തട്ടിക്കൊണ്ടുപോയ ഇറ്റലിക്കാരെക്കുറിച്ച് വിവരമില്ല
- Last Updated on 19 March 2012
ഭുവനേശ്വര്‍: ഒഡിഷയില്‍ ഗോത്ര വര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള കന്ധമാല്‍-ഗന്‍ജാം അതിര്‍ത്തി പ്രദേശത്തുനിന്ന് മാവോവാദികള്‍ ശനിയാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ രണ്ട് ഇറ്റലിക്കാരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തട്ടിക്കൊണ്ടുപോകല്‍ നടന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് ഇന്ത്യ ഇറ്റലി അധികൃതരെ വിവരം ധരിപ്പിച്ചു.
ഇറ്റലിക്കാരായ ബൊസുസ്‌കോ പാവോലുയു, ക്ലോഡിന്‍ കൊലാഞ്ചലോ എന്നീ വിനോദസഞ്ചാരികളെ തങ്ങള്‍ തട്ടിക്കൊണ്ടുപോയെന്ന് മാവോവാദികള്‍ സി.ഡി. സന്ദേശത്തിലൂടെ ടി.വി.ചാനലിനെ അറിയിക്കുകയായിരുന്നു. ഗോത്രവര്‍ഗ സ്ത്രീകള്‍ കുളിക്കുന്ന ചിത്രം പകര്‍ത്തിയതിനാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും സന്ദേശത്തില്‍ പറയുന്നു.
സി.ഡി.യിലെ ശബ്ദം മുതിര്‍ന്ന മാവോവാദി നേതാവ് സവ്യസായി പാണ്ഡെയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മല്‍കങ്കിരി ജില്ലാ കളക്ടര്‍ വിനില്‍ കൃഷ്ണയെ തട്ടിക്കൊണ്ടുപോയപ്പോള്‍ സര്‍ക്കാറിനും മാവോവാദികള്‍ക്കുമിടയില്‍ മധ്യസ്ഥനായിരുന്ന 'ജന അധികാര്‍ മഞ്ജ്' കണ്‍വീനര്‍ ദണ്ഡപാണി മൊഹന്തിയാണ് പാണ്ഡെയുടെ ശബ്ദം തിരിച്ചറിഞ്ഞത്.
തീവ്രവാദികളെ തുരത്താനുള്ള സംയുക്തസേനയുടെ ശ്രമം നിര്‍ത്തിവെക്കുക, ഗണനാഥ്പത്ര, ശുഭശ്രീ പാണ്ഡ തുടങ്ങിയ മാവോവാദി അനുഭാവികളെ ഉടന്‍ ജയില്‍ വിമുക്തരാക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങള്‍ അംഗീകരിച്ചാലേ ഇറ്റലിക്കാരെ വിട്ടയയ്ക്കൂ എന്ന് മാവോവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കരുതെന്ന് ദണ്ഡപാണി മൊഹന്തി മാവോവാദികളോട് അഭ്യര്‍ഥിച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനോടും ആവശ്യപ്പെട്ടു. ഇറ്റലിയുടെ കോണ്‍സല്‍ ജനറല്‍ ജോയല്‍ നെയ്യിയോരി ഭുവനേശ്വറിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. അദ്ദേഹം സംസ്ഥാന ആഭ്യന്തര സെക്രട്ടറി യു.എന്‍. ബെഹറയെ കണ്ടു.