ലോക്പാല്‍ ബില്ല്: സമവായത്തിലെത്താനായില്ല
- Last Updated on 23 March 2012
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തയോഗത്തില്‍ സമവായത്തിലെത്താനായില്ല.
ബില്ലില്‍ അഭിപ്രായഐക്യമുണ്ടാക്കുന്നതിന് രാജ്യസഭയിലെ കക്ഷികളുടെ സമിതി രൂപവത്കരിക്കാന്‍ ധാരണയായി. മൂന്നാഴ്ചക്കുള്ളില്‍ വീണ്ടും ചര്‍ച്ചചെയ്ത് പ്രതിപക്ഷ
നിര്‍ദേശങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്.
സര്‍ക്കാരുമായി സഹകരിക്കുന്ന എന്‍.ജി.ഒകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ലോക്‌സഭ പാസാക്കിയ ബില്ല് രജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പിന്‍വലിക്കുകയാണ് ചെയ്തത്. ബില്ല് പാസാക്കിയില്ലെങ്കില്‍ ഉടനെ നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പ്രണാബ് മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സിപിഐ നേതാവ് എ.ബി. ബര്‍ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.