യെദ്യൂരപ്പയുടെ വീടുകളില്‍ സി.ബി.ഐ. റെയ്ഡ്
- Last Updated on 16 May 2012
ബാംഗ്ലൂര്‍: അനധികൃത ഖനന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ വസതിയില്‍ സി.ബി.ഐ. റെയ്ഡ്. ബാംഗ്ലൂരിലെ ഡോളര്‍ കോളനിയിലെ വീട്ടിലും ഷിമോഗയിലെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ബാംഗ്ലൂര്‍, ഷിമോഗ, ബെല്ലാരി എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങൡലും അന്വേഷണസംഘം പരിശോധന നടത്തി. മക്കളായ
രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകന്‍ സോഹന്‍ കുമാര്‍ എന്നിവരുടെ വീടുകളിലും സി.ബി.ഐ. സംഘം റെയ്ഡ് നടത്തി. ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും ഒമ്പതംഗസംഘമാണ് ഒരേസമയം പലയിടങ്ങൡലായി റെയ്ഡ് നടത്തിയത്.
കഴിഞ്ഞദിവസം അന്വേഷണസംഘം എഫ്.ഐ.ആര്‍. തയ്യാറാക്കിയിരുന്നു. യെദ്യൂരപ്പക്കെതിരായ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതോടെയാണ് സി.ബി.ഐ. അന്വേഷണം ശക്തമാക്കിയത്. ബി.വൈ. രാഘവേന്ദ്ര എം.പി, ബി.വൈ.വിജയേന്ദ്ര, മരുമകന്‍ സോഹന്‍ കുമാര്‍, ഖനി ഉടമ പ്രവീണ്‍ ചന്ദ്ര എന്നിവരേയും സൗത്ത് വെസ്റ്റ് മൈനിങ് കമ്പനിയേയും ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിട്ടുള്ളത്.
സി.ബി.ഐ. ബാംഗ്ലൂര്‍ യൂണിറ്റ് ഡി.ഐ.ജി. ഹിതേന്ദ്ര, എസ്.പി. ലക്ഷ്മി നാരായണ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. യെദ്യൂരപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രേരണ എഡ്യുക്കേഷനല്‍ ട്രസ്റ്റ് അടക്കമുള്ള സ്ഥാപനങ്ങളും സി.ബി.ഐ. അന്വേഷണപരിധിയില്‍ വരും. യെദ്യൂരപ്പ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിലൂടെ കുടുംബാംഗങ്ങള്‍ വന്‍ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്.