ടൈഗര്‍ മേമനും ഛോട്ടാ ഷക്കീലിനും യു.എസ്. വിലക്ക്
- Last Updated on 16 May 2012
- Hits: 7
വാഷിങ്ടണ്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളായ ഛോട്ടാ ഷക്കീല്‍, ഇബ്രാഹിം ടൈഗര്‍ മേമന്‍ എന്നിവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ വിലക്കിക്കൊണ്ട് അമേരിക്കന്‍ സാമ്പത്തികകാര്യ വകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക, വ്യാവസായിക മേഖലകളില്‍ ഇവരുമായോ ഇവരുമായി
ബന്ധമുള്ളവരുമായോ നടത്തുന്ന ഇടപാടുകള്‍ രാജ്യത്ത് വിലക്കുന്നതാണ് യു.എസ്. ട്രഷറി പുറത്തിറക്കിയ നിര്‍ദേശം. ഡിപ്പാര്‍മെന്റ് ഓഫ് ട്രഷറീസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ എന്ന വിഭാഗമാണ് പുതിയ നിരോധനം പുറപ്പെടുവിച്ചത്.
ടൈഗര്‍ മേമനാണ് ദാവൂദിന്റെ സാമ്പത്തിക ഇടപാടുകളും ബിസിനസുകളും നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണ് ഉപരോധം. മയക്കുമരുന്ന് വ്യാപാരവും ആയുധക്കടത്തും ദക്ഷിണേഷ്യയില്‍ സജീവമായി നിലനിര്‍ത്തുന്ന സംഘമാണ് ഇവരുടേത്. ഈ മേഖലയില്‍ കുറ്റകൃത്യം വര്‍ധിക്കുന്നതിന് കാരണവും ഡി കമ്പനി എന്ന ഈ സംഘമാണെന്ന കണ്ടെത്തലാണ് നിരോധനത്തിന് കാരണം.
ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് ലിസ്റ്റുള്ളവരാണ് ടൈഗര്‍ മേമനും ഛോട്ടാ ഷക്കീലും. 250 പേര്‍ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. അന്താരാഷ്ട്ര കുറ്റവാളി പട്ടികയിലുള്ള ദാവൂദ് ഇപ്പോള്‍ പാകിസ്താനില്‍ താമസിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിവരം.