24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Sports Other Sports എസ്.പി. മുരളീധരന്‍ ചരിത്രം കുറിച്ചു

എസ്.പി. മുരളീധരന്‍ ചരിത്രം കുറിച്ചു

ധനുഷ്‌കോടി: എസ്.പി.മുരളീധരന്‍ പാക് കടലിടുക്കിലൂടെ നീന്തുമ്പോള്‍ അപ്രതീക്ഷിതമായി പലതും സംഭവിച്ചു. അടിയൊഴുക്കിന്റെ ഗതിമാറി. പൈലറ്റ് ബോട്ടിലെ ജനറേറ്റര്‍ കേടായി. നീന്തലിന്റെ ദിശമാറി. അങ്ങനെ പലതും. മുരളിയുടെ നീന്തല്‍ യജ്ഞം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ആകസ്മികമായി പലതും നേരിടേണ്ടിവന്നു. കര കാത്തുവെച്ചതും കടല്‍ ഒരുക്കിവെച്ചതുമായി ഒരുപാട് സംഭവങ്ങള്‍.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് മുരളിക്ക് ദൗത്യം തുടങ്ങേണ്ടിയിരുന്നത്. തിങ്കളാഴ്ച രാമേശ്വരത്ത് വെച്ച് മുരളിയെ കാണുമ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും സംശയമുദിച്ചു. മൂന്നുദിവസമായി താന്‍ ഉറങ്ങിയിട്ടെന്ന് മുരളി പറഞ്ഞു. കസ്റ്റംസ് ക്ലിയറന്‍സ് മുതല്‍ ശ്രീലങ്കന്‍ നേവിയുടെ പരിശോധന വരെ കഴിയുമ്പോള്‍ പലപ്പോഴും ഉറങ്ങാന്‍ സമയം കിട്ടില്ല. ലോകത്തെ ഏറ്റവും അപകടകരമായ കടലിടുക്ക് നീന്തിക്കടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍പ്പോലും ഓടിനടന്ന് ഓരോ പേപ്പറുകള്‍ ശരിയാക്കുന്നതിന്റെ തിരക്കിലായിരുന്നു മുരളി. 

ശ്രീലങ്കന്‍ നേവിയുടെ അനുമതി കിട്ടിയതോടെ മുരളിയും സംഘവും തിങ്കളാഴ്ച വൈകിട്ടോടെ ബോട്ടില്‍ തലൈമന്നാറിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെ മാധ്യമപ്രവര്‍ത്തകരും മുരളിയുടെ സുഹൃത്തുക്കളും രാമേശ്വരത്ത് ഇന്ത്യന്‍ നേവിയുടെ പരിശോധനയ്ക്ക് കയറി. എത്രയുംവേഗം രണ്ടു ബോട്ടുകളിലായി പോവുകയും ശ്രീലങ്കന്‍ നാവിക അതിര്‍ത്തിയില്‍ വെച്ച് മുരളിക്കൊപ്പം ചേരുകയുമായിരുന്നു ലക്ഷ്യം. ബോട്ടിന് പതിനേഴ് കിലോമീറ്റര്‍ സ്പീഡില്‍ പോകാനാകും. 

മുരളി ഒരു മണിക്കൂര്‍കൊണ്ട് പരമാവധി മൂന്ന് കിലോമീറ്റര്‍ നീന്തും. മുരളി ഒരു മണിക്ക് തലൈമന്നാറില്‍ നിന്ന്പുറപ്പെടും. അഞ്ചോ ആറോ കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഞങ്ങള്‍ക്ക് മുരളിക്കൊപ്പം ചേരാം. അതായിരുന്നു പദ്ധതി. കസ്റ്റംസ്, എമിഗ്രേഷന്‍ എന്നിങ്ങനെ നിരവധി പരിശോധനകള്‍ക്ക് ശേഷം രണ്ട് പഴഞ്ചന്‍ ബോട്ടുകളിലായി ഞങ്ങളുടെ സംഘം തലൈമന്നാറിനെ ലക്ഷ്യമാക്കി യാത്രതുടങ്ങി. കിഴക്ക് തലൈമന്നാറില്‍ നിന്ന് പടിഞ്ഞാറ് ധനുഷ്‌കോടിയിലേക്കാണ് മുരളി നീന്തുന്നത്. 

വടക്ക് രാമേശ്വരത്ത് നിന്ന് തെക്കോട്ടാണ് ഞങ്ങള്‍ പുറപ്പെട്ടത്. പത്ത് കിലോമീറ്റര്‍ കഴിയുമ്പോള്‍ മുരളിയുടെ യാത്രാരേഖയില്‍ ഞങ്ങള്‍ക്ക് ബന്ധപ്പെടാനാകും. രാവിലെ ആറുമണിയോടെ ബോട്ട് ഉടമയും സ്രാങ്കുമായ യുവാവ്, ഡ്രൈവര്‍ ക്യാബിന്റെ മുകളില്‍ക്കയറി നിരീക്ഷണം ആരംഭിച്ചു. ആതേ കാമ്പസില്‍ (വടക്ക് നോക്കിയന്ത്രം) പോടാ... എന്ന് അയാള്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം കൊടുത്തു. ഒടുവില്‍ വിദൂരതയില്‍ പൊട്ടുപോലെ രണ്ട് വള്ളങ്ങളും ഒരു ബോട്ടും പ്രത്യക്ഷപ്പെട്ടു. 

