അശ്ലീലചിത്രം കണ്ട സംഭവം ഐപാഡ് പരിശോധനയില്‍
- Last Updated on 24 March 2012
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഐ പാഡില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടെന്ന് ആരോപണവിധേയരായ രണ്ടു ബി. ജെ. പി. എം. എല്‍. എ.മാര്‍ നിരപരാധികളാണെന്ന് സ്പീക്കര്‍ ഗണപത് വാസവ. ഐ പാഡ് പരിശോധിച്ച ഫോറന്‍സിക് വിഭാഗം അശ്ലീല ദൃശ്യങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം സഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന
വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
ഇതേതുടര്‍ന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് ബി. ജെ. പി. ആവശ്യപ്പെട്ടു. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ് കൊടുക്കുമെന്ന് ആരോപണവിധേയരായ എം. എല്‍.എ.മാരിലൊരാളായ ശങ്കര്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് വിഭാഗത്തിന് പരിശോധനയ്ക്കായി നല്‍കിയ ഐ പാഡ് വേറെയാണെന്ന് പ്രതിപക്ഷനേതാവ് ശക്തിസിങ് ഗോഹില്‍ പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഐ പാഡ് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം. എല്‍.എ.മാരെ പുറത്താക്കാണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വെള്ളിയാഴ്ചയും സഭയില്‍ വന്‍ബഹളം സൃഷ്ടിച്ചു. ഇവര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് സ്പീക്കര്‍ ഒരു മണിക്കൂറോളം സഭാനടപടി നിര്‍ത്തി വെച്ചു. വ്യാഴാഴ്ചയും പ്രതിഷേധത്തെത്തുടര്‍ന്ന് നാലു തവണ സഭ നിര്‍ത്തിവെച്ചിരുന്നു. ബി. ജെ. പി. എം. എല്‍. എമാരായ ശങ്കര്‍ ചൗധരിയും ജേത ഭായ് ധാര്‍വാഡും സഭയിലിരുന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെന്നാണ് ആരോപണം. ഇതൊരു പത്രപ്രവര്‍ത്തകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു.
ആദ്യം സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങളും കാര്‍ട്ടൂണുകളുമൊക്കെ കണ്ട എം. എല്‍. എമാര്‍ പിന്നീട് നഗ്‌നചിത്രങ്ങളിലേക്ക് തിരിഞ്ഞുവെന്ന് ദൃശ്യം പുറത്തുവിട്ട ഗുജറാത്ത് സമാചര്‍ റിപ്പോര്‍ട്ടര്‍ ജനക്ഭായ് പുരോഹിത് പറഞ്ഞു. 20 മിനിറ്റോളം ഇവര്‍ ഇതു തുടര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണത്തിനായി സ്പീക്കര്‍ സഭയുടെ അവകാശസമിതിയെ ചുമതലപ്പെടുത്തി. ഐ പാഡ് പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന് നല്‍കുകയും ചെയ്തു.