കൊല്‍ക്കത്തയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു
- Last Updated on 17 May 2012
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററില്‍ കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന 201 നഴ്‌സുമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നു. നഴ്‌സുമാരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ജോമിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയിലെ വന്‍കിട
സ്വകാര്യ ആസ്പത്രികളില്‍ ഒന്നാണ് ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്റര്‍. വ്യാഴാഴ്ച രാവിലെ ആസ്പത്രി അധികൃതര്‍ക്ക് നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് നഴ്‌സുമാര്‍ തീരുമാനിച്ചിട്ടുള്ളത്. രാജിക്കത്ത് നേരിട്ട് സ്വീകരിച്ചില്ലെങ്കില്‍ തപാല്‍ വഴി അയച്ചുകൊടുക്കാനാണ് തീരുമാനം. സമരം ചെയ്യുന്ന നഴ്‌സുമാരെ സഹായിക്കാനായി ഡല്‍ഹിയില്‍ നിന്നും ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അജയ്കുമാര്‍ എത്തിയിട്ടുണ്ട്. മറ്റൊരു ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ജോമിന്‍ ഒരാഴ്ചയായി കൊല്‍ക്കത്തയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഒന്നര കൊല്ലമായി തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണിച്ച് നഴ്‌സുമാര്‍ നിരവധി തവണ ആസ്പത്രി അധികൃതര്‍ക്ക് നിവേദനം കൊടുത്തിരുന്നു. പക്ഷെ, അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു പ്രതികരണവും ലഭിക്കാത്തതിനാലായിരുന്നു മെയ് ഏഴിന് നഴ്‌സുമാര്‍ പണിമുടക്ക് തുടങ്ങിയത്. സമരം ചെയ്യുന്ന നഴ്‌സുമാരില്‍ ഭൂരിഭാഗവും മലയാളികളാണ്. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ആരും പങ്കെടുക്കാതിരുന്നതിനാല്‍ മെയ് 14ന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ വിളിച്ചുകൂട്ടിയ ഒത്തുതീര്‍പ്പ് യോഗം നടന്നില്ല.
നഴ്‌സുമാരുടെ കൂട്ടരാജി ആസ്പത്രി അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ സമരം ഒത്തു തീര്‍പ്പാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ്യതയും പരിചയവും ഉള്ള നഴ്‌സുമാരെ കിട്ടാനുള്ള ബുദ്ധിമുട്ട് അറിയുന്ന ആസ്പത്രി അധികൃതര്‍ ഒത്തുതീര്‍പ്പിന് മുന്നോട്ടുവരാനുള്ള സാധ്യതയുണ്ടെന്നാണ് ആസ്പത്രി അധികൃതരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
നഴ്‌സുമാര്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് രേഖാമൂലം ഉറപ്പ് തന്നാല്‍ മാത്രമേ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് നഴ്‌സുമാര്‍ പറഞ്ഞു.