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടാനും കഴിയും. ഇതാണ് ഈ ദിശയില്‍ ചിന്തിക്കാന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രേരിപ്പിച്ചത്.
എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് തനിച്ച് എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് ബ്ലാറ്റര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേദി ലഭിക്കാനുള്ള മികച്ച സാധ്യത ഉണ്ടെന്നു മാത്രമേ എനിക്ക് പറയാനാകൂ. ഫിഫയില്‍ ഞാന്‍ തനിച്ചല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തീര്‍ത്തും ജനാധിപത്യപരമായ രീതിയിലാണ് അവിടെ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഫിഫയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കാണ് ഇതിനുള്ള പൂര്‍ണ അധികാരം. എന്നാല്‍, അതിനുവേണ്ടി ഇന്ത്യ ഇപ്പോള്‍ തന്നെ അണ്ടര്‍ 12 ടീമിനെ ഒരുക്കി തയ്യാറെടുപ്പു നടത്തിത്തുടങ്ങണം-ബ്ലാറ്റര്‍ പറഞ്ഞു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അധ്യക്ഷന്‍ ഷാങ് സിലോങ്ങും മണിലാല്‍ ഫെര്‍ണാണ്ടോയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.