സിറിയ: അസദിന്റെ ഭാര്യയ്ക്ക് യൂറോപ്പില്‍ സഞ്ചാരവിലക്ക്
- Last Updated on 24 March 2012
- Hits: 1
ദമാസ്‌കസ്: സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്‍റ ഭാര്യ അസ്മയ്ക്ക് യുറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചാര വിലക്ക്. അസദിന്റെ അമ്മയും സഹോദരിയുമടക്കം 12പേര്‍ക്ക് വിലക്ക് ബാധകമാണ്. യൂണിയന്റെ വിദേശകാര്യ മന്ത്രിമാരാണ് ഇക്കാര്യം തീരുമാനിച്ചത്.എന്നാല്‍ സിറിയന്‍ വംശക്കാരിയാണെങ്കിലും ബ്രിട്ടനില്‍ ജനിച്ച സല്‍മയ്ക്ക് അവിടേക്ക് യാത്ര ചെയ്യാന്‍ വിലക്ക് ബാധകമല്ല. വിവാഹത്തിനുമുന്‍പ് 2000വരെ സല്‍മ
ബ്രിട്ടനില്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്നു.
ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന അസദിനെതിരെ വിദേശരാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകളില്‍ ഒടുവിലത്തേതാണ് സല്‍മയ്‌ക്കെതിരെയുള്ള സഞ്ചാര വിലക്ക്.നേരത്തേ അസദിന്റെയും സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായുള്ള സാമ്പത്തിക സേവനങ്ങള്‍ക്ക് യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
സിറിയയിലേക്കുള്ള വാണിജ്യ വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയതും സിറിയന്‍ സെന്‍ട്രല്‍ ബാങ്കുമായുള്ള ഇടപാടുകള്‍ നിരോധിച്ചതും അറബ് ലീഗ് പ്രഖ്യാപിച്ച വിലക്കുകളില്‍ പെടുന്നു. എണ്ണ ഇറക്കുമതിയിലുള്ള നിരോധനമാണ് അമേരിക്ക സിറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയവയില്‍ പ്രധാനം.മുതിര്‍ന്ന സിറിയന്‍ ഉദ്യോഗസ്ഥര്‍ക്ക് തുര്‍ക്കിയും സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ സിറിയയില്‍ ജനാധിപത്യപ്രക്ഷോഭത്തിനിടെ നടന്ന അക്രമങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഉത്തരവിട്ടു. 47അംഗ കൗണ്‍സിലില്‍ 41രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി നിലപാടെടുത്തു.റഷ്യ, ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു.