05March2012

കപ്പല്‍ ഇടിച്ചുതകര്‍ന്ന ബോട്ട് കണ്ടെത്തിയതായി സൂചന

കൊച്ചി: ചേര്‍ത്തല മനക്കോടം തീര്‍ത്തുവെച്ച് കപ്പല്‍ ഇടിച്ചു തകര്‍ന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തിയതായി സൂചന. നാവികസേനയുടെ പരിശോധനയിലാണ് അപകടം നടന്ന സ്ഥലത്ത് കടലില്‍ 50 മീറ്റര്‍ ആഴത്തില്‍ ബോട്ടെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനുള്ള വിദഗ്ധ പരിശോധനയ്ക്കായി നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ എത്തും. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി

മുതലാണ് ബോട്ട് കണ്ടെത്താന്‍ നാവികസേന തിരച്ചില്‍ തുടങ്ങിയത്.

അപകടത്തില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളും ബോട്ടില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ക്ലീറ്റസ്, ബര്‍ണാഡ്, സന്തോഷ് എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നാവികസേനയും തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് കഴിഞ്ഞ രണ്ട് ദിവസവും മത്സ്യ ത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തിയത്.

പ്രഭുദയ ഇന്ന് കൊച്ചിയിലെത്തിക്കും

രണ്ടുപേര്‍ മരിക്കാനും മൂന്നുപേരെ കാണാതാകാനും ഇടയാക്കിയ സംഭവത്തിന് കാരണമായതെന്ന് കരുതുന്ന ഇന്ത്യന്‍ കപ്പല്‍ 'പ്രഭുദയ' ഇന്ന് കൊച്ചിയിലെത്തിച്ച് പരിശോധിക്കും.

ഗോവയിലെ പനാജിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടതാണ് ഈ കപ്പല്‍. ഇപ്പോള്‍ അന്വേഷണത്തിനായി തമിഴ്‌നാടിന്റെ പുറങ്കടലില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇന്ത്യക്കാരനായ രോഹിത് ടൊലാനിയുടെ 'ടൊലാനി ഷിപ്പിങ് കമ്പനി'യുടേതാണ് പ്രഭു ദയ. ഇവരുടെ 11 കപ്പലുകളില്‍ 5 എണ്ണം ഇന്ത്യയിലും ആറെണ്ണം സിംഗപ്പൂരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. സിംഗപ്പൂര്‍ ആസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.

Newsletter