എംബസി കാര്‍സ്‌ഫോടനം: നാലുപേര്‍ക്കെതിരെ നോട്ടീസ്
- Last Updated on 23 March 2012
ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസി കാറിന് നേര്‍ക്കുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ 'റെഡ് കോര്‍ണര്‍' നോട്ടീസ് പുറപ്പെടുവിച്ചു.ഇറാനികളായ ഹൗഷാങ് അഫ്ഷര്‍ ഇറാനി, സയീദ് അലി മഹ്ദിയാന്‍സദര്‍, മുഹമ്മദ്രേസ അബോള്‍ഗാസേമി, മസൂദ് സെദാഗാത്‌സാദേഹ് എന്നിവര്‍ക്കെതിരെയാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര അറസ്റ്റ്
വാറണ്ടിന് സമാനമാണ് റെഡ്‌കോര്‍ണര്‍ നോട്ടീസ്.
എംബസി സ്‌ഫോടനക്കേസില്‍ പത്രപ്രവര്‍ത്തകനായ സയീദ് മുഹമ്മദ് അഹമ്മദ് കാസ്മി മാര്‍ച്ച് ആറിന് അറസ്റ്റിലായിരുന്നു.കാസ്മി ആസൂത്രകന്‍ മാത്രമായിരുന്നെന്നും സ്‌ഫോടനം നടത്തിയത് ഇറാന്‍ വംശജര്‍ ആണെന്നും പോലീസ് പറഞ്ഞു. ബാങ്കോക്കില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മസൂദ് സെദാഗാത്‌സാദേഹ് എന്ന ഇറാന്‍കാരന്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് കാസ്മിയെ പോലീസ് അറസ്റ്റ് ചെയ്തത്.
അഫ്ഷര്‍ ഇറാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ് സെദാഗാത്‌സാദേഹെന്നും പോലീസ് പറഞ്ഞു.ഫിബ്രവരി 13ന് ഔറംഗസീബ് റോഡില്‍ നടന്ന സ്‌ഫോടനത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥന്റെ ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.