ദ്യോക്കോവിച്ചും ചെറുയോട്ടും താരങ്ങള്‍
- Last Updated on 07 February 2012
- Hits: 0
ലണ്ടന്‍: മഞ്ഞുപെയ്യുന്ന രാത്രിയില്‍ ആകാശത്തെ താരങ്ങളെ സാക്ഷിനിര്‍ത്തി ഭൂമിയിലെ താരങ്ങളായി ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചും കെനിയന്‍ ദീര്‍ഘദൂര ഓട്ടക്കാരി വിവിയന്‍ ചെറുയോട്ടും തിരഞ്ഞെടുക്കപ്പെട്ടു. കായിക ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 12-ാമത് ലൊറെയ്‌സ്
പുരസ്‌കാരങ്ങളില്‍ മികച്ച പുരുഷ കായിക താരമായി മൂന്നുവട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമുള്‍പ്പെടെ അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കുടമയായ ദ്യോക്കോവിച്ച് അര്‍ഹനായി. ദീര്‍ഘദൂര ഓട്ട മത്സരങ്ങളിലെ അവിശ്വസനീയമായ പ്രകനടങ്ങള്‍ക്കാണ് ചെറുയോട്ടിനെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത്. ദേഗുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററിലും 10,000 മീറ്ററിലും ചെറുയോട്ടായിരുന്നു ചാമ്പ്യന്‍. മികച്ച ടീമിനുള്ള ലൊറെയ്‌സ് ബഹുമതി ബാഴ്‌സലോണ ഫുട്‌ബോള്‍ ടീം സ്വന്തമാക്കി.
ഇന്ത്യന്‍ സമയം രാത്രി രണ്ടു മണിക്കായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ലണ്ടന്‍ സിരാകേന്ദ്രമായ വെസ്റ്റ്മിനിസ്റ്റര്‍ സെന്റര്‍ ഹാളില്‍ അരങ്ങേറിയ വര്‍ണശബളമായ അവാര്‍ഡ് നിശയില്‍ ദ്യോക്കോവിച്ചും ചെറുയോട്ടും മിന്നിത്തിളങ്ങി.
നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഗോള്‍ഫ് താരം റോറി മക്കള്‍റോയ് നേടി. കായിക രംഗത്തേക്കുള്ള അത്ഭുതകരമായ തിരിച്ചുവരവിന് 42കാരനായ ഗോള്‍ഫര്‍ ഡാരന്‍ ക്ലാര്‍ക്ക് അവാര്‍ഡു കരസ്ഥമാക്കി. ആക് ഷന്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ അമേരിക്കയുടെ സര്‍ഫിങ് താരം കെല്ലി സ്ലേറ്റര്‍ നാലാം തവണയും ജേതാവായ കെല്ലി സ്ലേറ്റര്‍ റോജര്‍ ഫെഡററുടെ റെക്കോഡ് നേട്ടത്തിന് (നാല് ലൊറെയ്‌സ് അവാര്‍ഡ്) ഒപ്പമെത്തി.
ദ്യോക്കോവിച്ചിനു പുറമെ ഫുട്‌ബോള്‍ സൂപ്പര്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, 100 മീറ്ററിലും 200 മീറ്ററിലും ലോകറെക്കോഡുകള്‍ക്കുടമയായ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസെയ്ന്‍ ബോള്‍ട്ട്, ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍, ബാസ്‌കറ്റ്‌ബോള്‍ താരം ഡിര്‍ക്ക് കൊവിറ്റ്‌സ്‌കി, സൈക്ലിങ് താരം കാഡല്‍ ഇവാന്‍സ് എന്നിവരാണ് മികച്ച പുരുഷ താരങ്ങള്‍ക്കുള്ള അന്തിമ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നത്. വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേല്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ പെട്ര ക്വിറ്റോവ, മികച്ച ലോക വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട ജാപ്പനീസ് താരം ഹൊമാരി സാവ, സ്‌കീയിങ് താരം മരിയ ഹോഫല്‍ റീഷ്, തായ് വാനില്‍ നിന്നുള്ള ഗോള്‍ഫ് താരം യാനി സെങ് എന്നിവരും സ്ഥാനം പിടിച്ചിരുന്നു.
