പേസ്-സ്റ്റെപാനെക് സഖ്യം ഫൈനലില്‍
- Last Updated on 31 March 2012
- Hits: 3
മിയാമി: ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്താരം റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന സഖ്യം മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു.ഒന്നാം സീഡായ അമേരിക്കയുടെ മൈക്ക് - ബോബ് ബ്രയാന്‍ സഹോദരങ്ങളെ സെമിയില്‍ അട്ടിമറിച്ചാണ് ഏഴാം സീഡായ ഇന്തോ - ചെക് സഖ്യം മുന്നേറിയത് (6-4, 6-4). ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും പേസും സ്റ്റെപാനെകും ചേര്‍ന്ന്
ബ്രയാന്‍ സഹോദരങ്ങളെ കീഴടക്കി ചാമ്പ്യന്മാരായിരുന്നു.
കഴിഞ്ഞ രണ്ട് തവണയും വ്യത്യസ്ത പങ്കാളികള്‍ക്കൊപ്പം കിരീടം ചൂടിയ പേസ് ഹാട്രിക് നേട്ടമാണ് മിയാമിയില്‍ ലക്ഷ്യമിടുന്നത്. രണ്ടാം സീഡ് സഖ്യമായ ബലാറസിന്റെ മാക്സിമിര്നിയും കാനഡയുടെ ഡാനിയല്‍ നെസ്റ്ററുമാണ് പേസ് സഖ്യത്തിന്റെ ഫൈനല്‍ എതിരാളികള്‍.
ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ഫൈനലിന് സാധ്യത അവസാനിപ്പിച്ച് മഹേഷ് ഭൂപതി - റോഹന്‍ ബോപ്പണ്ണ സഖ്യത്തെയാണ് മിര്നിയും നെസ്റ്ററും സെമിയില്‍ വീഴ്ത്തിയത് (6-1, 6-4).
വനിതാ ഫൈനലില്‍ രണ്ടാം സീഡായ റഷ്യയുടെ മരിയ ഷറപ്പോവയും പോളണ്ടിന്റെ അഞ്ചാംസീഡ് അഗ്നീസ്ക്ക റഡ്വാന്‍സ്കയും ഏറ്റുമുട്ടും. ഡെന്മാര്ക്കിന്റെ മുന്‍ലോക ഒന്നാം നമ്പര്‍ കരോലിന് വൊസ്നിയാക്കിയെയാണ് ഷറപ്പോവ സെമിയില്‍ മറികടന്നത് (4-6, 6-2, 6-4). റഡ്വാന്‍സ്ക ഫ്രാന്‍സിന്റെ ഏഴാം സീഡ് മരിയന്‍ ബര്ത്തോളിയെയും കീഴടക്കി (6-4, 6-2).
ഡേവിഡ് ഫെററെ തോല്പിച്ച് ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചും (6-2, 7-6) മാര്‍ഡി ഫിഷിനെ തോല്പിച്ച് യുവാന്‍ മൊണോക്കോയും (6-1, 6-3) പുരുഷ സെമിയിലെത്തി.