ജന.വി.കെ.സിങ്ങിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
- Last Updated on 10 February 2012
ന്യൂഡല്‍ഹി: തന്റെ ജനനത്തീയതി 1951 മെയ് പത്തായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സിങ്ങിന്റെ ജനനത്തീയതി 1950 മെയ് പത്തായി നിശ്ചയിച്ച് കഴിഞ്ഞ ഡിസംബര്‍ 30ന് സര്‍ക്കാര്‍
പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച തീരുമാനമറിയിക്കും.
അതിനിടെ സേനയിലെ ഉദ്യോഗസ്ഥരുടെ ജനനത്തീയതി ഉള്‍പ്പെടെയുള്ള വിവരണങ്ങള്‍ രേഖപ്പെടുത്തിയ പട്ടിക (ആര്‍മി ലിസ്റ്റ്) ചോദ്യം ചെയ്ത് ജനറല്‍ സിങ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഈ പട്ടിക സേനാഉദ്യോസ്ഥര്‍ക്ക് പരിശോധിക്കാന്‍ നല്‍കാറില്ല. കോടതിയില്‍ ജനറല്‍ സിങ്ങിനെതിരെ സര്‍ക്കാര്‍ ഹാജരാക്കിയ രേഖകളില്‍ പ്രധാനം ഇതാണ്. ആ പട്ടികയില്‍ ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1950 മെയ് പത്താണ്.
ഡിസംബര്‍ 30-ലെ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവര്‍ കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. കരസേനാ മേധാവിയുടെ ഹര്‍ജി കേള്‍ക്കുന്നതിലെ പ്രധാന തടസ്സം ഈ ഉത്തരവാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ അഭിപ്രായമറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
സിങ്ങിന്റെ ജനനത്തീയതി വ്യക്തമാക്കി കഴിഞ്ഞ ജൂലായ് 21ന് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ആദ്യ ഉത്തരവാണ് വിഷയത്തിന്റെ ആണിക്കല്ലെന്ന് ജസ്റ്റിസ് ലോധ ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയ ശേഷം ഇറക്കിയ ഈ ഉത്തരവ് ചോദ്യം ചെയ്ത് സിങ് പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയ പരാതിയും നിയമോപദേശത്തിന് വിട്ടത് അറ്റോര്‍ണി ജനറലിന്റെ അടുത്തേക്കാണ്. ഇത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് ജസ്റ്റിസ് ലോധ അഭിപ്രായപ്പെട്ടിരുന്നു.
കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കുമെന്നത് ശ്രദ്ധേയമാണ്. ഉത്തരവ് പിന്‍വലിക്കാതിരുന്നാല്‍ കോടതി അത് റദ്ദാക്കും. അത് സര്‍ക്കാറിന് കനത്ത തിരിച്ചടിയാവും. 2007 മുതല്‍ നിര്‍ത്തലാക്കിയ ആര്‍മി ലിസ്റ്റാണ് സര്‍ക്കാര്‍ ഹാജരാക്കുന്നതെന്ന നിലപാടാണ് ജനറല്‍ സിങ്ങിന്റെ അപേക്ഷയിലുള്ളത്. ഈ പട്ടികയില്‍ രേഖപ്പെടുത്തിയ ജനനത്തീയതിയാണ് വിരമിക്കലിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കുന്നതെന്ന് 1973-ലെ ചട്ടം സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. 1974-75, 1994-85 എന്നീ വര്‍ഷങ്ങളില്‍ പുറത്തറക്കിയ ആര്‍മി ലിസ്റ്റില്‍ ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1950 മെയ് പത്താണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഈ പട്ടിക നിര്‍ത്തലാക്കിയ ശേഷം 2010-ലാണ് സേനാ മേധാവിയായി നിയമിച്ചത്.