സൈന നേവാളിന് സ്വിസ് ഓപ്പണ്‍
- Last Updated on 19 March 2012
- Hits: 18
ബാസല്‍: സച്ചിന് തെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറിക്ക് ഒരുവര്‍ഷമാണ് കാത്തിരിക്കേണ്ടിവന്നതെങ്കില്, സമാനമായ കാത്തിരിപ്പിന് സൈന നേവാളും വിരാമമിട്ടു. ബാഡ്മിന്റണില്‍ കിരീടമില്ലാതെ ഒരുവര്‍ഷം പിന്നിട്ട സൈന നേവാള്‍, സ്വിസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡില്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ഷിസിയാന്‍ വാങ്ങിനെ നേരിട്ടുള്ള ഗെയിമുകളില്‍ (21-19, 21-16)ന്
പരാജയപ്പെടുത്തിയാണ് ഇക്കൊല്ലത്തെ ആദ്യ കിരീടം സൈന നേവാള്‍ സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20ന് സ്വിസ് ഓപ്പണിലാണ് സൈന ഒടുവില്‍ കിരീടം നേടിയത്.
ആദ്യ ഗെയിമില്‍ 10-2ന് മുന്നിട്ടുനിന്നശേഷം എതിരാളിയെ മുന്നേറാന്‍ അനുവദിച്ച സൈന, ഒരുഘട്ടത്തില്‍ 16-16 എന്ന നിലയിലെത്തി. പിന്നീട് ലീഡ് നിലനിര്‍ത്തിയ സൈന ഒടുവില്‍ ഗെയിം 21-19ന് സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിലും തുടക്കത്തിലേ ലീഡെടുത്തെങ്കിലും ഷിസിയാന്‍ വാങ് 7-7ല്‍ ഒപ്പമെത്തുകയും പിന്നീട് ലീഡെടുക്കുകയും ചെയ്തു. തുടര്‍ച്ചയായി നാലുപോയന്റെടുത്ത ഷിസിയാന്‍ 7-11ന് ലീഡ് സ്വന്തമാക്കി. എന്നാല്‍, തിരിച്ചുവന്ന സൈന 13-13ല്‍ വീണ്ടും ഒപ്പമെത്തി പിന്നീട് കരുത്തോടെ മുന്നേറിയ ഇന്ത്യന്‍ താരം 21-16ന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ചൈനീസ് താരം ആറാം സീഡ് സിന് ലിയുവിനെയാണ് സൈന പരാജയപ്പെടുത്തിയത്. സെമിയില്‍ ഒന്നാം സീഡും ചൈനീസ് താരവുമായ യിഹാന് വാങ്ങിനെ അട്ടിമറിച്ചെത്തിയ ജപ്പാന് താരം മിനാസു മിറ്റാനിയായിരുന്നു എതിരാളി. നേരിട്ടുള്ള സെറ്റുകളില്‍ മിറ്റാനിയെ (21-16, 21-18) വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
കഴിഞ്ഞവര്‍ഷം സൈന നേടിയ ഏക കിരീടമായിരുന്നു സ്വിസ് ഓപ്പണ്‍. 2010-ല്‍ മൂന്ന് സൂപ്പര്‍ സീരീസ് കിരീടങ്ങളടക്കം മിന്നുന്ന ഫോമില്‍ മുന്നേറിയ സൈനയ്ക്ക് അടുത്തിടെയൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 2011-ല്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡില്‍ കിരീടം നേടിയതൊഴിച്ചാല്‍, മലേഷ്യ ഓപ്പണിലും ഇന്‍ഡൊനീഷ്യ സൂപ്പര്‍ സീരീസിലും സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സ് ഫൈനലിലും റണ്ണറപ്പാവുകയായിരുന്നു. കിരീടവരള്‍ച്ചയ്ക്ക് ഇതോടെ വിരാമമിടാനും ലോക അഞ്ചാംനമ്പര്‍ താരമായ സൈനയ്ക്ക് സാധിച്ചു. റാങ്കിങ്ങിലും കുതിച്ചുകയറ്റത്തിന് ഈ വിജയം സൈനയെ സഹായിക്കും.