30April2012

എണ്ണവില കൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി

ഭട്ടിന്‍ഡ: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് സൂചന നല്കി. ''പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കേണ്ടത് ആവശ്യമാണ്. എന്നാല്‍, ഇതുമൂലം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുത്''-അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 20, 000 കോടിരൂപ ചെലവില്‍ നിര്‍മിച്ച ഗുരുഗോവിന്ദ്‌സിങ് എണ്ണ

ശുദ്ധീകരണ ശാല രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന്റെ വില കൂടുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവിനെ ബാധിക്കുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ന്യായവില ഈടാക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം ഇതിന്റെ ഫലം പാവങ്ങളെയും ആവശ്യക്കാരെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം -പ്രധാനമന്ത്രി പറഞ്ഞു.

അസംസ്‌കൃത എണ്ണയുടെ വില കൂടിയിട്ടും സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ മൂന്നു മാസമായി ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില ഉയര്‍ത്തിയിട്ടില്ല. എണ്ണവില വര്‍ധന സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് സര്‍ക്കാര്‍ ഇവ വില്‍ക്കുന്നത്. ഇന്ധന മേഖലയില്‍ ഇന്ത്യ വന്‍വെല്ലുവിളിയാണ് നേരിടുന്നത്. താങ്ങാവുന്ന വിലയ്ക്ക് നമുക്ക് അവശ്യസാധനങ്ങള്‍ ലഭിക്കണം. രാജ്യത്തിന്റെ അതിവേഗം വികസിക്കുന്ന സമ്പദ്‌മേഖലയുടെ ആവശ്യം നിവൃത്തിയാക്കാന്‍ ആവശ്യമായ അസംസ്‌കൃത എണ്ണയോ പ്രകൃതി വാതകമോ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

പെട്രോളിന്റെ വിലനിര്‍ണയാധികാരം 2010-ല്‍ സര്‍ക്കാറില്‍ നിന്ന് മാറ്റി എണ്ണക്കമ്പനികള്‍ക്ക് നല്കി. എങ്കിലും വിലയുയര്‍ത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാവുന്നില്ല. രാഷ്ട്രീയ സമ്മര്‍ദമാണ് കാരണം. ഡീസലിന്റെയും പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലനിര്‍ണയാധികാരം ഇപ്പോഴും സര്‍ക്കറിനു തന്നെയാണ്. എണ്ണക്കമ്പനികള്‍ ലിറ്ററിന് 16.16 രൂപ നിരക്കിലാണ് ഡീസല്‍ വില്‍ക്കുന്നത്. വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കാണിത്. ഓരോ ലിറ്റര്‍ മണ്ണെണ്ണയിലും 32.59 രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. പാചകവാതകത്തിന്റെ കാര്യവും അങ്ങനെത്തന്നെ.

ഇത്തരത്തില്‍ വില്‍ക്കുന്നതു മൂലം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയത്തിനും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും ഈ സാമ്പത്തിക വര്‍ഷം 2,08,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

ഉരുക്കു ഭീമന്‍ ലക്ഷ്മിമിത്തലിന്റെ മിത്തല്‍ എനര്‍ജി ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗുരു ഗോവിന്ദ് സിങ് എണ്ണശുദ്ധീകരണശാല. 42 മാസമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. 

Newsletter