ബി.ജെ.പി.യുടെ രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ അഴിമതി ആരോപിതരും
- Last Updated on 19 March 2012
ന്യൂഡല്‍ഹി: ആദര്‍ശ് ഹൗസിങ് അഴിമതിയിലും 'വോട്ടിന് കോഴ' ക്കേസിലും ആരോപണവിധേയരായവര്‍ക്ക് ബി.ജെ.പി. രാജ്യസഭാ സീറ്റുകള്‍ നല്‍കി. നാഗ്പുരില്‍ നിന്നുള്ള വിവാദ വ്യവസായിയും ആദര്‍ശ് ഹൗസിങ് അഴിമതിയില്‍ കുറ്റാരോപിതനുമായ അജയ് സഞ്ചേട്ടിക്കും വോട്ടിന് കോഴക്കേസിലെ പ്രതി ഫഗ്ഗാന്‍ സിങ് കുലസ്തയ്ക്കുമാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. 12 പേരടങ്ങിയ രാജ്യസഭാ സ്ഥാനാര്‍ഥിപ്പട്ടികയിലാണ്
വിവാദനായകരും ഇടംപിടിച്ചത്.
വെള്ളിയാഴ്ച രാത്രി ചേര്‍ന്ന ബി.ജെ.പി. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സഞ്ചേട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി അടുത്തബന്ധമുള്ള സഞ്ചേട്ടിക്ക് ടിക്കറ്റ് നല്‍കിയതില്‍ പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. സഞ്ചേട്ടിയുടെ ഡ്രൈവര്‍ക്ക് ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ ഫ്ലാറ്റ് ലഭിച്ചിരുന്നു.
ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ കാലത്തെ 'വോട്ടിന് കോഴ'ക്കേസിലാണ് ഫഗ്ഗാന്‍ സിങ് കുലസ്ത പ്രതിയായത്. സംഭവവുമായി ബന്ധപ്പെട്ട് 2008 ജൂലായില്‍ ലോക്‌സഭയില്‍ പണം ഉയര്‍ത്തിക്കാട്ടിയ മൂന്ന് എം.പി.മാരിലൊരാളാണ് കുലസ്ത. മധ്യപ്രദേശില്‍ നിന്നാണ് കുലസ്ത രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
ബി.ജെ.പി.യുടെ രാജ്യസഭാ നേതാവായ അരുണ്‍ ജെയ്റ്റ്‌ലി ഗുജറാത്തില്‍ നിന്ന് വീണ്ടും മത്സരിക്കും. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം ജെയ്റ്റ്‌ലി മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് മത്സരിക്കുമെന്ന അഭ്യൂഹത്തിന് ഇതോടെ വിരാമമായി.
ചണ്ഡീഗഢില്‍ നിന്നുള്ള അഭിഭാഷകനും പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയുമായ ഭുപീന്ദര്‍ യാദവിന് അപ്രതീക്ഷിതമായാണ് സീറ്റ് ലഭിച്ചത്. കാലാവധി കഴിഞ്ഞ രാംദാസ് അഗര്‍വാളിനെ തഴഞ്ഞാണ് യാദവിന് നറുക്കുവീണത്. അര്‍ഹരായ കീര്‍ത്തി സോമായ, ശ്യാം ജാജു എന്നിവരെ അവഗണിച്ചെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പരാതിപ്പെടുന്നത്.
രാജ്യസഭയിലേക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്‍.ഡി.എ.യിലും യു.പി.എ.യിലും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു. ബിഹാറില്‍ നിലവിലുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും വിട്ടുതരില്ലെന്നാണ് ജെ.ഡി.(യു)വിന്റെ നിലപാട്. എന്നാല്‍, ഒരു സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നു. സിറ്റിങ് എം.പി.മാരായ അലി അന്‍വര്‍, മഹേന്ദ്ര സഹാനി, മഹേന്ദ്ര പ്രസാദ് എന്നിവര്‍ക്ക് വീണ്ടും ടിക്കറ്റ് നല്‍കാനാണ് ജെ.ഡി.(യു.) ശ്രമിക്കുന്നത്.
ബംഗാളില്‍ ഒഴിവുള്ള നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരുസീറ്റ് വേണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം മമതാ ബാനര്‍ജി തള്ളി. മുകുള്‍ റോയിക്കും മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് മമത സീറ്റുനല്‍കിയത്.
പ്രമുഖ ബോളിവുഡ് താരം ജയാ ബച്ചന് സമാജ്‌വാദി പാര്‍ട്ടി വീണ്ടും സീറ്റ് നല്‍കി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയാബച്ചന്‍ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. തനിക്ക് 91.65 കോടി രൂപയുടെ സ്വത്തുണ്ടെന്ന് ജയാ ബച്ചന്‍ വെളിപ്പെടുത്തി. ഭര്‍ത്താവ് അമിതാഭ്ബച്ചന് 402.21 കോടിയുടെ ആസ്തിയുണ്ട്.
യു.പി.യിലെ പത്ത് സീറ്റില്‍ ആറെണ്ണവും എസ്.പി.ക്കാണ്. ബി.എസ്.പി.ക്കും ബി.ജെ.പി.ക്കും രണ്ടുവീതം സീറ്റുകളുണ്ടാകും. കേന്ദ്ര ശാസ്ത്രകാര്യ മന്ത്രി വിലാസ്‌റാവു ദേശ്മുഖ്, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി രാജീവ് ശുക്ല, പാര്‍ട്ടി വക്താവ് മനു അഭിഷേക് സിങ്‌വി എന്നിവര്‍ക്ക് കോണ്‍ഗ്രസ് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കിയിട്ടുണ്ട്.