തട്ടെ, മേത്ത പ്രശ്‌നത്തില്‍ വി.എസ്സും പ്രേമചന്ദ്രനും നിലപാട് വ്യക്തമാക്കണം- പി.ടി. തോമസ്
- Last Updated on 09 May 2012
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയില്‍ സി.ഡി തട്ടെയെയും ഡി.കെ മേത്തയെയും ഉള്‍പ്പെടുത്തുന്നതിനെ കേരളം എന്തുകൊണ്ട് എതിര്‍ത്തില്ലെന്നതിനെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രനും നിലപാട് വ്യക്തമാക്കണമെന്ന് പി.ടി. തോമസ് എം.പി. ആവശ്യപ്പെട്ടു.
സമിതിയില്‍ താന്‍ നിഷ്പക്ഷനായിരിക്കുമെന്ന് കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റിസ് കെ.ടി തോമസ് ബന്ധപ്പെട്ടവരെ മുന്‍കൂട്ടിത്തന്നെ അറിയിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഇതുസംബന്ധിച്ച ഉത്തരം പറയേണ്ടതും വി.എസ്സും പ്രേമചന്ദ്രനുമാണെന്നും പി.ടി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് നിരാശാജനകമാണ്. പൊതുസ്വീകാര്യത എന്നനിലയ്ക്ക് പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന ഏക പരാമര്‍ശം മാത്രമാണ് കേരളത്തിന് അനുകൂലം. എത്ര ചെലവുവന്നാലും പുതിയഅണക്കെട്ടില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുതിയ അണക്കെട്ട് നടപ്പാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് അനുമതി വാങ്ങുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം. ഇതിന് സുപ്രീംകോടതിയുടെ വിധിവരെ കാത്തിരിക്കേണ്ട -തോമസ് പറഞ്ഞു.
സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ പുതിയ അണക്കെട്ട് എന്ന വാദം ശക്തമായി ഉന്നയിക്കാന്‍ കേരളത്തിന് കഴിയണം. അമ്പതടി നിരപ്പില്‍ ടണല്‍ പണിയണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തോമസ് പറഞ്ഞു.