കേരളം സന്തോഷ് ട്രോഫിയില്‍ നിന്ന് പുറത്ത്
- Last Updated on 26 May 2012
- Hits: 7
കട്ടക്ക്: പൊറുക്കാനാവാത്ത മണ്ടത്തരങ്ങള്‍ കാട്ടിയ കേരള കമാന്‍ഡോകള്‍ക്കുമേല്‍ പട്ടാളത്തിന്റെ റൂട്ട് മാര്‍ച്ച്. ടോട്ടല്‍ ഫ്ലോപ്പായ ഫുട്‌ബോള്‍ കാഴ്ചവെച്ച കേരളത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍. ആദ്യ പകുതിയുടെ അഞ്ചാം മിനിട്ടില്‍ സുബ്രത സര്‍ക്കാറും രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റില്‍
മലയാളി താരം സുമേഷുമാണ് പട്ടാളത്തിന് വേണ്ടി നിറയൊഴിച്ചത.് 84-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ വിനീത് ആന്റണിയാണ് കേരളത്തിനായി ഒരു ഗോള്‍ മടക്കിയത്. ശനിയാഴ്ച നടക്കുന്ന തമിഴ്‌നാട്-മണിപ്പുര്‍ മല്‍സര വിജയികളെയാവും തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വീസസ് നേരിടുക.
ഫ്ലോപ്പാകുമ്പോള്‍ എല്ലാവരും ഒന്നിച്ച് ഫ്ലോപ്പാകുകയെന്ന കേരള ഫുട്‌ബോളിന്റെ ശാപമാണ് മല്‍സരത്തില്‍ ഉടനീളം കണ്ടത്. പരിക്കേറ്റ അനഘിന് പകരക്കാരനായിറങ്ങിയ മര്‍സൂഖ് തന്റെ പൊസിഷനില്‍ വല്ലാതെ ഉലഞ്ഞുനിന്നപ്പോള്‍ കേരളത്തിന്റെ പ്രതിരോധനിരയെ ഒന്നാകെ അത് ബാധിച്ചു. പോസ്റ്റിന് താഴെ നായകന്‍ ജോബിയുടെ കൈകളും വല്ലാതെ ചോര്‍ന്നുകൊണ്ടിരുന്നപ്പോള്‍ തന്നെ ഈ ദിനം കേരളത്തിന്റേതല്ലെന്ന് ഉറപ്പായിരുന്നു. ആസൂത്രിതമായ നീക്കങ്ങളുടെ ദാരിദ്ര്യത്തില്‍ പകച്ചു നിന്ന മധ്യനിരയും കിട്ടിയ അവസരങ്ങള്‍ പാഴാക്കുന്നതില്‍ മാത്രം മികവ് കാട്ടിയ മുന്നേറ്റനിരയും കൂടിയായപ്പോള്‍ പട്ടാളം പിടിക്കാനുള്ള കേരളത്തിന്റെ ശ്രമം മിഷന്‍ ഇംപോസിബിള്‍ തന്നെയായി.
മഹാരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തിലെ അതേ ലൈനപ്പുമായാണ് കേരളം പട്ടാളത്തിനെതിരായ കമാന്‍ഡോ ഓപ്പറേഷന്‍ തുടങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കേരളത്തിനെതിരെ പഴുതുകളില്ലാത്ത പ്രതിരോധം എന്ന നയവുമായി ഉറച്ചുനില്‍ക്കാനായിരുന്നു സര്‍വീസസിന്റെ പദ്ധതി. അവസരത്തിനായി കാത്തിരുന്ന് പ്രത്യാക്രമണം നടത്തുകയെന്ന പട്ടാളനയം തന്നെയാണ് ഒടുവില്‍ ആദ്യ ഗോളില്‍ കലാശിച്ചത്.
അഞ്ചാം മിനിറ്റില്‍ പട്ടാളം നടത്തിയ ആക്രമണത്തില്‍ കേരളക്കോട്ട കുലുങ്ങി. ആദ്യ ആക്രമണം മര്‍സൂഖ് ക്ലിയര്‍ ചെയ്‌തെങ്കിലും വീണ്ടും പന്ത് പിടിച്ചെടുത്ത് ബോക്‌സിലേക്ക് കയറിയ സുബ്രത സര്‍ക്കാറിനെ തടയാന്‍ മുന്നോട്ട് കയറിവന്ന കേരള ഗോളി ജോബി ജോസഫിന് പിഴച്ചു.ജോബിയുടെ തലയ്ക്ക് മുകളിലൂടെ സുബ്രത ലോബ് ചെയ്ത പന്ത് വലയിലേക്ക് കയറുമ്പോള്‍ തടയാന്‍ സജിത്ത് തലവെച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിരോധനിരയില്‍ അനഘ് എന്ന വിശ്വസ്തന്‍ ഇല്ലാത്തതിന്റെ അപകടം കേരളം അനുഭവിച്ചറിഞ്ഞ നിമിഷത്തില്‍ സര്‍വീസസ് മുന്നിലെത്തി.(1-0)
ഗോള്‍ വീണതോടെ സമ്മര്‍ദത്തിലായ കേരള പ്രതിരോധനിരയില്‍ പട്ടാളം തുടര്‍ച്ചയായി വിള്ളലുകളുണ്ടാക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. നായകന്‍ ജോബി ജോസഫ് പോസ്റ്റിന് മുന്നില്‍ തുടര്‍ച്ചയായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരുന്നതോടെ കേരളം പൂര്‍ണമായും റിവേഴ്‌സ് ഗിയറിലായി. മൂന്ന് മിനിറ്റിനിടെ രണ്ടു കോര്‍ണറുകള്‍ വഴങ്ങിയാണ് കേരളം ഗോളെന്നുറച്ച പട്ടാള നീക്കങ്ങള്‍ക്ക് ഒരുവിധത്തില്‍ തടയിട്ടത്.
ഇതിനിടെ ചില പ്രത്യാക്രമണങ്ങള്‍ നടത്തിയ കേരളം 32-ാം മിനിറ്റില്‍ കണ്ണന്റെ ലോങ്ങ് റേഞ്ചറിലൂടെ സമനില പിടിച്ചെന്ന് തോന്നിയതാണ്. ബോക്‌സിന് വെളിയില്‍ നിന്ന് കണ്ണന്‍ തൊടുത്ത സുന്ദരമായ ഷോട്ട് പോസ്റ്റിലേക്ക് മഴവില്ല് പോലെ വളഞ്ഞുവന്നെങ്കിലും പട്ടാള ഗോളി നാനോ സിങ് പന്ത് കഷ്ടിച്ച് കുത്തിയകറ്റി അപകടം ഒഴിവാക്കി. 44-ാം മിനിറ്റില്‍ ഉസ്മാനും സുവര്‍ണാവസരം പാഴാക്കിയതോടെ ഗോളില്ലാതെ കേരളത്തിന് ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും കേരള പ്രതിരോധനിര സമാനമായ വിഡ്ഢിത്തം ആവര്‍ത്തിച്ചത് സര്‍വീസസിന്റെ ഭാഗ്യഗോളില്‍ കലാശിച്ചു. അഞ്ചാം മിനിറ്റില്‍ മൈതാനമധ്യത്തില്‍ നിന്ന് കുറച്ചുമുമ്പിലായി കിട്ടിയ ഫ്രീ കിക്ക് സര്‍വീസസിന്റെ സുമേഷ് എടുക്കുമ്പോള്‍ ഒരപകടവും ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍, ബോക്‌സിലേക്ക് താഴ്ന്നു വന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മര്‍സൂഖിന് വീണ്ടും പിഴച്ചു. മര്‍സൂഖിന്റെ ഹെഡ്ഢര്‍ കേരള വലയിലേക്ക് ദിശമാറി ക്കയറുമ്പോള്‍ ഇക്കുറിയും അനാവശ്യമായി അഡ്വാന്‍സ് ചെയ്തു നിന്ന ജോബി ജോസഫ് നിസ്സഹായനായിരുന്നു. സ്‌കൂള്‍ കുട്ടികളെപ്പോലും നാണിപ്പിക്കുന്ന കേരള മണ്ടത്തരത്തില്‍ സര്‍വീസസ് ലീഡുയര്‍ത്തി(2-0)
പകരക്കാരനായിറങ്ങിയ വിനീത് ആന്റണിയിലൂടെ 27-ാം മിനിറ്റില്‍ കേരളം ഒരു ഗോള്‍ തിരിച്ചടിക്കുന്നതിന്റെ വക്കിലെത്തിയതാണ്. ഇടതുവിങ്ങിലൂടെ കുതിച്ച വിനീത് ബോക്‌സില്‍ നിന്ന തൊടുത്ത ഷോട്ട് പട്ടാള ഗോളി തടുത്തെങ്കിലും റീബൗണ്ട് എത്തിയത് കണ്ണന്റെ കാലുകളിലാണ്. കണ്ണന്റെ ഷോട്ട് പക്ഷേ , പോസ്റ്റിന് തൊട്ടുമുകളിലൂടെ പറന്നപ്പോള്‍ കേരളത്തിന്റെ വിധി ഏറെക്കുറേ തീരുമാനിക്കപ്പെട്ടിരുന്നു.
84-ാം മിനിറ്റില്‍ നസറുദ്ദീനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടിയിലൂടെ കേരളം ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചെങ്കിലും സമയമധികമുണ്ടായിരുന്നില്ല. പെനാല്‍ട്ടിയെടുത്ത വിനീത് പന്ത് വലയിലാക്കിയെങ്കിലും പിന്നീടൊരു പിഴവിന് പട്ടാള ഗോളി തയ്യാറാവാതിരുന്നതോടെ ടീം കേരള കണ്ണീരണിഞ്ഞ് ബരാബതിയിലെ മൈതാനത്ത് മുട്ടുകുത്തി.
മണിപ്പുര്‍ - തമിഴ്‌നാട് സെമി ഇന്ന്
കട്ടക്ക്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലിലെ രണ്ടാം ടീമിനെ കണ്ടെത്തുന്ന പോരാട്ടത്തില്‍ ശനിയാഴ്ച മണിപ്പുര്‍ തമിഴ്‌നാടിനെ നേരിടും. കഴിഞ്ഞ തവണ ഗുവാഹാട്ടിയില്‍ ബംഗാളിനുമുന്നില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാനാണ് മണിപ്പുര്‍ ശ്രമിക്കുന്നതെങ്കില്‍, 1973-ന് ശേഷമുള്ള ആദ്യ ഫൈനലാണ് തമിഴ്‌നാടിന്റെ ഉന്നം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ കലവറയായ വടക്കുകിഴക്കന്‍ മേഖലയുടെ കരുത്തുമായാണ് മണിപ്പുരിന്റെ വരവ്. മുന്‍ ഇന്ത്യന്‍ താരം സബീര്‍ പാഷ പരിശീലിപ്പിക്കുന്ന യുവനിരയാണ് തമിഴ്‌നാടിന്റെ കരുത്ത്. ശനിയാഴ്ച വൈകിട്ട് ആറരമുതലാണ് മത്സരം.