11February2012

Breaking News
മാര്‍ക്‌സിസം പഠിച്ചിട്ടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്- ചന്ദ്രപ്പന്‍
കൈക്കൂലി: യെദ്യൂരപ്പയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
കൈക്കൂലി: യെദ്യൂരപ്പയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി
അശ്ലീലവീഡിയോ വിവാദം: മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കില്ലെന്ന് സ്‌പീക്കര്‍
സി.പി.എമ്മില്‍ പുതിയ യുദ്ധങ്ങള്‍ക്ക് വഴി തുറക്കുന്നു
അമേരിക്ക പുതിയ ആണവപ്ലാന്‍റ് നിര്‍മിക്കാനൊരുങ്ങുന്നു
സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം
സിറിയയില്‍ ഇരട്ടബോംബാക്രമണത്തില്‍ 25 മരണം
മാധ്യമങ്ങള്‍ക്കെതിരെ പിണറായിയുടെ രൂക്ഷവിമര്‍ശം
ഗണേഷിനെതിരായ വികാരം മുന്നണിയെ അറിയിക്കും: പിള്ള
You are here: Home World അഴിമതി: സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന് കോടതി

അഴിമതി: സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന് കോടതി

ഇസ്‌ലാമാബാദ്: പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് ഉടന്‍ കത്തെഴുതണമെന്ന് സുപ്രീം കോടതി പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയോട് വീണ്ടും ആവശ്യപ്പെട്ടു. സര്‍ദാരിക്കെതിരെ

നടപടിക്ക് ഒരുക്കമല്ലെന്ന നിലപാടെടുത്തതിനെത്തുടര്‍ന്ന് കോടതിയലക്ഷ്യക്കുറ്റം നേരിടുന്ന ഗീലാനിയോട് ഫിബ്രവരി 13ന് ഹാജരാകാന്‍ ആവശ്യപ്പെട്ട വിധിക്കെതിരെ പ്രധാനമന്ത്രി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.

ആരും നിയമത്തിന് മുകളിലല്ല എന്ന മുഖവുരയോടെയാണ് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന് ഗീലാനിയോട് കോടതി നിര്‍ദേശിച്ചത്. ഇതിന് തയ്യാറായാല്‍ ഇദ്ദേഹത്തിനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് താനെ അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഇഫ്ത്തികര്‍ ചൗധരി വ്യക്തമാക്കി. ''പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ തലവനായിട്ടുള്ള ആളുടെ പേരിലാണ് ഈ അഴിമതി ക്കേസുകള്‍. ആറുകോടി ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ഈ പണം പാകിസ്താനില്‍ തിരിച്ചെത്തേണ്ടതാണ്. നമ്മുടെ കീശയിലേക്കല്ല ഈ പണം പോകേണ്ടത്. രാജ്യത്തിന്റെ പണമാണിത്. ഈ പണം നാട്ടില്ലെത്താന്‍ സ്വിസ് അധികൃതര്‍ക്ക് ഗീലാനി കത്തെഴുതിയേ മതിയാകൂ''-ചൗധരി തലവനായ എട്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിന് പുറമെ മറ്റ് വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസുകള്‍ പുനരുജ്ജീവിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഇതിനുപുറമെ ഗീലാനിയുടെ ഹര്‍ജിയിലെ ചില വിവരങ്ങള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശം നല്‍കി. മുന്‍ പട്ടാള മേധാവി മുഷറഫ് സ്ഥാനഭ്രഷ്ടരാക്കിയ ജഡ്ജിമാരെ വീണ്ടും സ്ഥാനത്തെത്തിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയത് ശരിയായില്ല എന്ന പരാമര്‍ശമാണ് നീക്കാന്‍ ഗീലാനിയുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടത്. സര്‍ദാരിക്കെതിരെയുള്ള കേസ് വീണ്ടും അന്വേഷിക്കാതിരിക്കാന്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന 50-ഓളം നിയമോപദേശങ്ങളും ഭരണഘടനയിലെ പ്രസക്തഭാഗങ്ങളും 200 പേജുള്ള ഹര്‍ജിയില്‍ ഗീലാനിയുടെ അഭിഭാഷകന്‍ പരാമര്‍ശിച്ചു.

പ്രധാനമന്ത്രിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ തയ്യാറാവണമെന്ന് വാദത്തിനിടെ ഗീലാനിയുടെ അഭിഭാഷകന്‍ ഐത്താസ് അഹ്‌സാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനമന്ത്രിയുടെ അപേക്ഷ ധാര്‍മിക നിലവാരത്തില്‍ മുന്നിട്ടു നില്‍ക്കേണ്ടിയിരുന്നെന്നും ഹര്‍ജിയിലെ ഭാഷ കോടതിയുടെ വിധിന്യായത്തെ സ്വാധീനിക്കാന്‍ മാത്രം ഉന്നതമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കോടതിയലക്ഷ്യക്കേസില്‍ ജനവരി 19 ന് ഗീലാനി നേരിട്ട് കോടതിയില്‍ ഹാജരായെങ്കിലും തുടര്‍ വാദങ്ങളില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിയിരുന്നു. പാകിസ്താനിലും പുറത്തുമുള്ള അഴിമതിക്കേസുകളില്‍ നിയമപരിരക്ഷ ഉറപ്പാക്കുന്ന നിയമമാണ് സര്‍ദാരിയെ ഇപ്പോള്‍ അഴിമതിക്കേസില്‍ നിന്ന് രക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്. മുന്‍ ഭരണാധികാരി പര്‍വസ് മുഷറഫാണ് ഈ നിയമം കൊണ്ടുവന്നത്.

അതേസമയം, രഹസ്യകത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ യു.എസ്സിലെ പാക് വ്യവസായി ഇജാസ് മന്‍സൂറിനു കഴിഞ്ഞില്ല. ലണ്ടനിലെ പാക് എംബസിയിലെത്തി മൊഴി രേഖപ്പെടുത്താമെന്നാണ് ഇയാളുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആസിഫ് അലി സര്‍ദാരിക്കുവേണ്ടി മുന്‍ യു.എസ്. അംബാസഡര്‍ ഹുസൈന്‍ ഹഖാനി തയ്യാറാക്കിയെന്ന് പറയപ്പെടുന്ന രഹസ്യരേഖ മുന്‍ യു.എസ്. സംയുക്ത സേനാമേധാവി മൈക്ക് മുള്ളന് കൈമാറിയത് താനാണെന്ന് വെളിപ്പെടുത്തി ഇജാസ് മന്‍സൂര്‍ രംഗത്ത് വന്നതായിരുന്നു രഹസ്യകത്ത് വിവാദങ്ങളുടെ തുടക്കം.

Newsletter