ഒഡിഷയിലെ മാവോവാദി നേതാവ് കീഴടങ്ങി
- Last Updated on 08 May 2012
മാല്‍ക്കന്‍ഗിരി: അനുയായികള്‍ പീഡിപ്പിക്കുന്നെന്നാരോപിച്ച് ഒഡിഷയിലെ മാവോവാദി ഡെപ്യൂട്ടി കമാന്‍ഡര്‍ കീഴടങ്ങി. ആന്ധ്ര - ഒഡിഷ അതിര്‍ത്തിയിലെ നേതാവായ രമേഷ് എന്ന റെയ്മാന് പാംഗിയാണ് ഡി.ഐ.ജി.സുമേന്ദ്ര പ്രിയദര്‍ശിനിക്കു മുന്നില്‍ കീഴടങ്ങിയത്.
28-കാരനായ രമേഷ് പത്തുവര്‍ഷംമുമ്പാണ് സംഘടനയില്‍ ചേര്‍ന്നത്. ഒഡിഷയും ആന്ധ്രയുമായിരുന്നു പ്രവര്‍ത്തനകേന്ദ്രങ്ങള്‍. ആന്ധ്രയിലും ഛത്തീസ്ഗഢിലുമുള്ള അനുയായികള്‍ അപമാനിക്കുന്നെന്നാണ് ആരോപണം. മുഖ്യധാരയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആന്ധ്രയില്‍നിന്നുള്ള താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് പ്രാധാന്യം നല്കുമ്പോള് ഒഡിഷയിലെ പ്രവര്‍ത്തകരെ അവഗണിക്കുന്നു. അവര്‍ക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. പോലീസ്സ്റ്റേഷന് ആക്രമണവും സ്ഫോടനങ്ങളുമടക്കം ഒട്ടേറെ കേസുകള്‍ രമേഷിനെതിരെയുണ്ട്.
രണ്ടുമാസത്തിനിടെ കീഴടങ്ങുന്ന മൂന്നാമത്തെ പ്രമുഖ മാവോവാദി നേതാവാണ് ഇയാള്‍.