രാജ്യം ഇടക്കാല തിരഞ്ഞെടുപ്പിലേക്കെന്ന് മുലായം
- Last Updated on 24 March 2012
ലഖ്‌നൗ: രാജ്യം ഇടക്കാലതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്.പി.) നേതാവ് മുലായം സിങ് യാദവ്. എസ്.പി.യുടെ പിന്തുണ തേടി യു.പി.എ. സര്‍ക്കാറിനെ ശക്തിപ്പെടുത്താമെന്ന കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ക്കിടെയാണ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ സൂചന നല്‍കി മുലായവും രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് തള്ളി. ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ഇടക്കാല
തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് തലസ്ഥാനമായ ലഖ്‌നൗവില്‍ രാം മനോഹര്‍ ലോഹ്യ ജന്‍മദിനാഘോഷച്ചടങ്ങില്‍ മുലായം അണികളെ ആഹ്വാനം ചെയ്തത്.
ഇപ്പോഴത്തെ ലോക്‌സഭയ്ക്ക് 2014 വരെ കാലാവധിയുള്ളപ്പോഴാണിത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളാണ് വേണ്ടത്. ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വേണമെന്ന് തോന്നിയാല്‍ അത് സംഭവിക്കും. അതിന് തന്റെ പാര്‍ട്ടി സജ്ജമാണ് -മുലായംവ്യക്തമാക്കി. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സാധ്യത ആകാശം തലയില്‍ വീഴുംപോലെ വിദൂരമാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്‌വി പറഞ്ഞു. അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് മുലായമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉജ്ജ്വല വിജയം നേടി യു.പിയില്‍ എസ്.പി. അധികാരമേറിയതോടെ ആത്മവിശ്വാസത്തിലായ മൂലായം രാജ്യത്ത് വലിയ പാര്‍ട്ടികളുടെ ഭരണം അവസാനിച്ചെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ സഖ്യരാഷ്ട്രീയത്തിനായിരിക്കും പ്രാധാന്യമെന്നും പറഞ്ഞു. ഇത്രയും കാലം യു.പി.എ. സര്‍ക്കാറുമായി സഹകരിച്ചുവന്ന മുലായം, പുറത്തു നിന്ന് പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് നല്‍കി വന്നത്. എസ്.പിയെ യു.പി.എയില്‍ ചേര്‍ക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ്സില്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്.
മകനും യു.പി. മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ വേദിയിലിരുത്തിയായിരുന്നു മുലായത്തിന്റെ പ്രസംഗം. ആറ് മാസത്തിനകം മികച്ച രീതിയില്‍ പ്രവത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഖിലേഷ് മുഖ്യമന്ത്രിക്കസേരയില്‍ ഉണ്ടാവില്ലെന്ന് മുലായം പറഞ്ഞു. യു.പി.എ. സര്‍ക്കാറില്‍ ചേരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരു വര്‍ഷത്തേക്ക് മാത്രമായി മുന്നണിയില്‍ ചേര്‍ന്നിട്ട് എന്തുകാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.