അപ്പോഴേക്കും ഞങ്ങള്‍ ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞിരുന്നു. സ്രാങ്കിന് അല്‍പ്പം പേടിയായി. ബോട്ടിന്റെ മുന്നില്‍ നിന്ന ഫോട്ടോഗ്രാഫര്‍മാരെ, ശ്രീലങ്കന്‍ നേവിയുടെ ഉന്നം പറഞ്ഞ് വിരട്ടി. ലങ്കയ്ക്ക് പോകണമെങ്കില്‍ അവിടെത്തന്നെ നിന്നോ എന്നും നേവിക്കാര്‍തന്നെ പിടിച്ചുകൊണ്ടുപോകുമെന്നും സ്രാങ്ക് ഭീഷണിപ്പെടുത്തി. ബോട്ട് മുന്നോട്ട് നീങ്ങി. ലങ്കന്‍ നേവിയുടെ ഒരു സ്പീഡ് ബോട്ട് തൊട്ടുമുന്നിലെത്തി. മെഷീന്‍ ഗണ്ണുമുതലുള്ള സജ്ജീകരണങ്ങളുണ്ട്. ആ ബോട്ടിന് ഞങ്ങളുടെ ബോട്ടിന്റെ തലയ്ക്ക് മുകളിലൂടെ പറന്നു കയറാമെന്നും അവന്‍മാര്‍ ഭയങ്കരന്മാരാണെന്നും സ്രാങ്കും സംഘവും തട്ടിവിട്ടു. ലങ്കന്‍ നേവി സ്പീഡ് ബോട്ടില്‍ ഞങ്ങള്‍ക്കരികിലെത്തി. അഭിവാദ്യം ചെയ്തു. തലയ്ക്ക് മുകളിലൂടെ പറക്കാതെ, മാന്യമായി വലംവെച്ച് പോയി.

ഒമ്പതുമണിയായപ്പോള്‍ മുരളിക്കൊപ്പമെത്തി. പിന്നെ പടിഞ്ഞാറ് ധനുഷ്‌കോടിയിലേക്ക് ദിശമാറ്റി. കുറേദൂരം മുന്നോട്ട് പോവുക, എന്‍ജിന്‍ ഓഫാക്കി നിര്‍ത്തുക മുരളി നീന്തിയെത്തുമ്പോള്‍ വീണ്ടും നീങ്ങുക ഇതായിരുന്നു യാത്രാപരിപാടി. പത്തുമണിയായതോടെ സകലരും തളര്‍ന്നു. ഒരു ചായപോലും കുടിക്കാതെയാണ് പുലര്‍ച്ചെ രണ്ടുമണിക്ക് ബോട്ടില്‍ കയറാന്‍ പുറപ്പെട്ടത്. അടുത്തുകൂടി കടന്നുപോയ ഒരു ബോട്ടിനെ നമ്മുടെ സ്രാങ്ക് തടഞ്ഞുനിര്‍ത്തുകയും കുറച്ച് മീന്‍ വാങ്ങുകയും ചെയ്തു. ആ മീന്‍ അങ്ങനെ തന്നെ കാബിനിലെ മണ്ണെണ്ണ സ്റ്റൗവിലെ പാത്രത്തിലിട്ട് വേവിച്ചു. ഒരു പാത്രത്തില്‍ പഴങ്കഞ്ഞിയും. 

രണ്ടോ മൂന്നോ ഭാഗ്യശാലികള്‍ക്ക് പഴങ്കഞ്ഞി കിട്ടി. ഒരു ഞണ്ടിന്റെ കാലുകള്‍ ഞാന്‍ വലിച്ചുകുടിച്ചു. ഒരു പാത്രത്തില്‍ പഴങ്കഞ്ഞിയിട്ട് എല്ലാവരും കൂടി വാരിക്കഴിക്കുന്ന ശീലമാണ് ബോട്ടുകാര്‍ക്ക്. പാതി വെന്ത മീനിനെ ബോട്ടിന്റെ തറയിലിട്ട് പുറത്ത് നിന്ന് മാന്തിപ്പൊളിച്ച് തിന്നും. അവര്‍ മറ്റൊന്നും കരുതേണ്ട എന്നു കരുതി ഞങ്ങളും അങ്ങനെതന്നെ കഴിച്ചു. അഞ്ചോ ആറോ പേരുടെ വിശപ്പിന് താത്കാലിക ശമനമായി. ഇരുപത്തിയഞ്ചോളം പേര്‍ കിടപ്പായി. രാവിലെ പത്തുമണിയോടെ മുരളി റെക്കോഡ് ഭേദിച്ച് ധനുഷ്‌കോടിയിലെത്തുമെന്നാണ് കരുതിയത്. (അതുകൊണ്ടുതന്നെ ശുദ്ധജലവും ഭക്ഷണവും ബോട്ടില്‍ കരുതിയിരുന്നില്ല). എന്നാല്‍ പൈലറ്റ് ബോട്ടിലെ ജനറേറ്റര്‍ കേടായതിനാല്‍ പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകി. 

