തൂക്കിക്കൊന്നാലും അഭിപ്രായം മാറ്റില്ലെന്ന് ഖുര്‍ഷിദ്
- Last Updated on 11 February 2012
ഫറൂഖാബാദ് (ഉത്തര്‍പ്രദേശ്) യു.പിയില്‍ മുസ്‌ലീം ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംവരണം നല്‍കണമെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്രനിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തൂക്കിക്കൊന്നാലും ഈ അഭിപ്രായത്തില്‍
മാറ്റമില്ലെന്നും ഖുര്‍ഷിദ് പ്രതികരിച്ചു.
സംവരണ പ്രസ്താവനയുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സല്‍മാന്‍ ഖുര്‍ഷിദിനെ വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഖുര്‍ഷിദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. യു.പിയില്‍ ഫറൂഖാബാദില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വിവാദ പ്രസ്താവന.
തുടര്‍ന്ന് കമ്മീഷന്‍ ഇടപെടുകയായിരുന്നു. എന്നാല്‍ തിര.കമ്മീഷന്റെ ശാസന നിലനില്‍ക്കെ തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഘട്ടക്പൂരില്‍ നടന്ന യോഗത്തില്‍ ഖുര്‍ഷിദ് വ്യക്തമാക്കി. 27 ശതമാനം പിന്നാക്ക സംവരണത്തിനുള്ളില്‍ തന്നെ മുസ്‌ലീം വിഭാഗത്തിന് ഒമ്പത് ശതമാനം ഉപസംവരണം വേണമെന്നാണ് ഖുര്‍ഷിദിന്റെ നിലപാട്.