രജനിയും സംഘവും തിരുവനന്തപുരത്ത്
- Last Updated on 20 April 2012
- Hits: 7
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കൊച്ചടൈയാന്റെ ചില പ്രധാനഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് തിരുവനന്തപുരത്ത് കിന്‍ഫ്രയിലുള്ള ആക്‌സല്‍ ആനിമേഷന്‍ സ്റ്റുഡിയോയില്‍. ഗാനരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഷോട്ടുകള്‍ക്കായി രജനിയും നായിക ദീപികപദുകോണും സംവിധായികയും രജനിയുടെ മകളുമായ സൗന്ദര്യയുമടങ്ങുന്ന സംഘം കഴിഞ്ഞ രണ്ടു ദിവസമായി
കിന്‍ഫ്രയിലെ സ്റ്റുഡിയോയിലുണ്ട്.
ആലപ്പുഴ സ്വദേശി എന്‍.ആര്‍. പണിക്കരുടെ ഉടമസ്ഥതയിലുള്ള ആക്‌സല്‍ ആനിമേഷന്‍ സ്റ്റുഡിയോയില്‍ ഇതിനുമുമ്പ് യന്തിരന്റെ ഗാനരംഗങ്ങള്‍ ചിത്രികരിച്ചിരുന്നു. പെര്‍ഫോമന്‍സ് കാപ്ചര്‍ ടെക്‌നോളജി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ രംഗങ്ങള്‍ പകര്‍ത്തുന്നത്. കമലഹാസന്റെ ദശാവതാരത്തിലെ ക്ലൈമാക്‌സ് സീനില്‍ സുനാമിയുടെ സ്‌പെഷ്യല്‍ എഫക്റ്റ്‌സിന്റെ ചിത്രീകരണം ആക്‌സലിന്റെ ചെന്നൈയിലുള്ള സ്റ്റുഡിയോയിലായിരുന്നു.
ഇന്ത്യയില്‍ ഇന്നിപ്പോള്‍ പെര്‍ഫോമന്‍സ് കാപ്ചര്‍ ടെക്‌നോളജി ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന സ്റ്റുഡിയോ എന്നതാണ് ആക്‌സലിനെ സിനിമാ നിര്‍മാതാക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ലണ്ടനിലും മറ്റും പോയി ഇത്തരം രംഗങ്ങളുടെ ചിത്രീകരണം നടത്തുന്നതിലുള്ള വന്‍ ചെലവും നിര്‍മാതാക്കളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്നു.
വൃക്കരോഗത്തിന് സിംഗപ്പൂരില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ രജനീകാന്തിന്റെ ആരോഗ്യനില കണക്കിലെടുത്താണ് കൊച്ചടൈയാന്റെ തിരക്കഥയും മറ്റും ഒരുക്കിയിരിക്കുന്നത്. നേരത്തെ രജനി ചെയ്യാനിരുന്ന റാണ എന്ന സിനിമ വേണ്ടെന്നുവെച്ചതും ആരോഗ്യപരമായ കാരണങ്ങളാലാണ്. റാണ സംവിധാനം ചെയ്യാനിരുന്ന കെ.എസ്.രവികുമാറാണ് ഈ ചിത്രത്തില്‍ സംവിധായികയായ സൗന്ദര്യയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.
ദീപികയ്ക്കു പുറമെ നാസര്‍, ശരത്കുമാര്‍ , ശോഭന തുടങ്ങി വന്‍ താരനിരതന്നെ കൊച്ചടൈയാനില്‍ ഒന്നിക്കുന്നുണ്ട്. എ.ആര്‍.റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.
എ.ഡി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാണ്ഡ്യരാജാവ് കൊച്ചടൈയാന്‍ രണധീരന്റെ കഥ പറയുന്ന ചിത്രം നൂതന സാങ്കേതിക വിദ്യകളുടെ വിരുന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.