പത്തുമണിയായപ്പോള്‍ മുരളി പകുതി ദൂരം പോലും താണ്ടിയിരുന്നില്ല. പന്ത്രണ്ടു മണിയോടെ സകലര്‍ക്കും നിയന്ത്രണം വിട്ടു. പലരും ഒരു തുള്ളി വെള്ളം കുടിച്ചിട്ട് പത്തുമണിക്കൂര്‍ കഴിഞ്ഞു. വിഷമത മനസ്സിലാക്കിയ സ്രാങ്ക് വീണ്ടും ഇടപെട്ടു. മറ്റൊരു ബോട്ടുമായി വശം പിടിച്ച് കുറച്ച് അരി വാങ്ങി. അത് വറുത്തു. മിക്‌സ്ച്ചര്‍ പോലെ എല്ലാവര്‍ക്കും ഒരോ പിടി വറുത്ത അരി കിട്ടി. മറ്റൊന്നുമില്ലാത്തതിനാല്‍ നല്ല സ്വാദായിരുന്നു അതിന്.

ധനുഷ്‌കോടിവരെ ബോട്ട് പോകാത്തതിനാലും വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാത്തതിനാലും ഞങ്ങള്‍ ദിശമാറ്റി നേരേ, രാമേശ്വരത്തേക്ക് വിട്ടു. ഉച്ചയ്ക്ക് രണ്ടരയോടെ രാമേശ്വരത്തെത്തി. പെട്ടെന്ന് വിശപ്പ് മാറ്റി, കരമാര്‍ഗം നേരെ ധനുഷ്‌കോടിയിലേക്ക്. നാലരയോടെ മുരളി ധനുഷ്‌കോടിയില്‍ നീന്തിയെത്തി. അടിയൊഴുക്ക് ശക്തമായതിനാല്‍ പത്ത് കിലോമീറ്റര്‍ അധികം നീന്തിയാണ് മുരളിയെത്തിയത്. അങ്ങനെ റെക്കോഡ് നഷ്ടമായി. വീണ്ടും രാമേശ്വരത്ത് വെച്ച് മുരളിയെ ഞങ്ങള്‍ കണ്ടു. താനൊരു മഹാകാര്യമാണ് ചെയ്തതെന്ന ഭാവമോ പതിനാല് മണിക്കൂര്‍ കടലില്‍ നീന്തിയതിന്റെ ക്ഷീണമോ മുരളിക്കില്ലായിരുന്നു. ഇനി കാറ്റലീന കടലിടുക്കാണ് മുരളി ലക്ഷ്യം വെക്കുന്നത്. അടുത്തദിവസം മുതല്‍ പരിശീലനം തുടങ്ങുമത്രെ!

എസ്.പി.മുരളീധരന്‍

ചേര്‍ത്തല തിരുനെല്ലൂര്‍ ശൗരിക്കാട്ട് തറയില്‍ പ്രഭാകരന്റെയും സരോജിനിയുടെയും മകനായ മുരളീധരന്‍ യാദൃച്ഛികമായാണ് നീന്തല്‍രംഗത്തേക്ക് വന്നത് മുംബൈയില്‍ സ്വിമ്മിങ് പൂള്‍ ക്ലീനറായി ജോലി നോക്കിയിട്ടുള്ള മുരളി സാഹസിക നീന്തലിലാണ് താത്പര്യം കാണിച്ചത്. 2001 ഫിബ്രവരിയില്‍ കുമരകം കവണാറ്റിന്‍കര മുതല്‍ പുത്തനങ്ങാടി വരെയും തിരിച്ചും 21 കിലോമീറ്റര്‍ ദൂരം അഞ്ചു മണിക്കൂറില്‍ നീന്തിയെത്തിയ മുരളീധരന്‍, 2002 ജനവരിയില്‍ പുന്നമട മുതല്‍ വൈക്കം വരെ വേമ്പനാട്ട് കായല്‍ 16 മണിക്കൂറില്‍ നീന്തി. 2005-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലോക സാഹസിക നീന്തല്‍ മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി മത്സരിച്ചു. 17 ഡിഗ്രി സെല്‍ഷ്യസ് കാലാവസ്ഥയില്‍ 27 കിലോമീറ്റര്‍ നീന്തി അഞ്ചാംസ്ഥാനത്തെത്തി. 2005 ഫിബ്രവരിയില്‍ ബോംബെ കടലിടുക്കും മുരളിയുടെ സാഹസികതയ്ക്ക് മുന്നില്‍ തലകുനിച്ചു.

Newsletter