മികച്ച ടീമുകളുടെ പട്ടികയില്‍ ഏറ്റവും സാധ്യത കല്പിക്കപ്പെട്ടിരുന്നത് ലോകകപ്പ് നേടിയ ന്യൂസീലന്‍ഡിന്റെ റഗ്ബി ടീമാണ്. എന്നാല്‍ ഇവരെ പിന്തള്ളി യൂറോപ്യന്‍ ചാമ്പ്യന്മാരും ലോക ക്ലബ് കപ്പ് ജേതാക്കളുമായ ബാഴ്‌സലോണ ഫുട്‌ബോള്‍ ടീം ബഹുമതി നേടിയത്. ലോകകപ്പു നേടിയ ജാപ്പനീസ് വനിതാ ഫുട്‌ബോള്‍ ടീം, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം, എന്‍.ബി.എ.ലീഗ് ചാമ്പ്യന്മാരായ ഡാലസ് മാവറിക്‌സ് ടീം എന്നിവയും ഈ വിഭാഗത്തില്‍ കടുത്ത മത്സരമുയര്‍ത്തി. ഇതിനു പുറമെ നവാഗത പ്രതിഭ, മികച്ച തിരിച്ചുവരവ് നടത്തിയ താരം, മികച്ച വികലാംഗ താരം, ആക് ഷന്‍ സ്‌പോര്ട്‌സ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്കിയത്.
ഒരു കലണ്ടര്‍വര്‍ഷത്തില്‍ കായിക രംഗത്തുണ്ടാകുന്ന വിശിഷ്ട നേട്ടങ്ങളാണ് ലോറസ് ഫൗണ്ടേഷന്റെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. കായിക പ്രതിഭ കൊണ്ട് ലോകം കീഴടക്കിയ 47 പേരാണ് ലോറസ് അക്കാദമിയിലെ അംഗങ്ങള്‍. ഇവരാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്. ഫൗണ്ടേഷന്‍ സംഭരിക്കുന്ന തുക തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിറ്റി പ്രോജക്ടുകള്‍ക്ക് നല്കുകയാണ് പതിവ്. ഇങ്ങനെ 34 രാജ്യങ്ങളിലായി 91 കമ്യൂണിറ്റി പ്രോജക്ടുകള്‍ ഫൗണ്ടേഷന്റെ കീഴിലുണ്ടെന്ന് ലോറസ് അക്കാദമി ചെയര്‍മാനും ലോകോത്തര ഹര്‍ഡ്ല്‍സ് താരവുമായ എഡ്വിന്‍ മോസസ്, അംഗങ്ങളും ഇതാഹാസ താരങ്ങളുമായ പോള്‍വാള്‍ട്ട് താരം സെര്‍ജി ബൂബ്ക, നീന്തല്‍ താരം മാര്‍ക്ക് സ്പിറ്റ്‌സ്, ജിംനാസ്റ്റിക്‌സ് താരം നാദിയ കൊമനേച്ചി, ഡെക്കാത്‌ലറ്റ് ഡാലി തോംസണ്‍ എന്നിവര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. ലണ്ടനില്‍ മാത്രം അഞ്ചു പ്രോജക്ടുകളുണ്ട്. വിവിധ പദ്ധതികളിലൂടെ പിന്നാക്കാവസ്ഥയിലുള്ള 15 ലക്ഷത്തോളം യുവജനങ്ങളെ സഹായിക്കാന്‍ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. ഇതിനായി 1960 കോടി രൂപയാണ് ഫൗണ്ടേഷന്‍ സമാഹരിച്ചു നല്കിയത്.