കൂടംകുളം സമരത്തിന് സഹായം: ജര്‍മ്മന്‍ പൗരനെ തിരിച്ചയച്ചു
- Last Updated on 28 February 2012
ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്നവരെ സഹായിക്കുവെന്ന് സംശയിക്കുന്ന ജര്‍മ്മന്‍ പൗരനെ തമിഴ്‌നാട് പോലീസ് പിടികൂടി സ്വദേശത്തേക്ക് തിരിച്ചയച്ചു. സോണ്‍ടെഗ് റെയ്‌നര്‍ ഹെര്‍മന്‍ (49) ആണ് നാഗര്‍കോവിലിലെ ഹോട്ടലില്‍നിന്ന് ക്യൂ ബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍
ആയിരുന്നു നടപടി.
ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ എത്തിച്ച ജര്‍മ്മന്‍ പൗരനെ പുലര്‍ച്ചെ ഒരുമണിയോടെ പോലീസ് സ്വദേശത്തേക്ക് തിരിച്ചയച്ചു. സമരത്തിന് നേതൃത്വം നല്‍കുന്നവരുമായി ഹെര്‍മന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഹെര്‍മന്റെ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. കൂടംകുളം ആണവനിലയ വിരുദ്ധ സമരത്തിന് പിന്നില്‍ അമേരിക്കയില്‍ നിന്ന് പണം പറ്റുന്ന എന്‍.ജി.ഒ. കളാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.